വിമാനത്താവളം അടച്ചു; ലഡാക്കില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ താമസമൊരുക്കി ഹോട്ടലുകള്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് സുരക്ഷിതത്വം മുന്‍നിര്‍ത്തി ലേ വിമാനത്താവളം അടച്ചതോടെ ലഡാക്കില്‍ കുടുങ്ങിയ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ താമസ സൗകര്യം ഒരുക്കി ഹോട്ടലുകള്‍. ഇതുവരെ താമസിച്ചിരുന്ന അതേ ഹോട്ടലുകളില്‍ ഇനി സൗജന്യമായി താമസിക്കാമെന്ന് ഓള്‍ ലഡാക്ക് ഹോട്ടല്‍ ആന്റ് ഗസ്റ്റ് ഹൗസ് അസോസിയേഷന്‍ വ്യക്തമാക്കി.
അപ്രതീക്ഷിതമായ വെല്ലുവിളികളുണ്ടാകുമ്പോള്‍ അതിഥികള്‍ക്ക് കരുതലും പിന്തുണയും നല്‍കേണ്ടത് ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ ഉത്തരവാദിത്തമാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് റിഗ്‌സിന്‍ വാങ്‌മോ ലച്ചിക് വ്യക്തമാക്കി. ബുധനാഴ്ച ചേര്‍ന്ന അടിയന്തര എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതിന് പിന്നാലെ മുന്നൊരുക്കമെന്ന നിലയില്‍ തുടക്കത്തില്‍ ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടച്ചിരുന്നു. പിന്നാലെ അധംപുര്‍, അംബാല, അവന്തിപുര്‍, ഭട്ടിന്‍ഡ, ഭുജ്, ബികാനിര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്‍ഡോണ്‍, ജയ്സാല്‍മിര്‍, ജോധ്പുര്‍, കണ്ട്ല, കങ്ഗ്ര, കെഷോദ്, കിഷന്‍ഗഡ്, കുളു- മണാലി, ലുധിയാന, മുന്ദ്ര, നലിയ, പത്താന്‍കോട്ട്, പട്ട്യാല, പോര്‍ബന്തര്‍, രാജ്കോട്ട്, സര്‍സാവ, ഷിംല, ശ്രീനഗര്‍, ഥോയിസ്, ഉത്തര്‍ലായ് തുടങ്ങിയ വിമാനത്താവളങ്ങളും വ്യോമതാവളങ്ങളും ഡിസിഎയുടെ നിര്‍ദ്ദേശപ്രകാരം അടച്ചിരുന്നു.
ലഡാക്ക്-ബ്രോക്കണ്‍ മൂണ്‍
അമ്പിളിത്തുണ്ട് അഥവാ ബ്രോക്കണ്‍ മൂണ്‍ എന്നൊരു പേര് കൂടി ലഡാക്കിനുണ്ട്. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന ജനവാസസ്ഥലമാണിത്. വടക്കേയറ്റത്ത് 59,343 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ലഡാക്കുള്ളത്. 2019 ഓഗസ്റ്റ് അഞ്ചുവരെ ഇത് ജമ്മുകശ്മീര്‍ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഒഴിവാക്കി ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായത് 2019 ഒക്ടോബര്‍ 31-നാണ്. കേവലം രണ്ടുലക്ഷത്തിന് താഴെ ജനസംഖ്യയുള്ള ലഡാക്ക് പാകിസ്താന്‍, ചൈന എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
പര്‍വതങ്ങള്‍ നിറഞ്ഞ ഇവിടത്തെ കാലാവസ്ഥ വരണ്ടതാണ്. വടക്കു പടിഞ്ഞാറും തെക്കുകിഴക്കും ഹിമാലയവും തൊട്ട് വടക്ക് കാരക്കോരവും ഒരു അതിര്‍ത്തി പോലെ സ്ഥിതിചെയ്യുന്നു. ഷായോക്ക്, നുബ്ര നദികള്‍ക്കിടയിലുള്ള സാസാര്‍ ആണ് ലഡാക്കിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം. 7023 മീറ്ററാണ് (23,340 അടി) ഇതിന്റെ ഉയരം. പ്രതിവര്‍ഷം 76 മില്ലിമീറ്റര്‍. മാത്രമാണ് ഇവിടെ മഴ ലഭിക്കുന്നത്. ഭൂമിശാസ്ത്രപരമായി തരം തിരിച്ചിരിക്കുന്ന ദ്രാസ്, സുരു, സന്‍സ്‌കാര്‍, ഇന്‍ഡസ്, നുബ്ര എന്നീ അഞ്ച് ഭൂവിഭാഗങ്ങളും ഊഷരപ്രദേശങ്ങളാണ്.
കാലാവസ്ഥയുടെയും മണ്ണിന്റെയും പ്രത്യേകതകള്‍ കാരണം ലഡാക്കില്‍ മരങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. പാചകാവശ്യത്തിനുള്ള വിറകും മറ്റും കശ്മീരില്‍നിന്നാണ് കൊണ്ടുവരുന്നത്. ചെമ്മരിയാടുകളെയും കാളകളെയും ഇവിടത്തെ പര്‍വതസാനുക്കളില്‍ കാണാറുണ്ട്. ഐബെക്‌സ്, മാര്‍ഖോര്‍ എന്നീ ഇനങ്ങളിലുള്ള രണ്ട് ആട്ടിന്‍ വര്‍ഗങ്ങളാണിവിടെയുള്ളത്. ചെമ്മരിയാടുകളില്‍ ബര്‍ഹല്‍ അധവാ നീല ചെമ്മരിയാട്, ഷാപു, അര്‍ഗലി എന്നിവയും ഉള്‍പ്പെടും. ചാങ്-താങ് പീഠഭൂമിയില്‍ ടിബറ്റന്‍ കൃഷ്ണമൃഗങ്ങളെയും കുറിയ ഇനം മാനുകളെയും കാണാറുണ്ട്. ഇന്ന് ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന യാക്കുകളെയും ഉദ്ദേശം 4270 മീറ്റര്‍ (14400 അടി) ഉയരമുള്ള പ്രദേശങ്ങളില്‍ കാണാം.
Content Highlights: ladakh hoteliers bail out stranded tourists with free stays