ഹോംസ്റ്റേകൾക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും, ഡെസ്റ്റിനേഷൻ ചലഞ്ചും ബ്രാൻഡ് വയനാടും ഉടൻ- ടൂറിസം മന്ത്രി

മാതൃഭൂമി ടൂറിസം കോൺക്ലേവ്‌ 2026 ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയത്‌പ്പോൾ  | ഫോട്ടോ: പി. പ്രമോദ്‌കുമാർ  / മാതൃഭൂമി
മാതൃഭൂമി ടൂറിസം കോൺക്ലേവ്‌ 2026 ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്‌ഘാടനം ചെയത്‌പ്പോൾ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

ഹോം സ്റ്റേകൾക്ക് കൂടുതൽ ഇളവുകളും സൗകര്യങ്ങളും നൽകുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. ഹോംസ്റ്റേകൾക്ക് സമാനസ്വഭാവം കൊണ്ടുവരാനായി നടത്തുന്നവർക്ക് ട്രെയിനിങ് കൊടുക്കും. കാരണം, അടിസ്ഥാനപരമായ ചില കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവ് പരാതികൾക്കിടയാക്കുന്നുണ്ട്. ഇതുപരിഹരിക്കാൻ കേരളത്തെ മൂന്നായി തിരിച്ച് ഹോംസ്റ്റേ നടത്തുന്നവർക്ക് ടൂറിസംവകുപ്പിന്റെ സ്ഥാപനങ്ങൾവഴി പരിശീലനം കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.

പുതിയ ഡെസ്റ്റിനേഷനുകൾക്ക് പ്രോത്സാഹനംനൽകുകയാണ് മറ്റൊരുകാര്യം. മാതൃഭൂമിചെയ്ത അകലാപ്പുഴ കാംപെയ്ൻ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അവിടെ പോയിരുന്നു. ആദ്യത്തെ വാർഷികപദ്ധതിയിൽത്തന്നെ തുക അനുവദിച്ച് അകലാപ്പുഴയെ ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കുകയുംചെയ്തു.

ഒരുവർഷത്തിൽ പുതിയ 10 ഡെസ്റ്റിനേഷനുകളിലേക്ക് 10 കോടി രൂപ നീക്കിവെച്ചെങ്കിലും അടിസ്ഥാനസൗകര്യവികസനത്തിന് സർക്കാർ തുക നൽകും. ഇങ്ങനെ 10 സ്ഥലത്തിന് ഒരുവർഷം 100 കോടി രൂപവെച്ച് അഞ്ചുവർഷം 500 കോടി രൂപ കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെകൂടെ കേന്ദ്രപദ്ധതികളും വരും. നമുക്ക് ഒരുസ്ഥലത്തിന് കുറഞ്ഞത് 10 കോടി രൂപയെങ്കിലും ചെലവഴിക്കാനാവണം. സാധാരണപോലെ 70 ലക്ഷം, ഒരു കോടി എന്നിവയെല്ലാം ചെലവഴിച്ച് ഒന്നുമാവാതെ കിടക്കുന്ന സ്ഥിതി ഇനി ഉണ്ടാവരുത്. ഇതിനായി പഴയ ഡെസ്റ്റിനേഷൻ ചലഞ്ച് വീണ്ടും കൊണ്ടുവരും. എ.എൽ.എ.-എം.പി.-പഞ്ചായത്ത് ഫണ്ടുകൾക്കൊപ്പം ടൂറിസം വകുപ്പിന്റെ സംഭാവനകൂടി വരുമ്പോഴേക്കും ഓരോ സ്ഥലത്തും അത്യാവശ്യം സൗകര്യങ്ങളുണ്ടാവും. സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സ്വകാര്യ വ്യക്തികൾ നിക്ഷേപത്തിന് തയ്യാറാവും, അവിടേക്ക് സഞ്ചാരികൾ വരും -അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്വ ടൂറിസത്തിൽ കേരളം വളരെ നല്ലനിലയിൽ എത്തിയിട്ടുണ്ട്. അതിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ 'എൻ ഊരി'ന്റെ രണ്ടാംഘട്ടം കൊണ്ടുവരും. അതുപോലെ ബജറ്റിൽ പറഞ്ഞ ബ്രാൻഡ് വയനാട് ഉടൻ ആരംഭിക്കും. മുണ്ടക്കൈ-ചൂരൽമല ദുരന്തം വയനാട്ടിലേക്ക് സഞ്ചാരികളെത്തുന്നത് കുറച്ചു. അത് മറികടക്കാനാണ് ബ്രാൻഡ് വയനാട് എന്ന പ്രത്യേക കാംപെയ്ൻ നൂറുദിനപരിപാടികളിലുൾപ്പെടുത്തി ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ടൂറിസംമന്ത്രാലയം ജോയിന്റ് സെക്രട്ടറി എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. മലബാർ ടൂറിസം: എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പ്രഭാഷണംനടത്തി. ആതിഥേയത്വത്തിൽ മലബാറിന്റെ വഴി എന്ന വിഷയത്തിൽ ആർ.പി. ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവി പിള്ളയുടെ സന്ദേശം, ആർ.പി. ഗ്രൂപ്പ് ഇന്ത്യ വൈസ് പ്രസിഡന്റ് ആഷിഷ് നായർ വായിച്ചു.

ഫിക്കി കേരള ടൂറിസംകമ്മിറ്റി ചെയർമാൻ യു.സി. റിയാസ്, മലബാർ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ഡോ. മിലി മണി എന്നിവർ സംസാരിച്ചു. ? ഇൻ?ക്രെഡിബിൾ ഇന്ത്യയുടെയും കേരള ടൂറിസം വകുപ്പിന്റേയും സഹകരണത്തോടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്നാണ് ക്ലോൺേക്ലവ് സംഘടിപ്പിച്ചത്.

ദി റാവിസ് കടവ് പവേഡ് ബൈ പാർട്ണറും മലബാർ ഹോസ്പിറ്റൽസ് അസോസിയേറ്റ് പാർട്ണറും ഫിക്കി സാങ്കേതിക പാർട്ണറുമാണ്.

Content Highlights: Kerala Tourism to provide professional training for homestay operators., Rs 500 crore allocated over five years for developing 10 new destinations., Rlaunch of Destination Challenge to improve infrastructure with combined funds., Brand Wayanad 100-day special campaign to boost post-disaster tourism.