‘ദി നെയിം ഈസ് ബോണ്ട’; വേറിട്ട പരസ്യവുമായി കേരള ടൂറിസം, ഏഴ് ബോണ്ടകൾ കഴിച്ചുതീർക്കുക സാധ്യമല്ലെന്ന് ശശി തരൂർ

#ന്യൂസ് ഡെസ്ക്
Photo: facebook.com/keralatourismofficial
Photo: facebook.com/keralatourismofficial

കൊച്ചി: പ്രശസ്ത ബ്രിട്ടീഷ് നടൻ റോബർട്ട് പാറ്റിൻസണെ അടുത്ത ജെയിംസ് ബോണ്ടായി (007) ഔദ്യോഗികമായി പ്രഖ്യാപിച്ച വാർത്ത ലോകമെമ്പാടും നിറഞ്ഞുനിൽക്കെ വേറിട്ട പരസ്യവുമായി കേരള ടൂറിസം. സിനിമാ ലോകത്തെ ഈ വലിയ വാർത്തയുടെ പശ്ചാത്തലത്തിൽ, കേരളത്തിന്റെ തനത് ലഘുഭക്ഷണമായ ബോണ്ടയെ ഉൾപ്പെടുത്തിയാണ് കേരള ടൂറിസം രസകരമായ പുതിയ പരസ്യ ചിത്രം പങ്കുവെച്ചത്.

പച്ച പശ്ചാത്തലത്തിൽ തയ്യാറാക്കിയ പരസ്യത്തിൽ ചിത്രത്തിന് മധ്യത്തിലായി 'ദി നെയിം ഈസ് ബോണ്ട' (THE NAME IS BONDA) എന്ന് വലിയ അക്ഷരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതിന് താഴെയായി രണ്ട് ബോണ്ടകളുടെ ചിത്രങ്ങളും തോക്കിന്റെ അടയാളമുള്ള '7' എന്ന അക്കവും ചേർത്താണ് ദൃശ്യം ഒരുക്കിയിരിക്കുന്നത്. ആവേശമുണർത്താൻ ലൈസൻസുള്ള ഒരു ലഘുഭക്ഷണം എന്ന കുറിപ്പോടെയാണ് കേരള ടൂറിസം പരസ്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കേരള ടൂറിസത്തിന്റെ ഈ പുതിയ പരസ്യത്തെ പ്രശംസിച്ച് ശശി തരൂരും രംഗത്തെത്തി. കേരള ടൂറിസത്തിന്റെ പരസ്യങ്ങൾ ദിനംപ്രതി കൂടുതൽ മികച്ചതായി മാറുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത എഴുത്തുകാരനായ ഈയാൻ ഫ്ലെമിംഗിനോടുള്ള ആദരസൂചകമായാണ് വൈകുന്നേരങ്ങളിലെ പ്രശസ്തമായ ലഘുഭക്ഷണമായ ബോണ്ടയെ കേരള ടൂറിസം ഇതിലൂടെ പരിചയപ്പെടുത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ ഒറ്റ ഇരുപ്പിൽ ഇത്തരം ഏഴ് ബോണ്ടകൾ കഴിച്ചുതീർക്കുക എന്നത് സാധ്യമല്ലെന്നും അദ്ദേഹം തമാശയായി കൂട്ടിച്ചേർത്തു.