കശ്മീർ വിളിക്കുന്നു... പക്ഷേ, പഹൽഗാം സംഭവത്തിനുശേഷം വിനോദസഞ്ചാരികൾ കുറഞ്ഞു

ശ്രീനഗർ: ശ്രീനഗറിലെ ദാൽതടാകം സായാഹ്നത്തിന്റെ അഴകിൽ ചുവന്നുതുടുത്ത് നിൽക്കുന്നുണ്ട്. പക്ഷേ, മോഹനമായ കാഴ്ചകളുടെ താഴ്‌വരയിലെ ഈ ടൂറിസം ഹബ്ബിൽ പഴയ തിരക്കില്ല. തടാകത്തിനുമുന്നിൽ ശിക്കാറിന് ടൂറിസ്റ്റുകളെ കാത്തിരിക്കുന്ന കാശ്മീരികളും വിരലിലെണ്ണാവുന്ന വളരെക്കുറച്ച് വിനോദസഞ്ചാരികളും മാത്രം.
ജനജീവിതം സാധാരണനിലയിലായിട്ട് മാസങ്ങളായി. എങ്കിലും പഹൽഗാം ഭീകരാക്രമണത്തിന്റെ വെടിയൊച്ചകൾ കശ്മീരിന്റെ വിനോദസഞ്ചാരമേഖലയെ എത്രമാത്രം ഉലച്ചുവെന്നറിയാൻ ദാൽതടാകത്തിൽ വന്നാൽമാത്രം മതി. കരകൗശലമേഖലയെവരെ വലിയരീതിയിൽ അത് ബാധിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ടൂറിസം പതിയെ തിരികെവരുന്നേയുള്ളൂവെന്ന് ശിക്കാർ സർവീസ് നടത്തുന്ന ശ്രീനഗർ സ്വദേശി ഇഷ്ഫാഖ് പറയുന്നു. ‘വിദേശ ടൂറിസ്റ്റുകളൊന്നും ഇനിയും വന്നുതുടങ്ങിയിട്ടില്ല. ദക്ഷിണേന്ത്യയിൽനിന്നുള്ളവരാണ് കൂടുതലും. എന്റെ ഹോംസ്റ്റേയിൽ ഇന്നും ഏഴുമലയാളികളുണ്ട്...’
ടാക്സിഡ്രൈവറായ മുഹമ്മദ് സിദ്ദിഖിക്കും പറയാനുണ്ട് സങ്കടക്കഥകൾ. ‘പഹൽഗാമിന് മുൻപ് എന്നും തിരക്കായിരുന്നു. നോക്കൂ, എന്റെ ടാക്സികാറിന്റെ മീറ്ററിലേക്ക്. 14 മാസംകൊണ്ട് 11,000 കിലോമീറ്ററാണ് ആകെ ടാക്സി ഓടിയത്. പഹൽഗാം, സോൻമാർഗ്, ഗുൽമാർഗ് അങ്ങനെ എവിടെയെങ്കിലും മിക്കദിവസങ്ങളിലും യാത്രകളുണ്ടാവും. പലതും മുഴുവൻദിവസ ഓട്ടമായിരിക്കും. സാധാരണ ഏപ്രിൽ, മേയ് മാസങ്ങളിലാണ് കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത്. 10 വർഷമെങ്കിലുമായി വർഷംമുഴുവൻ ആളുകളെത്തുന്നുണ്ട്.
നല്ലകാലമായിരുന്നു കശ്മീരിന്. ഇപ്പോൾ എല്ലാം ഫിനിഷായി. വാഹനത്തിന് ഏഴുലക്ഷം രൂപ ലോണുണ്ട്. മാസത്തിൽ പതിനൊന്നായിരം രൂപ തിരിച്ചടവുണ്ടാവും. വായ്പ ഇപ്പോൾ തിരിച്ചടയ്ക്കാൻ കഴിയില്ലെന്ന് ബാങ്കിന് കത്തുനൽകിയിരിക്കുകയാണ്. മകൻ ജോലിചെയ്യുന്നതുകൊണ്ട് അവനാണിപ്പോൾ കുടുംബം പോറ്റുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളമുള്ളതുകൊണ്ട് അവർക്ക് വലിയ ബുദ്ധിമുട്ടില്ല. അല്ലാതെ ടാക്സിഡ്രൈവർമുതൽ കച്ചവടക്കാരുടെവരെ അവസ്ഥ ബുദ്ധിമുട്ടാണ്. പക്ഷേ, വൈകാതെ ടൂറിസം പഴയപോലെയാവും. ഞങ്ങളുടെ ജീവിതം തിരികെയെത്തും..’ -അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതീക്ഷയുടെ ഓളങ്ങളിളകി.
ഭീകരവാദം കശ്മീരിന്റെ ശാപമാണല്ലോയെന്ന് ചോദിച്ചപ്പോൾ, ‘ഇത്രയുംദിവസമായി നിങ്ങൾ എന്തെങ്കിലും കണ്ടോ ഇവിടെ’ എന്നായിരുന്നു മുഹമ്മദ് സിദ്ദിഖിയുടെ മറുചോദ്യം. ‘ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്, മറ്റുപലരുമാണ് പ്രശ്നമുണ്ടാക്കുന്നത്.’ രാഷ്ട്രീയക്കാരാണ് പല കുഴപ്പങ്ങളുമുണ്ടാക്കുന്നതെന്ന് മറ്റൊരു കശ്മീരിഡ്രൈവർ ലത്തീഫ് ഒപ്പംചേർന്നു. അവർക്ക് നേട്ടങ്ങൾക്കുവേണ്ടി പലതും ചെയ്യുകയാണെന്നും നിങ്ങൾ ഞങ്ങളെ കുഴപ്പക്കാരായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനുശേഷം ആളുകളൊന്നും വരുന്നില്ലെന്ന് 150 വർഷത്തോളമായി ശ്രീനഗറിൽ പ്രവർത്തിക്കുന്ന അലിഷാ ക്രാഫ്റ്റ് ഉടമ റഷീദ് പറയുന്നു: ‘കോവിഡിനുശേഷം എല്ലാം റെഡിയായിവന്നതായിരുന്നു. ഇപ്പോൾ മോശം അവസ്ഥയിലായി...’
കശ്മീരിഷാളുകളും കാർപ്പെറ്റുകളും കരകൗശലവസ്തുക്കളുമെല്ലാം ലോകപ്രശസ്തമാണ്. ആയിരക്കണക്കിനുപേരാണ് കശ്മീരിൽ ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്നത്. കശ്മീരികൾക്ക് ഒരേസ്വരത്തിൽ പറയാനുള്ളത് ഇതുമാത്രം: ‘ടൂറിസ്റ്റുകൾ വന്നെങ്കിൽമാത്രമേ കാര്യമുള്ളൂ. പഹൽഗാമിലടക്കം എല്ലാം സുരക്ഷിതമാണ്. ഭയമില്ലാതെ ഇവിടേക്ക് വരൂ... ഞങ്ങൾ സ്വാഗതംചെയ്യുന്നു.’
Content Highlights: Explore the impact of the Pahalgam attack on Kashmir`s tourism. See how Dal Lake and local businesses are affected, and find out when tourists can expect a full recovery.