രാജ്യത്തെ ഏറ്റവുംവലിയ ചരിത്രമ്യൂസിയം കർണാടകയിൽ ഒരുങ്ങുന്നു, ഗ്രാമത്തിലുള്ളത് 3000-ലധികം ശേഷിപ്പുകൾ

ബെംഗളൂരു: രാജ്യത്തെ എറ്റവുംവലിയ ചരിത്ര മ്യൂസിയം കർണാടകയിലെ പൈതൃകഗ്രാമമായ ലക്കുണ്ടിയിൽ ഒരുങ്ങുന്നു. നിലവിൽ തെലങ്കാനയിലെ വാറങ്കൽ ഓപ്പൺ മ്യൂസിയമാണ് രാജ്യത്തെ എറ്റവും വലിയ ചരിത്രമ്യൂസിയം. എന്നാൽ, ഇതിനേക്കാളേറെ പുരാതനശിലകളും ചരിത്രശേഷിപ്പുകളും ലിഖിതങ്ങളും പ്രദർശനത്തിനൊരുക്കിയാണ് ലക്കുണ്ടിയിൽ പുതിയ മ്യൂസിയം സജ്ജമാക്കുന്നതെന്ന് ലക്കുണ്ടി ഹെറിറ്റേജ് ഏരിയ ഡിവലപ്മെന്റ് അതോറിറ്റി കമ്മിഷണർ ശരണു ഗോഗേരി പറഞ്ഞു.
കഴിഞ്ഞവർഷം ഒട്ടേറെ പുരാതന ചരിത്രശേഷിപ്പുകളാണ് ലക്കുണ്ടിയിൽ പര്യവേക്ഷണത്തിനിടെ കണ്ടെത്തിയത്. ഈ വർഷം നാലരമാസത്തിനിടെ രണ്ടാംഘട്ട പര്യവേക്ഷണത്തിന് ശേഷം ആയിരക്കണക്കിന് ശിലകളും അവശിഷ്ടങ്ങളും ലിഖിതങ്ങളും വീണ്ടും കണ്ടെടുത്തു. തിങ്കളാഴ്ച രാഷ്ട്രകൂട, ഹൊയ്സാല ശൈലികളിലുള്ള ശില്പങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച ലക്കുണ്ടിയുടെ പ്രാന്തപ്രദേശത്ത് പുരാവസ്തു വകുപ്പ് നടത്തിയ പര്യവേക്ഷണത്തിനിടെ വീണ്ടും ഒട്ടേറെ ചരിത്രശേഷിപ്പുകളാണ് കണ്ടെത്തിയത്.
ലക്കുണ്ടിയിയിൽ ഇപ്പോൾ 3,000-ത്തിലധികം ചരിത്രശേഷിപ്പുകളുണ്ട്. വാറങ്കലിൽ 2,000-ത്തിലധികം മാത്രമാണുള്ളത്. ഈ നേട്ടത്തോടെ, ലക്കുണ്ടിയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ ചരിത്രമ്യൂസിയം ഒരുക്കാനുള്ള കേന്ദ്ര പുരവാസ്തു വകുപ്പിന്റെ അനുമതിലഭിച്ചതായി ശരണു ഗോഗേരി പറഞ്ഞു. ഇതിനോടകം രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള സന്ദർശകർ ഗ്രാമത്തിലെ ക്ഷേത്രങ്ങളും കിണറുകളും കാണാൻ എത്തിയിട്ടുണ്ട്.
ടൂറിസം വകുപ്പ്, പുരാവസ്തു മ്യൂസിയം ആൻഡ് ഹെറിറ്റേജ് വകുപ്പ്, ലക്കുണ്ടി ഹെറിറ്റേജ് ഏരിയ ഡിവലപ്മെന്റ് അതോറിറ്റി എന്നിവ ചേർന്ന് മ്യൂസിയത്തിനായി 50-ലധികം സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമേ പൈതൃക ഗ്രാമമായ ഇവിടെ പുരാതനകാലത്തെ 101 കിണറുകളും 101 ക്ഷേത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ലക്കുണ്ടിയിൽ ചരിത്രമ്യൂസിയം ഒരുക്കാനുള്ള എല്ലാ സഹായവും സർക്കാർതലത്തിൽ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി എച്ച്.കെ. പാട്ടീൽ ഉറപ്പുനൽകിയതായി ശരണു ഗോഗേരി അറിയിച്ചു.
മ്യൂസിയം തയ്യറായാൽ ഇതിനോടനുബന്ധിച്ച് രാജ്യത്തെ ചരിത്ര വിദ്യാർഥികൾക്ക് പഠനത്തിനും ഗവേഷണത്തിനുമായി റിസർച്ച് സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Lakkundi is set to host India's largest open-air history museum, surpassing Warangal., The site features over 3,000 ancient artifacts, including Rashtrakuta and Hoysala sculptures., Archaeological findings include 101 ancient wells and 101 temples., Government plans to establish a research center for history students and scholars.