കള്ളുഷാപ്പിലെ നാടൻ ഫുഡടിക്കാം, കയർപിരിയും കളരിയും കാണാം; 'ഇന്ദ്ര'യിൽ കറങ്ങി കുട്ടനാടിനെ അറിയാം

ആലപ്പുഴ: കുട്ടനാടിനെ തൊട്ടറിഞ്ഞുള്ള യാത്രയ്ക്ക് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ 'കുട്ടനാടൻ സഫാരി' പാക്കേജ് ടൂറിസം സർവീസ് ഉടൻ തുടങ്ങും. ആദ്യ സർവീസ് 20-നു തുടങ്ങാൻ ജലഗതാത വകുപ്പ് തത്ത്വത്തിൽ തീരുമാനിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്‌പോൺസർഷിപ്പിൽ മുഹമ്മ ഗ്രാമപ്പഞ്ചായത്തിനെ സഹകരിപ്പിച്ചാണു പദ്ധതി.
യാത്രയുടെ ഭാഗമായി പാതിരാമണൽ ദ്വീപിൽ പരമ്പരാഗത കലാരൂപങ്ങൾ അരങ്ങേറും. അതിനായി പുല്ലും മുളയും ഉപയോഗിച്ചുള്ള ആംഫി തിയേറ്റർ ദ്വീപിൽ തയ്യാറായിട്ടുണ്ട്. രാവിലെ ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നു തുടങ്ങുന്ന സഞ്ചാരം വൈകീട്ട് അഞ്ചോടെ അവസാനിക്കും.
പദ്ധതി ഇങ്ങനെ
ബോട്ടുയാത്രയിൽ കുട്ടനാടിന്റെ പ്രത്യേകത ഉൾക്കൊള്ളിച്ച വീഡിയോ പ്രദർശനമുണ്ടാകും. രാവിലെ നാടൻകടയിൽ നിന്നാകും ഭക്ഷണം. അതിനിടെ, ഓലമെടയലും കയർപിരിയും കാണാനും പരീക്ഷിക്കാനും സൗകര്യമുണ്ടാകും. സി ബ്ലോക്കിൽ ചുണ്ടൻവള്ളം കാണാനും ഉച്ചഭക്ഷണം ആർ ബ്ലോക്കിലെ കള്ളുഷാപ്പിൽനിന്ന് കഴിക്കാനും സൗകര്യമുണ്ടാകും. ഭക്ഷണച്ചെലവ് സ്വയം വഹിക്കണം.
തുടർന്ന് പാതിരാമണലിലേക്ക്. യാത്രയിൽ വേലകളി, കുത്തിയോട്ടം, വില്ലടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും ആലപ്പുഴ പാരമ്പര്യവുമെല്ലാം സഞ്ചാരികൾക്കു പകർന്നുനൽകും. പാതിരാമണൽ ദ്വീപിലെ ആംഫി തിയേറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദർശനം.
ഇപ്റ്റയുടെ കലാകാരന്മാരാകും അവതരിപ്പിക്കുക. മടക്കയാത്രയിൽ കക്ക നീറ്റുന്നതുകാണാം. അതിനിടെ ചെറിയ വള്ളങ്ങളിലെ കടകളിൽനിന്ന് ആവശ്യമായ നാടൻ വസ്തുക്കളും വാങ്ങാം.
യാത്ര 'ഇന്ദ്ര'യിൽ
'ഇന്ദ്ര' ബോട്ടിലാകും സഞ്ചാരം. രാജ്യത്തെ ഏറ്റവും വലിയ സൗരോർജ വൈദ്യുത എ.സി. യാത്രാബോട്ടാണ് ജലഗതാഗതവകുപ്പിന്റെ 'ഇന്ദ്ര'. ഇതിൽ ഒരേസമയം 100 പേർക്ക് യാത്രചെയ്യാം. വിപുലമായ സൗകര്യങ്ങളാണ് പുതിയ സഫാരിയിൽ ഉണ്ടാകുക.
Content Highlights: Discover Kuttanad with Kerala Tourism`s `Indra` boat safari. Experience local food, arts, and scenic beauty. Book your unforgettable journey now!