യുഎഇയിലെ ജബൽ ജെയ്‌സ് മലനിരകൾ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു

ദുബായ്: ശക്തമായ മഴയെ തുടർന്ന് അടച്ചിട്ട യുഎഇ-യിലെ ജബൽ ജെയ്‌സ് മലനിരകൾ വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ഈ മാസം 31 മുതൽ വിനോദ സഞ്ചാരിക്കൾക്ക് പ്രവേശനം അനുവദിക്കുമെന്ന് റാസൽഖൈമ ടൂറിസം അതോറിറ്റി അറിയിച്ചു. ഘട്ടം ഘട്ടമായാണ് ജബൽ ജെയ്‌സിലെ വിവിധ വിനോദ കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കുക.
ഒന്നര മാസത്തോളം നീണ്ട അറ്റകുറ്റ പണികൾക്ക് ശേഷമാണ് ജബൽ ജെയ്‌സ് മലകളിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രത്തിലെ എല്ലാ സൗകര്യങ്ങളും തുടക്കത്തിൽ സഞ്ചാരികൾക്ക് ലഭിക്കില്ല.
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഘട്ടം ഘട്ടമായാണ് പ്രവേശനം അനുവദിക്കുക. സഞ്ചാരികൾക്ക് ഏറ്റവും പ്രിയങ്കരമായ, ഭൂമിയിലെ ഉയരമേറിയ സിപ്പ് ലൈൻ ആയ ജെയ്‌സ് ഫ്‌ളൈറ്റ് ഈമാസം 31-ന് തുറക്കും.
സ്‌കൈ ടൂർ ഫെബ്രുവരി ഏഴിനാണ് പുനരാരംഭിക്കുക. റെഡ് റോക്കിലേയ്ക്ക് തൽക്കാലം പ്രവേശനം അനുദവിക്കില്ലെന്നും റാസൽഖൈമ ടൂറിസം അറിയിച്ചു. ഇവിടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
യുഎഇയിലെ ഏറ്റവും ഉയരമേറിയ വിനോദ സഞ്ചാര കേന്ദ്രവും കൊടുമുടിയുമാണ് റാസൽ ഖൈമയിലെ ജബൽ ജെയ്‌സ്. സമുദ്രോപരിതലത്തിൽ നിന്നും 1934 മീറ്ററാണ് ഉയരം. രാജ്യത്ത് ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തുന്ന സ്ഥലങ്ങളിലൊന്നും ജബൽ ജെയ്‌സ് ആണ്.
കഴിഞ്ഞ ഡിസംബർ 17,18,19 ദിവസങ്ങളിലുണ്ടായ അതിശക്തമായ മഴയിലാണ് ജബൽ ജെയ്‌സിൽ വലിയ നാശനഷ്ടങ്ങളുണ്ടായത്. റോഡുകളും കെട്ടിടങ്ങളും തകരുകയും വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തിരുന്നു. തുടർന്നാണ് അറ്റകുറ്റപ്പണികൾക്കായി ജബൽ ജെയ്‌സ് അടച്ചത്.
Content Highlights: UAE`s stunning Jebel Jais mountains reopen for visitors after heavy rains and essential repairs. Discover adventure and scenic beauty from July 31st onwards.