60 സ്ത്രീകൾ, ലക്ഷ്യം യാത്രകൾ: തരംഗമായി 'കക്കാട്ടെ പെണ്ണുങ്ങ'

#ഇവി. ജയകൃഷ്ണൻ
കക്കാട്ടെ പണ്ണ്ങ് കൂട്ടായ്മയിലെ അംഗങ്ങൾ
കക്കാട്ടെ പണ്ണ്ങ് കൂട്ടായ്മയിലെ അംഗങ്ങൾ

കാഞ്ഞങ്ങാട്: മക്കളും കൊച്ചുമക്കളുമൊക്കെയുണ്ട്. പക്ഷേ, ഉല്ലാസയാത്രയൊക്കെ പോകാൻ അതിനുള്ള ഭാഗ്യം വേണം. അത്‌ സാധ്യമായത് ഈ കൂട്ടായ്മയുണ്ടായ ശേഷമാണെന്ന് 64 വയസ്സുള്ള കെ.വി.പ്രസന്ന. ഭർത്താവും മകനുമുണ്ട്. അവർക്കുകൂടി താത്പര്യം വേണ്ടേ യാത്രയൊക്കെ ചെയ്യാൻ. ഈ കൂട്ടായ്മയുണ്ടായ ശേഷം എനിക്കുണ്ടാകുന്നത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണെന്ന് 62-കാരി ശകുന്തള. വീട്ടുകാരുണ്ടെങ്കിലും യാത്രചെയ്യാനുള്ള താത്പര്യം മൂടിവെക്കപ്പെട്ടവർ, ഭർത്താവും മക്കളുമെല്ലാം അന്യനാട്ടിലായതിനാൽ വീട്ടിൽ ഏകാന്തത അനുഭവിക്കുന്നവർ ഇവർക്കെല്ലാം സന്തോഷം പകർന്ന് മടിക്കൈ പഞ്ചായത്തിലെ 'കക്കാട്ടെ പെണ്ണ്ങ്ങ' യാത്ര തുടരുകയാണ്. ഈ ഗ്രാമത്തിലെ 60 പേരുള്ള സ്ത്രീ കൂട്ടായ്മയാണ് 'കക്കാട്ടെ പെണ്ണ്ങ്ങ'. ഒരുമിച്ച് യാത്രചെയ്യാൻ ഇവർ കണ്ടെത്തിയത് കെ.എസ്.ആർ.ടി.സി.യുടെ ബജറ്റ് ടൂറിസം പാക്കേജ്.

എട്ടുമാസമേയായുള്ളൂ കൂട്ടായ്മയുണ്ടാക്കിയിട്ട്. കോഴിക്കോട്ടും ഗുരുവായൂരും വയനാടും കൊട്ടിയൂരുമെല്ലാം കണ്ട് മടങ്ങി. ഇനി ഗോവയിലും ഗവിയിലും പോകാനുണ്ട്. അതിനുമുൻപേ നാലമ്പലദർശന യാത്രയും പ്ലാൻ ചെയ്തുകഴിഞ്ഞു.

പതിവുപോലെ ഒത്തുകൂടുന്ന കക്കാട്ടെ തൂലിക വായനശാലയിൽ അന്ന് സംസാരിച്ചത് ഒന്നുരണ്ട് പേർ യാത്ര പോയതിനെ കുറിച്ചായിരുന്നു. 'നിങ്ങൾക്കെന്താപ്പാ യാത്ര പോകുന്നതിന്. ഞങ്ങൾക്കെല്ലേ ആരുമില്ലാത്തത്' കൂട്ടത്തിലുള്ള ചില അമ്മമാർ ഇതു പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു കൂട്ടായ്മയുണ്ടാക്കിയാലോ എന്ന ആലോചനയുണ്ടായത്.

പ്രസീതയും സുശീലയും രതികയും അജിതയും ലേഖയും റീജയുമെല്ലാം മുൻകൈയെടുത്ത് കൂട്ടായ്മയുണ്ടാക്കി. 28 വയസ്സ് മുതൽ 74 വയസ്സുവരെയുള്ള സ്ത്രീകളുടെ കൂട്ടായ്മ രൂപപ്പെടാൻ ഒരു പകൽ മുഴുവനങ്ങ് വേണ്ടിവന്നില്ല. എങ്ങനെ യാത്ര പ്ലാൻ ചെയ്യുമെന്ന ആലോചന ചെന്നെത്തിയത് കാഞ്ഞങ്ങാട്ടെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലാണ്. ഇവിടത്തെ ബജറ്റ് ടൂറിസം സെല്ലിന്റെ കോഡിനേറ്റർ കെ.പ്രദീപ്കുമാർ ഇവർക്കുള്ള സൗകര്യങ്ങളൊരുക്കി.

അമ്മമാരുടെ സന്തോഷം കാണുമ്പോൾ യാത്ര മാത്രമല്ല, യാത്രയ്ക്കപ്പുറമുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്ന് 'കക്കാട്ടെ പെണ്ണ്ങ്ങ'യുടെ കോഡിനേറ്റർ പ്രസീതാ മനോജ് പറഞ്ഞു.

Content Highlights: An inspiring 60-member all-women travel group named 'Kakkaatte Pennunggal' from Madikai, Kasaragod, ranging from ages 28 to 74, is successfully overcoming loneliness and domestic confinement by exploring scenic destinations across India through KSRTC's budget tourism packages.