കെആർഎസ് അണക്കെട്ടിൽ ഒരുങ്ങുന്നു, വൻ അമ്യൂസ്‌മെന്റ് പാർക്ക്; പദ്ധതി 198 ഏക്കറിൽ

കെആർഎസ് ഡാം | ഫോട്ടോ: PTI
കെആർഎസ് ഡാം | ഫോട്ടോ: PTI

മൈസൂരു: മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണ താലൂക്കിലെ കൃഷ്ണരാജസാഗർ (കെആർഎസ്) അണക്കെട്ടിൽ ഒരുങ്ങുന്നത് വൻ അമ്യൂസ്‌മെന്റ് പാർക്ക്. വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാണ് കെആർഎസ് അണക്കെട്ട്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനാണ് പാർക്ക് നിർമിക്കുന്നത്.

പാർക്ക് നടപ്പാക്കുന്നതിന് യോഗ്യതയുള്ള ഏജൻസിയെ കണ്ടെത്തുന്നതിനുള്ള ടെൻഡർ നടപടികൾ ശനിയാഴ്ച വൈകീട്ടോടെ സമാപിച്ചു. 198 ഏക്കറിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ ആസൂത്രണംചെയ്ത പദ്ധതി. വാട്ടർപാർക്കുകൾ, റോളർ കോസ്റ്ററുകൾ, കാവേരിദേവിയുടെ പ്രതിമ, പെൻഗ്വിൻ പാർക്ക് എന്നിവ ഇതിൽ ഉൾപ്പെടും. സംരംഭത്തിനായി സംസ്ഥാനസർക്കാർ 2663 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.

കാവേരി നീരാവരി നിഗം ലിമിറ്റഡ് (സിഎൻഎൻഎൽ) ആഗോള ഇ-പ്രൊക്യുർമെന്റ് പോർട്ടലിലാണ് ടെൻഡറുകൾ ക്ഷണിച്ചത്. നടപ്പാക്കലിന്റെ സൂക്ഷ്മമായ വശങ്ങൾ സർക്കാർതലത്തിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതിക്കെതിരേ പ്രദേശത്തെ കർഷകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമ്യൂസ്‌മെന്റ് പാർക്ക് യാഥാർഥ്യമായാൽ അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ആശങ്ക. തുടർന്ന്, ഇതുസംബന്ധിച്ച് വിശദറിപ്പോർട്ട് സമർപ്പിക്കാൻ കോടതി സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: A ₹2663 crore amusement park with water parks, roller coasters