പ്രൊഫസറാണെന്ന് പരിചയപ്പെടുത്തി, ചെറിയ ദൂരത്തിന് 3800 രൂപ ചോദിച്ചു; ഡല്‍ഹിയില്‍ നേരിട്ട തട്ടിപ്പിനെ കുറിച്ച് കൊറിയന്‍ ടൂറിസ്റ്റ്

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്ന് നേരിട്ട ദുരനുഭവത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ച് കൊറിയയില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ വാള്‍ട്ടര്‍. 'പ്രൊഫസര്‍' എന്ന് സ്വയം പരിചയപ്പെടുത്തിയ വൃദ്ധനായ ഒരാളില്‍ നിന്ന് നേരിടേണ്ടി വന്ന തട്ടിപ്പിനെ കുറിച്ചാണ് യുവാവ് പോസ്റ്റില്‍ പറയുന്നത്. തന്റെ യാത്രയുടെ അവസാനമാണ് ഈ സംഭവം നടന്നതെന്നും തന്നോട് ഏകദേശം 8000 രൂപയോളം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും വാള്‍ട്ടര്‍ പറയുന്നു.
ആദ്യം ഒരു റിക്ഷക്കാരനാണ് യുവാവിനെ വഞ്ചിക്കാന്‍ ശ്രമിച്ചത്. ഒരു ചെറിയ യാത്രക്ക് റിക്ഷാക്കാരന്‍ 3,800 രൂപ എന്ന ഭീമമായ തുക ആവശ്യപ്പെട്ടു. ശേഷം കൊണാട്ട് പ്ലേസില്‍ കാഴ്ച്ചകള്‍ കണ്ട് നടക്കുമ്പോഴാണ് ഈ വൃദ്ധന്‍ യുവാവിനെ സമീപിക്കുന്നത്. ഓള്‍ഡ് ഡല്‍ഹി കാണിച്ചുതരാമെന്നും പകരം താന്‍ കൊറിയയില്‍ വരുമ്പോള്‍ അവിടെ കാണിച്ചുതന്നാല്‍ മതിയെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ സൗഹാര്‍ദത്തോടെയുള്ള സമീപനം കണ്ട് യുവാവിന് സംശയമൊന്നും തോന്നിയില്ല. അവര്‍ ഒരുമിച്ചുണ്ടായിരുന്ന സമയമത്രയും ഗുരുദ്വാര, പ്രാദേശിക കടകള്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ പ്രവേശന ഫീസും അമിതമായ റിക്ഷാക്കൂലിയും ഉള്‍പ്പെടെ എല്ലാറ്റിനും പണം നല്‍കാന്‍ അയാള്‍ വാള്‍ട്ടറിനെ നിര്‍ബന്ധിച്ചു. ചെലവുകള്‍ പങ്കിടുന്നതിനെക്കുറിച്ച് സംസാരിച്ചപ്പോള്‍, പണം ചെലവഴിച്ചാല്‍ ഭാര്യ തന്നെ 'കൊല്ലും' എന്ന് പറഞ്ഞ് അയാള്‍ പിന്മാറി.
ഇതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ വാള്‍ട്ടര്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ത്യക്കാരായ ചില സുഹൃത്തുക്കളെ ബന്ധപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയും തട്ടിപ്പുകാരനെ ചോദ്യം ചെയ്യുകയും ചെയ്തു. വാള്‍ട്ടറിന് മറ്റൊരു റിക്ഷ വിളിച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ പ്രായമായ ആ തട്ടിപ്പുകാരന്‍ അവിടെനിന്ന് ഓടി രക്ഷപ്പെട്ടുവെന്നും വാള്‍ട്ടര്‍ പറയുന്നു.
തന്റെ ജീവിതത്തിലെ ഭയപ്പെടുത്തുന്നതും ദു:ഖകരവുമായ സമയമാണ് ഇതെന്ന് വാള്‍ട്ടര്‍ പറയുന്നു. ഭാഗ്യത്തിന് പരിക്കൊന്നും പറ്റിയില്ല. പണം തിരിച്ചുലഭിക്കുകയും ചെയ്തു. ഈ മോശം അനുഭവമുണ്ടായിട്ടും, താന്‍ ഇന്ത്യയില്‍ കണ്ടുമുട്ടിയ നല്ല മനുഷ്യര്‍ ചീത്ത ആളുകളേക്കാള്‍ വളരെ കൂടുതലാണെന്നും ഇത്തരം തട്ടിപ്പുകള്‍ എവിടെയും സംഭവിക്കാമെന്നും അദ്ദേഹം കുറിച്ചു. 'ഞാന്‍ ഇന്ത്യയില്‍ കണ്ടുമുട്ടിയ നല്ല ആളുകള്‍ ചീത്ത ആളുകളേക്കാള്‍ വളരെ കൂടുതലായിരുന്നു. അതുകൊണ്ട് ഈ മോശം ഓര്‍മ്മയുണ്ടെങ്കിലും ഞാന്‍ ഇന്ത്യയെ ഒരു നല്ല രാജ്യമായി ഓര്‍ക്കും. ഏറ്റവും പ്രധാനമായി, എനിക്ക് പരിക്കേല്‍ക്കാത്തതിലും, പണം തിരികെ ലഭിച്ചതിലും, സുരക്ഷിതമായി മടങ്ങാന്‍ കഴിഞ്ഞതിലും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വീഡിയോയ്ക്ക് താഴെ ഒട്ടേറെ ഇന്ത്യക്കാരാനണ് കമന്റ് ചെയ്തത്. ചിലര്‍ വാള്‍ട്ടറിനോട് സഹതാപം പ്രകടിപ്പിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഇന്ത്യയ്ക്ക് ചീത്തപ്പേരുണ്ടാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മറ്റു ചിലര്‍ ആവശ്യപ്പെട്ടു. നിരവധി ഉപയോക്താക്കള്‍ ഡല്‍ഹി പോലീസിനെ ടാഗ് ചെയ്യുകയും തട്ടിപ്പുകാരനെ കണ്ടെത്തി നടപടിയെടുക്കാന്‍ അധികാരികളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
Content Highlights: korean tourist scammed in delhi by elderly man claiming to be a professor