കൊച്ചി തുറമുഖം ക്രൂസ് ടൂറിസം ഹബ്ബാകും; വന്‍കിട പദ്ധതികള്‍ ഒരുങ്ങുന്നു

#രേഷ്മ ഭാസ്കരൻ
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

ക്രൂസ് ടൂറിസം ഹബ്ബായി മാറാന്‍ കൊച്ചി തുറമുഖത്ത് വന്‍ വികസന പദ്ധതികള്‍ ഒരുങ്ങുന്നു. കൊച്ചി തുറമുഖ അതോറിറ്റിക്കു കീഴിലുള്ള സാഗരിക ക്രൂസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനവും നടത്തിപ്പും മറ്റ് വിനോദസഞ്ചാര പദ്ധതികളുടെ പ്രോത്സാഹനത്തിനുമായി താത്പര്യ പത്രം ക്ഷണിച്ചു. അന്താരാഷ്ട്ര വിനോദസഞ്ചാര നിലവാരത്തില്‍ കൊച്ചി തുറമുഖത്തെ മാറ്റുകയാണ് ലക്ഷ്യം.

ഹോട്ടലുകള്‍, എക്‌സിബിഷന്‍/കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ആയുര്‍വേദ വെല്‍നസ്/ഹെല്‍ത്ത് സ്പാകള്‍, ബിസിനസ് സൗകര്യങ്ങള്‍ തുടങ്ങിയവയാണ് തുറമുഖത്ത് ഒരുക്കുക. കൂടാതെ കയര്‍ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, നാളികേര ബോര്‍ഡ്, സ്‌പൈസസ് ബോര്‍ഡ്, ആയുഷ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇവിടെ ഒരുക്കും. മേയ് 31 വരെയാണ് താത്പര്യ പത്രം നല്‍കേണ്ടത്. ഇതിനുശേഷം പദ്ധതികള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും.

പൊതു-സ്വകാര്യ പങ്കാളിത്തത്തിലോ ഭൂമി പാട്ട മാതൃകയിലോ ആണ് താത്പര്യ പത്രം ക്ഷണിച്ചിരിക്കുന്നത്. പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ സഞ്ചാരികള്‍ക്ക് ഒരു വിമാനത്താവളത്തില്‍ ലഭിക്കുന്ന സൗകര്യങ്ങളെല്ലാം കൊച്ചി തുറമുഖത്തും ലഭ്യമാകും. മൊത്തം 13.76 ഏക്കറിലാണ് വികസന പദ്ധതികള്‍ ഒരുങ്ങുക. ഇതില്‍ 2.43 ഏക്കറിലാണ് സാഗരിക ടെര്‍മിനല്‍ സ്ഥിതിചെയ്യുന്നത്.

നടത്തിപ്പുകാര്‍ക്ക് നേട്ടം

വിനോദസഞ്ചാരികള്‍ എത്തുമ്പോള്‍ ഒരു സഞ്ചാരിയില്‍നിന്ന് നികുതിയിനത്തില്‍ കൊച്ചി തുറമുഖത്തിന് ലഭിക്കുന്നത് ആറ് ഡോളറാണ് (ഏതാണ്ട് 500 രൂപ). നിലവിലെ നികുതി അനുസരിച്ച് ഇതിന്റെ ഒരു വിഹിതം നടത്തിപ്പുകാരനും ലഭിക്കും. ക്രൂസ് ടെര്‍മിനലിനു സമീപമൊരുക്കുന്ന സൗകര്യങ്ങളില്‍നിന്ന് ലഭിക്കുന്നതിനു പുറമേയാണ് ഈ അധിക വരുമാനം നടത്തിപ്പുകാര്‍ക്ക് ലഭിക്കുക.

എത്തിയത് 31ആഡംബര കപ്പലുകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി തുറമുഖത്ത് എത്തിയത് 31 ആഡംബര കപ്പലുകള്‍. ഇതില്‍ 16 എണ്ണം അന്താരാഷ്ട്ര കപ്പലുകളാണ്. ഈ കാലയളവില്‍ 36,403 സഞ്ചാരികളാണ് കൊച്ചി തുറമുഖം വഴി യാത്ര ചെയ്തത്. നടപ്പു സാമ്പത്തിക വര്‍ഷം 21 കപ്പലുകള്‍ എത്തുമെന്ന് കൊച്ചി തുറമുഖ അതോറിറ്റി അറിയിച്ചു.

Content Highlights: kochi Port To Be Cruise Tourism Hub