വരുമാനം 1500വരെ താഴ്ന്നു, ചാർജിങ്ങിലും പ്രതിസന്ധി; ചോർന്നൊലിച്ച് രണ്ട് കോടിയുടെ ഡബ്ബിൾ ഡെക്കർ

കോഴിക്കോട്: രണ്ടുകോടി മുടക്കി ടൂറിസത്തിന് കൊണ്ടുവന്ന ഇലക്ട്രിക് ഡബിൾ ഡെക്കർ ബസിനകത്ത് മഴവെള്ളച്ചോർച്ച. സീലിങ്ങിൽനിന്ന് വെള്ളംചോർന്ന് ലൈറ്റിലൂടെ യാത്രക്കാരുടെ തലയിലേക്ക് വീഴുന്നതോടെ പരാതികളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ മാർച്ച് 27-ന് ഓട്ടം തുടങ്ങിയ ബസ് അഞ്ചുമാസം പിന്നിടുമ്പോൾ ചോർച്ചയും നഷ്ടവും ഷോർട് സർക്കിറ്റുമായി വലയുകയാണ്.
ബസ് കൈമാറുമ്പോൾതന്നെ മഴക്കാലത്ത് ചോർച്ചയുണ്ടാകുമെന്ന് കമ്പനി പറഞ്ഞിരുന്നതായി അധികൃതർ പറഞ്ഞു. ''ലീക്ക് പ്രൂഫ് ചെയ്ത് പരിഹരിക്കാം'' എന്നായിരുന്നു ഉറപ്പ്. ചെന്നൈയിൽനിന്നോ അഹമ്മദാബാദിൽനിന്നോ ടീം വന്ന് ലീക്ക് മാറ്റുമെന്നും കമ്പനി ഉറപ്പുനൽകി. പക്ഷേ, ഇതുവരെ പരിഹാരമായില്ല. തുറന്ന അപ്പർ ഡെക്കറിൽ 200 രൂപയ്ക്കും താഴെ 100 രൂപയ്ക്കും ടിക്കറ്റെടുക്കുന്നവർ മഴയത്ത് നനഞ്ഞാണ് ഇറങ്ങുന്നത്. ജൂൺ 22 വരെ 6,100 പേരാണ് യാത്രചെയ്തത്.
വരുമാനം കുത്തനെ ഇടിഞ്ഞു
തുടക്കത്തിൽ പ്രതിദിനം 15,000 മുതൽ 35,000 രൂപ വരെ വരുമാനം കിട്ടിയിടത്ത് ഇപ്പോൾ നഷ്ടത്തിലാണ് ഓട്ടം. വാരാന്ത്യങ്ങളിൽപ്പോലും 3,000 മുതൽ 7,000 രൂപ വരെയേ കിട്ടുന്നുള്ളൂ. 1,500 രൂപമാത്രം കിട്ടിയ ദിവസങ്ങളുമുണ്ട്. ഇതുവരെ ആകെ 12 ലക്ഷത്തിലധികം വരുമാനം ഉണ്ടായെങ്കിലും ചാർജർ പോയിന്റ് കേടായതോടെ ചെലവും കൂടുന്നുണ്ട്.
ചാർജിങ് പൊല്ലാപ്പ് വേറെ
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ചാർജിങ് പോയിന്റ് ഷോർട് സർക്കിറ്റായി കത്തിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. ചാർജറിനകത്തെ വിലപിടിപ്പുള്ള സാധനങ്ങൾ രണ്ടുതവണ കത്തിപ്പോയി. ഇലക്ട്രിക് ലീക്കേജാണ് കാരണമെന്ന് കണ്ടെത്തി കെ.എസ്.ഇ.ബി. കമ്പനിക്ക് നോട്ടീസ് നൽകി. ഇപ്പോൾ ചാർജ്‌ചെയ്യാൻ സ്വകാര്യ സ്റ്റേഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ചാർജിങ് പോയിന്റിൽ 250 മുതൽ 10,000 രൂപവരെ ചെലവായിടത്ത് ഇപ്പോൾ സ്വകാര്യ ചാർജിങ് പോയിന്റുകൾ ഉപയോഗിക്കുന്നതിലൂടെ വലിയ തുകയാണ് ചിലവാകുന്നത്. വൈ.എം.സി.എ, ഫാത്തിമ ആശുപത്രി, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലാണ് ബസ് ചാർജിങ്ങിന് കയറ്റുന്നത്. പക്ഷേ, സ്‌കൂട്ടറും കാറും ചാർജ് ചെയ്യാൻ വരുമ്പോൾ മണിക്കൂറുകളോളം കാത്തുനിൽക്കണം. ചില പമ്പുകളിലേക്കുള്ള ഇടറോഡുകളിൽ വലിയ ബസ് കയറില്ല.
സബ്സിഡിയില്ല, ഓട്ടം അഞ്ച് ട്രിപ്പ്
സാധാരണ ഇലക്ട്രിക് കെ.എസ്.ആർ.ടി.സി. ബസുകൾക്ക് സബ്സിഡിയുണ്ടെങ്കിലും ഡബിൾ ഡെക്കറിന് അതില്ല. മുകളിൽ 36 പേർക്കും താഴെ 28 പേർക്കുമാണ് സീറ്റ്. വൈകീട്ട് മൂന്നുമുതൽ രാത്രി ഒൻപതുവരെ 3.00, 4.30, 6.00, 7.30, 9.00 സമയങ്ങളിൽ അഞ്ച് ട്രിപ്പാണ് ഓടുന്നത്. ടൗണിൽ 110 കിലോമീറ്റർ സഞ്ചരിക്കും.
ബീച്ച്, ഭട്ട് റോഡ്, ഗാന്ധിറോഡ് മേൽപ്പാലം, ക്രിസ്ത്യൻ കോളേജ് ക്രോസ് റോഡ് വഴി ടെർമിനലിൽ തിരിച്ചെത്തും. സംസ്ഥാനത്ത് കോഴിക്കോട് ഒരു ബസ്സേയുള്ളൂ. തൃശ്ശൂർ ഒന്ന്, മൂന്നാർ രണ്ട്, തിരുവനന്തപുരം രണ്ട് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ.
കോഴിക്കോട് ജില്ലയിൽ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലല്ലാതെ വേറെ ചാർജിങ് പോയിന്റില്ല. അടുത്തുള്ളത് തൃശ്ശൂരിൽ. രണ്ടുകോടിയുടെ ബസ് ചോർച്ചയും ചാർജിങ് കുരുക്കും കാരണം വെള്ളത്തിൽവീണ അവസ്ഥയിലാണ്. മഴ മാറിയാലെങ്കിലും ചോർച്ചയടച്ച് ടൂറിസം ബസ് ലാഭത്തിലോടിക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ.
Content Highlights: The 2-crore electric double-decker bus in Kozhikode is suffering from severe roof leaks during monsoon., Daily revenue has plummeted from 35,000 to as low as 1,500 due to technical failures., A short-circuit at the KSRTC charging point has forced reliance on private stations, increasing operational costs., The bus operates five daily trips covering 110km, but lacks the subsidies provided to standard KSRTC electric buses.