കേരളം ചുറ്റാൻ കുട്ടികളെ കൂട്ടി സൈക്കിളിൽ ആഷിഖും വർദയും, ചെലവിന് പെർഫ്യൂം വിൽപന

കല്പറ്റ: പലനാടുകൾ കണ്ട് നാട്ടുകാരെ കണ്ട് മനസ്സുനിറച്ചൊരു യാത്രപോകണം, പലയിടങ്ങളിൽ താമസിക്കണം, പ്രകൃതിയെ അറിയണം... നാളുകളായി കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ ആഷിഖും ഭാര്യ വർദ നിഷാനയും യാത്രതുടങ്ങി. കേരളമാകെ കറങ്ങിക്കാണാനൊരു സൈക്കിൾ സർക്കീട്ട്. മക്കളായ 10 വയസ്സുകാരൻ കാഹിൽ അർഷിനെയും മൂന്നുവയസ്സുകാരൻ ആര്യൻ അർഷിനെയും ഒപ്പംകൂട്ടിയപ്പോൾ അതൊരു സൈക്കിൾ ഫാമിലിസർക്കീട്ടായി. ഡിസംബർ 31-നാണ് രണ്ടു സൈക്കിളുകളിലായി ആഷിഖും കുടുംബവും കേരളട്രിപ്പിന് തുടക്കമിട്ടത്.
ആഷിഖിന്റെ സൈക്കിളിനോട് ബന്ധിപ്പിച്ച കുഞ്ഞുസൈക്കിളിലാണ് (ട്രാൻഡെം) കാഹിലിന്റെ യാത്ര. വർദയുടെ സൈക്കിളിനു പിന്നിലൊരുക്കിയ ചൈൽഡ് സീറ്റിലാണ് ആര്യന്റെ യാത്ര. ഇപ്പോൾ അഞ്ചുജില്ലകൾ പിന്നിട്ടു. നഗരങ്ങളിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും സൈക്കിൾചവിട്ടി അങ്ങനെപോവുകയാണ്. അത് വേറെതന്നൊരു വൈബാണ് -വർദ പറഞ്ഞു. യാത്രതീരുംവരെ നാലാംക്ലാസുകാരനായ കാഹിലിന്റെ പഠനം ഓൺലൈനായും ക്രമീകരിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിൽനിന്ന് കോഴിക്കോട്ടേക്കാണ് പോയത്. പിന്നെ കണ്ണൂരും കാസർകോടും സന്ദർശിച്ചശേഷം വയനാട്ടിലെത്തി. മൂന്നുദിവസം വയനാട്ടിൽത്തന്നെ കറങ്ങി. രാത്രി ടെന്റ് കെട്ടിയാണ് താമസം. ‘മുൻപ് സൈക്കിളിൽ സോളോട്രിപ്പ് നടത്തിയിരുന്നു. പിന്നെയാണ് ഓൾ ഇന്ത്യ സൈക്കിൾ സർക്കീട്ടിനെക്കുറിച്ച് ആലോചിച്ചത്. അതിലേക്കുള്ള ഒരുക്കമെന്നതരത്തിലാണ് കേരളാ ട്രിപ്പ്’ -ആഷിഖ് പറഞ്ഞു.
ചെലവിനായി പെർഫ്യും വിൽപ്പന
ജോലി രാജിവെച്ചാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശികളായ കെ. ആഷിഖും ഭാര്യ വർദയും യാത്രയ്ക്കിറങ്ങിയത്. ടെക്‌സ്റ്റൈൽസ് മേഖലയിൽ മാർക്കറ്റിങ് വിഭാഗത്തിലായിരുന്നു ആഷിഖിന് ജോലി. ഫാർമസിസ്റ്റായിരുന്നു വർദ. സൈക്കിൾ സവാരിക്കിടെ പെർഫ്യൂമുകളും വിൽപ്പന നടത്തിയാണ് യാത്രയ്ക്കുള്ള വരുമാനം കണ്ടെത്തുന്നത്. ഓൾ ഇന്ത്യ സൈക്കിൾ സർക്കീട്ടാണ് ഇനി ഇവരുടെ ലക്ഷ്യം. സ്പോൺസർമാരുടെ സഹായത്തോടെ യാത്രനടത്തണമെന്നാണ് ആഗ്രഹം.
Content Highlights: Kerala Cycle Circuit: Ashik and Varda’s Inspiring Family Journey and Perfume Sales for Travel