ജലഗതാഗത വകുപ്പിന്റെ കുട്ടനാട് സഫാരി KSRTC-യുടെ ബജറ്റ് ടൂറിസവുമായി ബന്ധിപ്പിക്കുന്നു

ആലപ്പുഴ: ജലഗതാഗത വകുപ്പിന്റെ 'കുട്ടനാട് സഫാരി' പാക്കേജ് ടൂറിസം സർവീസിനെ കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസവുമായി ബന്ധിപ്പിക്കുന്നു. കെ.ടി.ഡി.സി. പാക്കേജുമായും ബന്ധിപ്പിക്കാൻ ആലോചനയുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്നുള്ളവരെ കായൽസവാരിക്ക് എത്തിക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം.
കുട്ടനാട് സഫാരിക്ക് അവധിദിവസങ്ങളിലാണ് നൂറു യാത്രക്കാരുള്ളത്. മറ്റു ദിവസങ്ങളിൽ 60-നും 70-നും ഇടയിലാണ് ആളുകൾ. ബജറ്റ് ടൂറിസവുമായി ബന്ധിപ്പിച്ച് സീറ്റു നിറയ്ക്കുകയാണ് ലക്ഷ്യം.
മുഹമ്മയിൽനിന്നു പാതിരാമണൽ ദ്വീപിലെ ആംഫി തിയേറ്ററിലെ കലാപരിപാടികൾ കാണുന്നതിനു മാത്രമായി പ്രത്യേക സർവീസും പരിഗണിക്കുന്നുണ്ട്. ഒരുമണിക്കൂർ കായൽയാത്രയും ആംഫി തിയേറ്ററിലെ കലാപരിപാടികളും മാത്രമാകുമിത്. ഇതിനായി ജലഗതാഗത വകുപ്പിന്റെ പുതിയ ചെറിയ സൗരോർജ ബോട്ടാണ് ഉപയോഗിക്കുക. ഇതിൽ 30 പേർക്കു കയറാം.
പുരവഞ്ചി സവാരിക്കും അല്ലാതെയുമെത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ടാണ് സർവീസ് പരിഗണിക്കുന്നത്. ഇതിന്റെ നിരക്കടക്കമുള്ള കാര്യങ്ങൾ അവസാനവട്ട ചർച്ചയിലാണെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlights: Integration of Water Transport Department services with KSRTC budget tourism packages., Targeting tourists from Kottayam, Pathanamthitta, and Idukki districts., New solar-powered boat service planned for Pathiramanal Island cultural programs., Capacity expansion and strategic scheduling to increase passenger occupancy.