സംസ്ഥാനത്തെ ആദ്യ സര്‍ഫിങ് സ്‌കൂള്‍ ബേപ്പൂരില്‍; തദ്ദേശീയരായ യുവാക്കള്‍ പരിശീലകരാവും

വിദേശരാജ്യങ്ങളിലെ മാതൃകയില്‍ ജലസാഹസിക വിനോദപരിപാടികള്‍ക്ക് വിനോദസഞ്ചാരവകുപ്പ് ബേപ്പൂരില്‍ തുടക്കമിടുന്നു.
ബേപ്പൂരില്‍ ഉത്തരവാദിത്വ ടൂറിസംമിഷന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ആദ്യത്തെ സര്‍ഫിങ് സ്‌കൂള്‍ ബേപ്പൂര്‍ ഗോതീശ്വരം ബീച്ചിലാണ് ആരംഭിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സര്‍ഫിങ് സ്‌കൂളിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഞായറാഴ്ച രാവിലെ ഒന്‍പതിന് നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് അധ്യക്ഷതവഹിക്കും. കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാവും.
ബേപ്പൂര്‍പ്രദേശത്തെ വിനോദസഞ്ചാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കാന്‍പോകുന്ന കടലിലെ സാഹസിക വിനോദസഞ്ചാരം ആഭ്യന്തര-വിദേശ വിനോദസഞ്ചാരികള്‍ക്ക് ഏറെ ആസ്വദിക്കാന്‍ കഴിയുന്നതോടൊപ്പം ടൂറിസം വഴി വരുമാനമാര്‍ഗമുണ്ടാക്കാനുമാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഉത്തരവാദിത്വ ടൂറിസംമിഷന്റെ നേതൃത്വത്തില്‍ തദ്ദേശീയരായ 10 യുവാക്കള്‍ അടിസ്ഥാന സര്‍ഫിങ് പരിശീലനവും തുടര്‍ന്ന് അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ അന്താരാഷ്ട്ര സര്‍ഫിങ് ഫെഡറേഷന്റെ പരിശീലനവും പൂര്‍ത്തിയാക്കി സര്‍ഫ് പരിശീലകരായി യോഗ്യതനേടിയിട്ടുണ്ട്.
ടൂറിസം സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ഉത്തരവാദിത്വ ടൂറിസംമിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍ തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
Content Highlights: surfing school beypore