ഹെലികോപ്റ്ററിൽ പറന്നിറങ്ങി, ബോട്ടിൽ കായലിലൂടെ കറങ്ങാം; കുമരകത്തേക്ക് ഇനി ടൂറിസം ‘പറന്നിറങ്ങും’

#Travel Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോട്ടയം: കുമരകം ടൂറിസം വികസനത്തിന്റെ ഭാഗമായി ഹെലിപ്പാഡ് നിർമിക്കുന്നതിന് അഞ്ചുകോടിരൂപ അനുവദിച്ചതാണ് ബജറ്റിൽ ജില്ലയുടെ ടൂറിസം വികസനത്തിനായി തുറന്നിട്ട ഏറ്റവും വലിയ വാതിൽ. അന്തർദ്ദേശീയ തലത്തിൽ കുമരകത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഈ ഹെലിപ്പാഡ് നിർമാണത്തിലൂടെ കഴിയുമെന്നാണ് സഞ്ചാരമേഖലയിലെ വിദഗ്ധർ പറയുന്നത്.

പ്രധാന വ്യക്തികൾക്ക് കുമരകത്ത് ഇറങ്ങാൻ പറ്റുന്ന വലിയ ഹെലിപ്പാഡ് നിർമിക്കുന്നതോടെ കൂടുതൽ പേർ കുമരകത്ത് എത്തും. രാഷ്ട്രതലവൻമാരടക്കം സന്ദർശനം നടത്തുന്ന കുമരകത്തിന്റെ ഹോട്ടൽ വ്യവസായ മേഖലയ്ക്കും ടൂറിസംരംഗത്തിനും ഏറ്റവും ഗുണകരമാകുന്ന ഒന്നാണിത്. ടൂറിസംമേഖല പ്രതീക്ഷയോടെ കാണുന്ന മെയിൻ ടൂറിസം കേന്ദ്രമായി വളരാനാകും.

കുമരകവും അയ്മനവും ഉൾപ്പെടുന്ന ടൂറിസം മേഖലയിൽ വൻ മുന്നേറ്റത്തിന് ഈ പദ്ധതി വഴിയൊരുക്കും. ഹെലി ടൂറിസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികൾക്കും ഇത് കരുത്താകും. മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സഞ്ചാരികളെ ഹെലികോപ്റ്ററുകളിൽ എത്തിക്കുന്നത് ഉൾപ്പെടെ മേഖലയ്ക്ക് പുത്തൻ ഉണർവാകും.

ജി-20 ഉച്ചകോടിക്കുശേഷം കോൺഫറൻസുകൾ, ട്രേഡ് ഫെയറുകൾ, കോർപ്പറേറ്റ് ഇവന്റുകൾ എന്നിവയ്ക്കുള്ള കേന്ദ്രമായി കുമരകം ഉയർന്നുവന്നെങ്കിലും ഹെലിപ്പാഡ് സൗകര്യം ഇല്ലാതിരുന്നത് ചെറിയ വിഘാതമായിരുന്നെന്ന് മന്ത്രി വി.എൻ. വാസവൻ പറയുന്നു. ആ തടസ്സമാണ് ഹെലിപ്പാഡ് വരുന്നതോടെ മാറുന്നതെന്ന് കുമരകം ഗോകുലം ഗ്രാൻഡ് റിസോർട്ട് ജനറൽ മാനേജർ കെ.വി. മനോജ് കുമാർ പറയുന്നു. 'നിലവിൽ ഹെലിപ്പാഡ് ഇല്ലാത്തത് വിവിഐപികളുടെ വരവിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിനൊരു മാറ്റം വരും. അതോടെ കുമരകം തേടിയെത്തുന്ന ആളുകളുടെ എണ്ണത്തിൽ വർധനയുണ്ടാകും,' -അദ്ദേഹം പറയുന്നു.

ചെറിയപള്ളിയിൽ തീർഥാടന ടൂറിസം

447 വർഷം പഴക്കമുള്ള കോട്ടയം ചെറിയപള്ളി മരിയൻ തീർഥാടനകേന്ദ്രത്തെ തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് രണ്ടുകോടിരൂപ വകയിരുത്തിയതിലെ സന്തോഷമാണ് പള്ളി അധികാരി ഫാ. തോമസ് ജോർജ് പങ്കുവെയ്കുന്നത്.

'പള്ളിയിലെ ചരിത്രപ്രാധാന്യമുള്ള തടിയുടെ കൊത്തുപണികളുള്ള പള്ളിമേടയുടെ തനിമ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കും. െമത്രാപ്പൊലീത്താമാരെ അടക്കിയ കബറിടം മ്യൂസിയമാക്കും,'-അദ്ദേഹം പറയുന്നു. പള്ളിയിലെ ഒരു ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ എത്തിയപ്പോൾ സഭയുടെ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്റെ ആവശ്യത്തോട് മന്ത്രി നൽകിയ പിന്തുണയ്ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു.

Content Highlights: KUMARAKAM set for tourism surge with new HELIPORT & boating. Attracts VVIPs & boosts hospitality. Explore Kerala`s charm!