വേനലിൽ ഒന്ന് തണുക്കണോ? കാന്തല്ലൂരിലെ കച്ചാരം വെള്ളച്ചാട്ടത്തിലേക്ക് പോരൂ ..

#സ്വന്തം ലേഖകന്‍
കച്ചാരം വെള്ളച്ചാട്ടം
കച്ചാരം വെള്ളച്ചാട്ടം

മറയൂർ: കടുത്തവേനലിൽ പ്രകൃതി കരിഞ്ഞുണങ്ങുമ്പോഴും ഇവിടെ നല്ല കുളിരാണ്. ഇന്ത്യയിലെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുക്കപ്പെട്ട കാന്തല്ലൂർ പഞ്ചായത്തിലെ കച്ചാരം വെള്ളച്ചാട്ടമാണ് സഞ്ചാരികളുടെ പ്രിയ താവളമായി മാറിയിരിക്കുന്നത്. ശരീരവും മനസ്സും കുളിരണിയണമെങ്കിൽ ഇവിടത്തെ വെള്ളച്ചാട്ടത്തിൽ ഒന്നിറങ്ങിയാൽ മതി.

ഏത് വേനൽക്കാലത്തും ജലസമൃദ്ധിയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. മറയൂർ, കാന്തല്ലൂർ മേഖലകളിലെ പ്രധാന വെള്ളച്ചാട്ടങ്ങളായ ഇരച്ചിൽപ്പാറ, കരിമുട്ടി എന്നിവിടങ്ങളിൽ വേനൽക്കാലത്ത് നീരൊഴുക്ക് കുറവാണ്.

ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടത്തിലും കടുത്ത വേനലായതിനാൽ സഞ്ചാരികൾ അധികമായി എത്തുന്നില്ല. ഇപ്പോൾ സഞ്ചാരികൾക്ക് ഏകാശ്രയം കച്ചാരം വെള്ളച്ചാട്ടം മാത്രമാണ്. ദക്ഷിണഏഷ്യയിലെ ഏറ്റവും വലിയ ഷോളവനങ്ങളിൽ ഒന്നായ മന്നവൻചോലയിൽനിന്നുള്ള നീരൊഴുക്കാണ് കച്ചാരം വെള്ളച്ചാട്ടത്തിന്റെ പ്രധാന ജലസ്രോതസ്സ്.

ശുദ്ധമായ വെള്ളമായതിനാലും തണുപ്പ് ഉള്ളതിനാലും ഏറെ സുരക്ഷിതമായതിനാലും ഇവിടെ കുളിക്കുന്നത് അനുഭവമാണ്. വെള്ളച്ചാട്ടത്തിന് താഴെനിന്നു കുളിക്കുന്നതിനും നീന്തി കുളിക്കുന്നതിനും ഇവിടെ കഴിയുന്നതാണ് പ്രത്യേകത.

എങ്ങനെ എത്താം

മറയൂരിൽനിന്ന് കാന്തല്ലൂർ പാതയിൽ 12 കിലോമീറ്റർ അകലെ കീഴാന്തൂർ ഗ്രാമത്തിലെത്തി വില്ലേജ് ഓഫീസിന് സമീപംവരെ വാഹനത്തിൽ എത്താം. അവിടെനിന്ന് അര കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിൽ എത്താം. കാന്തല്ലൂർ പഞ്ചായത്ത് ഓഫീസ് - ആടിവയൽ പാതയിലൂടെ വാഹനത്തിൽ എത്താം. ഓഫ് റോഡ് ആയതിനാൽ എല്ലാ വാഹനത്തിലും ഇവിടേക്ക് എത്താനാകില്ല. ട്രക്കിങ് ജീപ്പുകളെ ആശ്രയിക്കേണ്ടിവരും. പ്രവേശന ഫീസില്ല.

Content Highlights: Year-round water flow sourced from the Mannavan Chola shola forests., Safe and accessible natural swimming spot during the 2026 summer season., Located near Kanthalloor, the best tourism village in India., Adventure trekking experience with off-road vehicle requirements., Free entry for all visitors.