ഇവിടെയാണ്, ആനന്ദ് മഹീന്ദ്രയെ മോഹിപ്പിച്ച ആ ഗ്രാമം; കൊടുന്തിരപ്പുള്ളിക്കാര്‍ക്ക് ഇപ്പോഴുള്ളത് ആനന്ദവും ആശങ്കയും

കൊടുന്തിരപ്പുള്ളി ഗ്രാമം
കൊടുന്തിരപ്പുള്ളി ഗ്രാമം

പാലക്കാട്: ''ഇതൊരു വിനോദസഞ്ചാര കേന്ദ്രമല്ല, അങ്ങനെയാവാന്‍ ആഗ്രഹിക്കുന്ന സ്ഥലവുമല്ല. പക്ഷേ, ഒരു യാത്രികനെന്ന നിലയ്ക്ക് എനിക്ക് ഈ ഗ്രാമത്തില്‍ എത്താനായിരുന്നെങ്കില്‍, അതിന്റെ താളത്തിലും ലാളിത്യത്തിലും സൗന്ദര്യത്തിലും നിശ്ശബ്ദപങ്കാളിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍...''

ദക്ഷിണേന്ത്യയിലെ പേരുപോലുമറിയാത്ത ഒരു അഗ്രഹാരത്തിന്റെ ദൃശ്യങ്ങള്‍കണ്ട് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര തന്റെ 'എക്‌സ്' ഹാന്‍ഡിലില്‍ കുറിച്ചിട്ടത് പാലക്കാടിന്റെ സ്വന്തം കൊടുന്തിരപ്പുള്ളിയെക്കുറിച്ചാണ്. നവരാത്രിക്കാലത്തെ ഒരു പ്രഭാതദൃശ്യമാണ് സാമൂഹികമാധ്യമത്തിലൂടെ ആനന്ദ് മഹീന്ദ്ര കണ്ടത്. പുത്തന്‍കാലത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ആവേഗങ്ങളില്‍നിന്ന് കുറ്റമറ്റ രക്ഷപ്പെടലായിരിക്കും അതെന്നും അദ്ദേഹം കുറിച്ചു.

ആദികേശവപുരം എന്നറിയപ്പെടുന്ന ചെറിയഗ്രാമവും, ചേര്‍ന്നുള്ള വലിയഗ്രാമവും കൂടിയുള്ളതാണ് ഗ്രാമസമുച്ചയം. ഇരട്ടവരിയില്‍ ഇരുനൂറ്റൊന്‍പതോളം വീടുകള്‍.

വീടുകളുടെ മുന്‍ഭാഗങ്ങളുടെ പഴമ നിലനിര്‍ത്തിയാണ് ഉള്ളില്‍ ആധുനികസൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഗ്രാമത്തിനുനടുവിലെ പൊതുകിണര്‍ ഇന്നും വൃത്തിയോടെ പരിപാലിച്ച് ഉപയോഗിക്കുന്നു. അയ്യപ്പനും പെരുമാളുമാണ് അഗ്രഹാര ദേവതകള്‍. നവരാത്രി ആഘോഷത്തിന്റെയും വാദ്യവിശേഷങ്ങളുടെയും പേരിലും കൊടുന്തിരപ്പുള്ളി പ്രശസ്തമാണ്. പഞ്ചവാദ്യത്തിനും പാണ്ടിക്കും പഞ്ചാരിക്കുമൊപ്പം താളമിടുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സമൂഹം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരം നേടിയിട്ടുണ്ട്.

പല സിനിമകള്‍ക്കും കൊടുന്തിരപ്പുള്ളി പശ്ചാത്തലമായിട്ടുണ്ട്. പെരുമഴക്കാലം, വര്‍ണക്കാഴ്ചകള്‍, പുതിയമുഖം, പട്ടാളം, ഭീഷ്മര്‍, തമിഴ് ചിത്രങ്ങളായ സന്ധിത്ത വേളൈ, ചിലമ്പാട്ടം തുടങ്ങി മുപ്പതോളം ചിത്രങ്ങള്‍. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 'സുമതി വളവി'ല്‍ വരെ കൊടുന്തിരപ്പുള്ളി ദേശമുണ്ട്. ഇപ്പോള്‍ ഉത്സവക്കാലമല്ലാത്തപ്പോഴും ഗ്രാമത്തില്‍ സന്ദര്‍ശകരുണ്ട്, ആല്‍ബവും റീല്‍സും പകര്‍ത്താനുള്ള തിരക്കും.

ഗ്രാമത്തിന്റെ ശാന്തവും സ്വച്ഛവുമായ ജീവിതത്തിനുള്ള അംഗീകാരമാണ് ആനന്ദ് മഹീന്ദ്രയെപ്പോലുള്ളവരുടെ വാക്കുകളെന്ന് പ്രദേശവാസിയും റിട്ട. കെഎസ്ആര്‍ടിസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ കെ.ജി. രാമമൂര്‍ത്തി പറയുന്നു. ആനന്ദ് മഹീന്ദ്രയുടെ പരാമര്‍ശത്തില്‍ അഭിമാനവും സന്തോഷവും ഉള്ളതിനൊപ്പം സന്ദര്‍ശകത്തിരക്ക് ഏറുമെന്ന ആശങ്കയും പങ്കുവെക്കുകയാണ് ചെന്നൈ ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഗണിതാധ്യാപകനായ കെ.എന്‍. വിഘ്‌നേഷ്.

Content Highlights: Anand Mahindra lauded Kodunthirappully, a Palakkad village, for its untouched charm and tranquil lifestyle. Discover this unique grama samuchayam and its traditions.