ബസ് കേറി കൊച്ചിയിലേക്ക്, പിന്നെ അറബിക്കടലിൽ ലക്ഷ്വറി കപ്പൽയാത്ര; വൈബും ഹിറ്റുമാണ് KSRTC ടൂറുകൾ

#Travel Desk
പ്രതീകാത്മക ചിത്രം | AI Generated Photo
പ്രതീകാത്മക ചിത്രം | AI Generated Photo

കെ.എസ്.ആർ.ടി.സി. ബസിൽ ടിക്കറ്റെടുത്ത് നേരേ കൊച്ചിയിലേക്ക്. പിന്നെ, അറബിക്കടലിൽ ആഡംബരക്കപ്പലിൽ ആഹ്‌ളാദ സഞ്ചാരം. യാത്രകൾ 'ഹിറ്റാ'യപ്പോൾ നടത്തിപ്പുകാരുടെ വരുമാനവും കൂടി. ഒപ്പം കെ.എസ്.ആർ.ടി.സി.ക്കും കിട്ടി മികച്ച വരുമാനവും അംഗീകാരവും.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ, കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെല്ലുമായി സഹകരിച്ചാണ് കപ്പൽ യാത്രയൊരുക്കിയത്. നെഫർറ്റിറ്റി, സാഗർ റാണി എന്നീ ചെറു ആഡംബര കപ്പലുകളിലാണ് കായൽ-കടൽ യാത്രകൾ നടത്തുന്നത്. ഇതിൽ ഏറ്റവുമധികം ട്രിപ്പുകൾ നടത്തിയവരിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ രണ്ടാം സ്ഥാനത്താണ്. 2025-26 കാലയളവിൽ 1.12 കോടി രൂപയായിരുന്നു വരുമാനം. 2024 മുതൽ 2026 വരെ 2.82 കോടിയും.

2026-ൽ കൊല്ലമാണ് ഏറ്റവുമധികം നെഫർറ്റിറ്റി ട്രിപ്പു നടത്തിയത്- 19 ട്രിപ്പുകൾ. 17 ട്രിപ്പോടെ പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 16 യാത്ര നടത്തിയ ആലപ്പുഴയാണ് മൂന്നാമത്. തിരുവനന്തപുരം നോർത്തും കോട്ടയവും നാലാം സ്ഥാനം പങ്കിട്ടു. 5,347 പേരാണ് ഇക്കാലയളവിൽ നെഫർറ്റിറ്റിയിലും സാഗർറാണിയിലും യാത്രചെയ്തത്.

തിരഞ്ഞെടുക്കപ്പെട്ട ഡിപ്പോകൾ വഴിയാണ് കപ്പൽയാത്ര. യാത്രക്കാരെ ബസിൽ കൊച്ചിയിലെത്തിച്ച് അവിടെനിന്നാണ് കപ്പൽയാത്ര. യാത്രയിൽ വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. വിവിധ ഗെയിമുകൾ, സംഗീതപരിപാടി, അപ്പർ ഡെക്ക് ഡി.ജെ. പാർട്ടി, കുട്ടികൾക്കായുള്ള പ്രത്യേക കളിസ്ഥലം, തിയേറ്റർ എന്നിങ്ങനെ നീളുന്നു പട്ടിക. രുചികരമായ ഭക്ഷണവും നൽകും.

2021-ലാണ് കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം പദ്ധതി വിപുലമാക്കുന്നത്. 2022-ൽ ക്രൂസ് ഷിപ്പ് ടൂറിസത്തിലേക്കു കടന്നു. ആ വർഷത്തെ ആഡംബരക്കപ്പലിലെ പുതുവത്സരാഘോഷം ഏറെ ജനപ്രീതി നേടി. തുടർന്നാണ് പദ്ധതി വിപുലീകരിച്ചത്. രണ്ടാംസ്ഥാനം നേടിയ ടൂർ ഓപ്പറേറ്റർ എന്ന നിലയിൽ കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം ഭാരവാഹികളെ കഴിഞ്ഞദിവസം കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ആദരിച്ചിരുന്നു.

Content Highlights: KSRTC Budget Tourism achieved 2.82 crore revenue from cruise tours between 2024-2026., Kollam district led with 19 Nefertiti cruise trips in 2026., Collaborative venture between KSINC and KSRTC for luxury travel., Comprehensive entertainment including DJ, music, and dining provided on board., 5,347 passengers traveled via KSRTC-organized cruise packages.