കുട്ടനാടൻ സൗന്ദര്യമാസ്വദിച്ച്‌ ഓണാവധി, വേഗ ബോട്ടുകൾക്കു മികച്ച ബുക്കിങ്

ആലപ്പുഴയിലെ ശിക്കാര ബോട്ടുകൾ
ആലപ്പുഴയിലെ ശിക്കാര ബോട്ടുകൾ

ആലപ്പുഴ: ആലപ്പുഴയുടെ കായൽ ടൂറിസം ആഘോഷത്തിനായി ഓണാവധിക്ക് ജില്ല സഞ്ചാരികളാൽ നിറയും. തിരുവോണത്തിനു ദിവസങ്ങൾക്കു മുൻപേ ജലഗതാഗതവകുപ്പിന്റെ വേഗ, സീ കുട്ടനാട് ബോട്ടുകളിൽ നല്ല രീതിയിൽ ബുക്കിങ് നടന്നു. പുരവഞ്ചികളും സഞ്ചാരികളെ സ്വീകരിക്കാൻ തയ്യാറായിക്കഴിഞ്ഞു. കേരളത്തിനുള്ളിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതലായും എത്തുക.

ചതയദിനാഘോഷത്തോടെ സ്കൂളുകളിൽ ഓണാവധി കഴിഞ്ഞുള്ള ക്ലാസുകൾ ആരംഭിക്കുന്നതിനാൽ തിരുവോണമുൾപ്പെടെയുള്ള ദിവസങ്ങളിലാണ് തിരക്കു കൂടുതൽ. ജില്ലയിലെ പ്രധാന ഹോട്ടലുകളിൽ തിരുവോണദിവസത്തെ സദ്യക്കും ബുക്കിങ് വർധിച്ചു. സാധാരണക്കാരുടെ ബജറ്റിന് ഇണങ്ങുന്ന ജലഗതാഗത വകുപ്പിന്റെ കുട്ടനാടൻ കായൽക്കാഴ്ചകൾ സമ്മാനിക്കുന്ന ബോട്ടുകളിലെ ബുക്കിങ് ഒരുമാസം മുൻപുതന്നെ സീറ്റുകൾ നിറഞ്ഞ സ്ഥിതിയിലായിരുന്നു. 

ഒന്നര മണിക്കൂർ കായൽക്കാഴ്ചകൾ കാണാൻ സാധിക്കുന്ന ജലഗതാഗത വകുപ്പിന്റെ സീ കുട്ടനാട് ദിവസവും അഞ്ചുതവണ സർവീസ് നടത്തുന്നുണ്ട്. ഇതിനു സമയത്ത്‌ ബോട്ടിൽക്കയറി ടിക്കറ്റ് എടുത്താൽ മതിയാകും. ഇതുകൂടാതെ ശിക്കാര ബോട്ടുകളിലും മോട്ടോർ ബോട്ടുകളിലും യാത്രചെയ്യാനുള്ള അവസരങ്ങളും ആലപ്പുഴയിൽ വരുന്നവർക്കു ലഭിക്കും. ജലഗതാഗത വകുപ്പിന്റെ ഓരോ ബോട്ടുകൾക്കും നിശ്ചിത റൂട്ടുണ്ടെങ്കിലും പുരവഞ്ചി യാത്രയിൽ നമുക്ക് സ്ഥലം തിരഞ്ഞെടുക്കാനുള്ള അവസരങ്ങളും ലഭിക്കാറുണ്ട്.

Content Highlights: Alappuzha`s backwaters see a surge in Onam tourism