വാഗമണ്ണിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്കൊരു ടേക്ക് ഓഫ്; യൂറോപ്യൻ പാരാഗ്ലൈഡിങ് മത്സരത്തിന് മലയാളി

#എച്ച്. ഹരികൃഷ്ണന്‍
ജോബിന്‍ പാരാഗ്ലൈഡിങ്ങില്‍.
ജോബിന്‍ പാരാഗ്ലൈഡിങ്ങില്‍.

കോട്ടയം: ലോകത്തിലെ മികച്ച പാരാഗ്ലെഡർമാർ മാറ്റുരയ്ക്കുന്ന യൂറോപ്യൻ പാരാഗ്ലൈഡിങ് ആക്കുറസി കോംപറ്റീഷനിൽ മാറ്റുരയ്ക്കാൻ ഇത്തവണ ഒരു മലയാളിയും. കോട്ടയം ഏന്തയാർ സ്വദേശി ജോബിൻ സെബാസ്റ്റിൻ യു.കെ. ടീമിലാണ് ഇടംപിടിച്ചത്. യു.കെയിൽ എത്തി രണ്ടുവർഷത്തിനുള്ളിലാണ് ആ രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്രവേദിയിലേക്ക് പറന്നുയരാനുള്ള അവസരം ഈ 40-കാരനെ തേടിയെത്തിയത്.

വേൾഡ് എയർസ്പോർട്സ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരം, ഒക്ടോബറിൽ റൊമേനിയയിലാണ് നടക്കുക. മുൻ ബ്രിട്ടീഷ് ചാംപ്യനും ജോബിന്റെ കോച്ചുമായ ആൻഡി ഷോ ഉൾപ്പെടെ അഞ്ച് പാരാഗ്ലൈഡേഴ്സാണ് യു.കെ. ടീമിലുള്ളത്. 26 രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നു.

വാഗമണ്ണിൽ വിദേശികൾ പാരാഗ്ലൈഡിങ് ചെയ്യുന്നതുകണ്ടുള്ള പ്രചോദനത്തിൽ 2010-ലാണ് ജോബിൻ പഠിക്കാനിറങ്ങുന്നത്. അഡ്വഞ്ചർ ടൂറിസം കൂട്ടായ്മയായ ഫ്‌ളൈ വാഗമണ്ണിലെ പൈലറ്റ് ആയിരുന്ന ജോബിൻ, ഉത്തരാഖണ്ഡിലും പുണെയിലും നടന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിങ് മത്സരങ്ങളിൽ ഉൾപ്പെടെ മിന്നുംപ്രകടനം കാഴ്ചവെച്ചു. ഇപ്പോൾ വേൾഡ് എയർസ്പോർട്സ് ഫെഡറേഷൻ റാങ്കിങ്ങിൽ 337-ാം സ്ഥാനത്ത് പേരുണ്ട്.

ഭാര്യ റിനുവിനും മകൻ ഏഥനുമൊപ്പം യു.കെയിലെ യോവില്ലിൽ താമസിക്കുന്നു. അവിടെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന ജോബിൻ, പാരാഗ്ലൈഡിങ്ങിനുള്ള ബ്രിട്ടീഷ് ലൈസൻസ് സ്വന്തമാക്കുകയും ഒഴിവുസമയങ്ങളിൽ ഗ്രീൻ ഡ്രാഗൺ എയർ സ്പോർട്സ് എന്ന കൂട്ടായ്മയുടെ ഭാഗമായി പറക്കൽ പരിശീലിക്കുകയുമായിരുന്നു.

Content Highlights: Jobin Sebastian, a Kottayam native, represents the UK team in the 2026 European Paragliding Accuracy Competition., The tournament is hosted by the World Air Sports Federation in Romania this October., Jobin transitioned from flying in Vagamon to securing a spot on the British national-level team within two years of moving to the UK., He holds a global ranking of 337 and is trained by former British champion Andy Shaw.