ഇന്ത്യയെ അറിയാന്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു റോളര്‍ സ്കേറ്റിങ് യാത്ര

ഇന്ത്യയുടെ പാരമ്പര്യത്തെ കാണാനും അറിയാനും കൂടെ പരിസ്ഥിതിസന്ദേശവും നല്കി ഒരു യാത്ര. കശ്മീര്‍മുതല്‍ കന്യാകുമാരിവരെ റോളര്‍ സ്കേറ്റിങുമായി ഇറങ്ങിയിരിക്കുകയാണ് ഒരുകൂട്ടം കുട്ടികള്‍. വാരണാസിയിലെ രാജേഷ് ഡോഗ്റ റോളര്‍ സ്കേറ്റിങ് സ്കൂളും റോളര്‍ സ്പോര്‍ട്സ് അസോസിയേഷനും ചേര്‍ന്നാണ് സ്കേറ്റിങ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഞായറാഴ്ച സ്കേറ്റിങ് സംഘം കാസര്‍കോെട്ടത്തി. തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് നിന്ന് ഏഴിമലയിലേക്ക് യാത്ര തിരിക്കും.
സെപ്റ്റംബര്‍ 27ന് കശ്മീരിലെ ലാല്ചൗക്കില്നിന്നാണ് യാത്ര ആരംഭിച്ചത്. 13 സംസ്ഥാനങ്ങള്‍, നൂറോളം നഗരങ്ങള്‍, പതിനായിരത്തോളം ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാണ് 25ന് സ്കേറ്റിങ് യാത്ര കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിലെത്തുക. വാരാണാസിയിലെ 20 ഓളം കോളേജിലെ പത്ത് ആണ്‍കുട്ടികളും പത്ത് പെണ്‍കുട്ടികളുമാണ് സംഘത്തിലുള്ളത്. വൃക്ഷത്തൈകള്‍ നട്ട് യാത്രയ്ക്കിടയില്‍ അടുത്തുള്ള സ്കൂളുകളിലും മറ്റും കയറി പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങളും അവര്‍ പകര്‍ന്നുനല്‍കുന്നു.
സ്കേറ്റിങ് സ്കൂളിന്റെ ഡയറക്ടര്‍ കൂടിയായ രാജേഷ് ഡോഗ്റ, സോനി ചൗരാസിയ എന്നിവരുടെ നേതൃത്വത്തിലാണ് യാത്ര നടക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുക, സ്ത്രീശാക്തീകരണം, രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സ്കേറ്റിങ് നടത്തുന്നത്.
Content Highlights: kashmir to kanyakumari roller skating