കരിപ്പൂരിന് പ്രതീക്ഷയുടെ ചിറകടി; കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് പുതിയ പ്രതീക്ഷയുമായി വിമാന കമ്പനികൾ സർവീസുകൾ വർദ്ധിപ്പിക്കുന്നു. നിർത്തലാക്കിയിരുന്ന അഞ്ച് സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കും. സൗദിയിലേക്ക് പുതിയ സർവീസുമായി ആകാശ എയർ കൂടി എത്തും.
കുവൈത്ത്, മസ്കറ്റ്, റാസൽഖൈമ, റിയാദ്, സലാല സർവീസുകളാണ് എയർ ഇന്ത്യ പുനരാരംഭിക്കുന്നത്. കുവൈത്ത് സർവീസ് മാർച്ച് ഒന്നിനും ശേഷിക്കുന്നവ മാർച്ച് മൂന്നിനുമാണ് ആരംഭിക്കുക.
പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസകരമാകുന്ന ജിദ്ദ സർവീസാണ് ആകാശ എയർ ആരംഭിക്കുന്നത്. മാർച്ച് 13-ന് സർവീസ് തുടങ്ങും. ഇതോടെ മലബാറിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും മിതമായ നിരക്കിൽ യാത്ര ചെയ്യാനാകും.
സൗദിസമയം രാവിലെ 9.10-ന് ജിദ്ദയിൽനിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻസമയം വൈകീട്ട് 5.30ന് കരിപ്പൂരിലിറങ്ങും. കരിപ്പൂരിൽനിന്ന് വൈകീട്ട് 6.55-ന് തിരിച്ച്പറക്കുന്ന വിമാനം രാത്രി 10.50-ന് ജിദ്ദയിലെത്തും.
186 ഇക്കോണമി സീറ്റുകൾ വീതമുള്ള ബോയിങ് 737 മാക്സ് എട്ട് വിമാനമാണ് ഉപയോഗിക്കുക. ആഴ്ചയിൽ എല്ലാ ദിവസവും സർവീസുണ്ടാകും. കൂടുതൽ അന്താരാഷ്ട്ര സർവീസുകളും ഉടൻ ആരംഭിക്കുമെന്ന് ആകാശഎയർ അധികൃതർ പറഞ്ഞു.
2025 ജൂൺ മുതൽ നെടുമ്പാശ്ശേരിയിൽനിന്ന് ജിദ്ദയിലേക്ക് ആകാശ എയർ നേരിട്ട് സർവീസുകൾ ആരംഭിച്ചിരുന്നു. ഈ വർഷത്തെ ഹജജ് യാത്ര കരിപ്പൂരിൽനിന്ന് ഒപ്പറേറ്റ് ചെയ്യുന്നത് ആകാശ എയറാണ്. മേയ് 15 മുതൽ 18 വരെ ഏഴ് വിമാനങ്ങളാണ് ജിദ്ദയിലേക്ക് ഹജജ് സർവീസ് നടത്തുക. മടക്കയാത്ര ജൂൺ 23 മുതൽ 26 വരെ മദീനയിൽനിന്നാണ്.
Content Highlights: Kozhikode Airport welcomes new hope with increased flight services. Air India Express resumes 5 routes, Akasa Air launches Jeddah service. More international flights soon!