കോടി ക്ലബ്ബിൽ കൊച്ചി; തുടർച്ചയായി നാലാം വർഷവും ഒരു കോടിയിലധികം യാത്രക്കാരുമായി സിയാൽ

#Travel Desk
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം | ചിത്രം: മാതൃഭൂമി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം | ചിത്രം: മാതൃഭൂമി

നെടുമ്പാശ്ശേരി: വ്യോമയാനമേഖലയിൽ ആഗോളതലത്തിൽ അനുഭവപ്പെടുന്ന പ്രതിസന്ധികൾക്കിടയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) തുടർച്ചയായി നാലാം സാമ്പത്തികവർഷവും ഒരു കോടിയിലധികം യാത്രക്കാർ എന്ന ശ്രദ്ധേയ നേട്ടം കൈവരിച്ചു. 2025-26 സാമ്പത്തികവർഷം ആകെ 1,14,42,583 യാത്രക്കാരാണ് സിയാൽ വഴി സഞ്ചരിച്ചത്. ഇതോടൊപ്പം 73,134 വിമാന സർവീസുകളും സിയാൽ കൈകാര്യം ചെയ്തു.

2025 മേയ് മാസത്തിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുടെ എണ്ണം രേഖപ്പെടുത്തിയത്. അന്ന് 11,07,184 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്.

2025-26 കാലയളവിൽ സിയാൽ കൈകാര്യം ചെയ്ത മൊത്തം യാത്രക്കാരിൽ 54,01,939 പേർ അന്തർദേശീയ യാത്രക്കാരും 60,40,644 പേർ ആഭ്യന്തര യാത്രക്കാരുമാണ്. 31,505 അന്താരാഷ്ട്ര വിമാന സർവീസുകളും 41,629 ആഭ്യന്തര വിമാന സർവീസുകളും സിയാൽ കൈകാര്യം ചെയ്തു. 2025-ന്റെ അവസാന മാസങ്ങളിൽ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട പ്രവർത്തനപരമായ നിയന്ത്രണങ്ങളും ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മൂലമുണ്ടായ അന്താരാഷ്ട്ര വ്യോമഗതാഗത തടസ്സങ്ങളുമെല്ലാം നിലനിന്നിരുന്നുവെങ്കിലും 2025-26 കാലയളവിൽ യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ 2.2 ശതമാനം വളർച്ച രേഖപ്പെടുത്തി. മറ്റെല്ലാ അവസരങ്ങളിലും വർഷം മുഴുവൻ സ്ഥിരതയാർന്ന യാത്രാത്തിരക്ക് നിലനിർത്താനും വിവിധ സീസണുകളിലുണ്ടായ ഉയർന്ന യാത്രക്കാരുടെ ഒഴുക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യാനും സിയാലിന് കഴിഞ്ഞു.

സിയാൽ 2.0 പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ അടിസ്ഥാനസൗകര്യ വികസനവും യാത്രാസൗകര്യ വർധനയും പ്രവർത്തന കാര്യക്ഷമതയുമാണ് ഈ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.

സാങ്കേതികവിദ്യയുടെ പിന്തുണയോടെയുള്ള സേവനങ്ങളും വേഗമേറിയ പ്രോസസിങ് സംവിധാനങ്ങളും യാത്രാനുഭവം കൂടുതൽ സൗകര്യപ്രദമാക്കിയതായി അദ്ദേഹം വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ഫുൾ ബോഡി സ്കാനറുകൾ നടപ്പാക്കിയതോടെ സുരക്ഷാ പരിശോധനകൾ കൂടുതൽ ആധുനികമാവുകയും യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ട്.

Content Highlights: CIAL handled 1,14,42,583 passengers and 73,134 flights in FY 2025-26, marking its fourth consecutive year crossing the 10 million passenger mark despite geopolitical and operational hurdles.