തത്കാല്‍ ടിക്കറ്റ് ബുക്കിങ്: ചിലത് മാറും, ചിലത് മാറില്ല; ജൂലായ് ഒന്നുമുതല്‍ പ്രധാന മാറ്റങ്ങള്‍

കണ്ണൂര്‍: തീവണ്ടി തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ആധാറും ഒടിപിയുമായി ബന്ധപ്പെട്ട് ജൂലായ് ഒന്നുമുതല്‍ റെയിൽവേ പ്രധാന മാറ്റങ്ങള്‍ വരുത്തുന്നു. ഓണ്‍ലൈനിലും റിസര്‍വേഷന്‍ കൗണ്ടറുകളിലും ഈ മാറ്റം വരും. തുടരുന്ന നിയമങ്ങളും നമുക്ക് അറിയാം
മാറ്റങ്ങള്‍:
- ജൂലായ് ഒന്നു മുതല്‍ ആധാര്‍ ഉപയോഗിച്ച് വെരിഫൈ ചെയ്ത ഉപഭോക്താക്കള്‍ക്ക് മാത്രമെ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കു.
- ജുലായ് 15 മുതല്‍ തത്കാല്‍ ബുക്കിങിന് ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി നിര്‍ബന്ധമാക്കും.
- റെയില്‍വേയുടെ പിആര്‍എസ് കൗണ്ടറുകള്‍ വഴിയും അംഗീകൃത ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 15 മുതല്‍ ഒടിപി വെരിഫിക്കേഷന്‍ നിര്‍ബന്ധം.
- അംഗീകൃത ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമില്ല.
തത്കാലും ഡിജിറ്റലാകും
റെയില്‍വേ കൗണ്ടറുകളില്‍ തത്കാല്‍ ടിക്കറ്റിന് പണം അടയ്ക്കാൻ കമേഴ്‌സ്യല്‍ ഉദ്യോഗസ്ഥരുടെ ആപ്പില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യണം. തത്കാല്‍ ടിക്കറ്റ് സമയം പണം കൈപ്പറ്റുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പാലക്കാട് ഡിവിഷൻ അധികൃതർ വാക്കാൽ നിര്‍ദേശം നൽകി. സ്റ്റേഷന്‍ കൗണ്ടറുകളിൽ ഈ നിർദേശം പാലിക്കാന്‍ തുടങ്ങി. തത്കാല്‍ അടക്കം കൗണ്ടറിലെ റിസര്‍വേഷന്‍ ടിക്കറ്റ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ റെയില്‍വേ മാറുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.
തുടരുന്നവ:
- വണ്ടി പുറപ്പെടുന്നതിന് ഒരുദിവസം മുമ്പ് തത്കാല്‍ ടിക്കറ്റ് നല്‍കും.
- ഒരു പിഎന്‍ആര്‍ നമ്പറില്‍ നാല് താത്കാല്‍ യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
- സമയം മാറില്ല. രാവിലെ 10 മണിക്ക് എ.സി തത്കാല്‍ ബുക്കിങ് തുടങ്ങും. 11 മണിക്ക് സ്ലീപ്പര്‍ തത്കാലും.
- ഒരു കോച്ചിലെ ആകെ ബര്‍ത്തിന്റെ ശരാശരി 10 ശതമാനമാണ് തത്കാല്‍ ടിക്കറ്റിലേക്ക് മാറ്റി വെക്കുക.
- ഉറപ്പായ(കണ്‍ഫേംഡ്) തത്കാല്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കില്ല.
- വെയ്റ്റിങ് ലിസ്റ്റില്‍ റദ്ദാക്കല്‍ നിരക്ക് കഴിച്ച് ലഭിക്കും.
- കൗണ്ടര്‍ ടിക്കറ്റ് റദ്ദാക്കിയാല്‍ തുക വാങ്ങേണ്ടത് സ്റ്റേഷനില്‍ നിന്ന്. ഓണ്‍ലൈൻ ടിക്കറ്റ് ആണെങ്കിൽ തുക അക്കൗണ്ടില്‍ വരും.
Content Highlights: Major changes tatkal ticket booking from July 1