മഹീന്ദ്ര ആഡംബര ക്രൂസ് ഇറക്കുമോ? ഇന്റര്‍നെറ്റ് ലോകത്ത് ചര്‍ച്ചയായി ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്

ആനന്ദ് മഹീന്ദ്ര, ഐക്കണ്‍ ഓഫ് ദ സീസ്
ആനന്ദ് മഹീന്ദ്ര, ഐക്കണ്‍ ഓഫ് ദ സീസ്

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസ്' നീറ്റിലിറക്കിയത്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ വലിപ്പം കൊണ്ടും അത്യാഡംബരം കൊണ്ടും ലോകത്തിന്റെ ശ്രദ്ധയാകര്‍ശിച്ചിരുന്നു. മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയര്‍മാനായ ആനന്ദ് മഹീന്ദ്ര കഴിഞ്ഞ ദിവസം ഈ കപ്പലിന്റെ വീഡിയോ തന്റെ എക്‌സ് അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതോടെ മഹീന്ദ്ര ഗ്രൂപ്പ് സ്വന്തമായി ക്രൂസ് ഇറക്കാനുള്ള നീക്കമാണോ എന്നായിരുന്നു ചിലരുടെ സംശയം.

2026 വരെ 'ഐക്കണ്‍ ഓഫ് ദ സീസിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നെന്ന് ആനന്ദ് മഹീന്ദ്ര തന്റെ ട്വീറ്റില്‍ പറയുന്നു. ലോകത്തിലെ ടൂറിസം വിപണിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഞങ്ങൾ മിക്കവാറും  ഞങ്ങളുടേതായ ക്രൂയിസ് കപ്പലുകൾ ആവശ്യപ്പെടുകയും അത് നേടിയെടുക്കുകയും ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു. ഐക്കണ്‍ ഓഫ് ദ സീസിന്റെ വീഡിയോക്കൊപ്പമുള്ള പോസ്റ്റ് പെട്ടന്ന് തന്നെ വൈറലായി.  ഇതോടെയാണ് മഹീന്ദ്ര ക്രൂസ് ഷിപ്പ് ഇറക്കാന്‍ പോകുകയാണെന്ന ചര്‍ച്ചകള്‍ ഇന്റര്‍നെറ്റ് ലോകത്ത് സജീവമായത്. മഹീന്ദ്രയുടെ വിനോദസഞ്ചാര കമ്പനിയായ ക്ലബ് മഹീന്ദ്ര ഹോളീഡെയ്‌സ് തന്നെ ക്രൂസ് ഷിപ്പ് പുറത്തിറക്കണമെന്നായിരുന്നു ചിലരുടെ ആവശ്യം. എന്നാല്‍ ഇത്തരം കമന്റുകളോടൊന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചിട്ടില്ല.

ഐക്കണ്‍ ഓഫ് ദ സീസ്- ഒഴുകുന്ന അത്യാഡംബരം

അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 20 നിലകളുള്ള കപ്പലിന് 365 മീറ്ററാണ് നീളം. ഭാരം 2,50,800 ടണ്‍. പരമാവധി 7600 യാത്രക്കാരെ ഉള്‍ക്കൊള്ളും. 2350 ജീവനക്കാരുണ്ട്.

ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. അമ്പതോളം സംഗീതജ്ഞരും ഹാസ്യാവതാരകരും സംഗീതസംഘവുമുണ്ട്. ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്. ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനം.

തീര്‍ത്തും പ്രകൃതിസൗഹൃദമാണ് കപ്പലിന്റെ രൂപകല്പന എന്നാണ് അവകാശവാദം. 50 ലക്ഷത്തോളം യൂറോയുടെ (ഏകദേശം 45,46,70,000 ഇന്ത്യന്‍ രൂപ) അഡ്വാന്‍സ് ബുക്കിങ് ഇതിനകം തന്നെ പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ട്. ടൈറ്റാനിക്കിനേക്കാള്‍ അഞ്ചു മടങ്ങാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ഭാരം. 46,328 ടണ്‍ ആയിരുന്നു ടൈറ്റാനിക്കിന്റെ ഭാരം. നീളം 882 അടിയും. ന്യൂയോര്‍ക്ക് സിറ്റിയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 52 അടിയുടെ കുറവ് മാത്രമാണ് കപ്പലിനുള്ളത്. 1,250 അടിയാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ നീളം. എന്നാല്‍ ഐക്കണ്‍ ഓഫ് ദ സീസിന്റേതാകട്ടെ 1,196 അടി നീളവും 2,50,800 ടണ്‍ ഭാരവുമാണ് കണക്ക്.

എട്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്ന 20 നിലകപ്പലില്‍ കോക്ടെയില്‍ ബാര്‍ അടങ്ങിയ നീന്തല്‍ക്കുളങ്ങള്‍, ലൈവ് ഡിജെ പരിപാടികള്‍, മനുഷ്യനിര്‍മ്മിത വെള്ളച്ചാട്ടം, കടലിലെ ഏറ്റവും വലിയ വാട്ടര്‍പാര്‍ക്ക് അടക്കം ഒരുക്കിയിട്ടുണ്ട്. 55 അടി വിസ്തൃതിയിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. 40 ബാറുകള്‍, റസ്റ്റോറന്റുകള്‍, കാസിനോ, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ട്, ഗെയിമിങ് റൂം, ജിം, ലക്ഷ്വറി സ്പാ, കുട്ടികള്‍ക്ക് പ്രത്യേക പാര്‍ക്കുകള്‍, ഹെയര്‍ സലൂണ്‍, തീയേറ്ററുകള്‍, ആകാശ നടപ്പാത, കടല്‍ കാഴ്ചകള്‍ കണ്ടു നടക്കാന്‍ കപ്പല്‍ വശങ്ങളില്‍ നടപ്പാത, പൂന്തോട്ടങ്ങള്‍, ഐസ് സ്‌കേറ്റിങ്, പുറത്തെ കാഴ്ചകള്‍ കാണുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്ന സീലിങ്ങുകളും ജനാലകള്‍, 55 അടിയില്‍ ഒരുക്കിയിരിക്കുന്ന അക്വാ ഡോം തുടങ്ങിയവ അടങ്ങുന്നതാണ് കപ്പല്‍. ഒരേ സമയം 1300ഓളം പേര്‍ക്ക് ഇരുന്ന് ആസ്വദിക്കാന്‍ പാകത്തിലാണ് വെള്ളച്ചാട്ടം ഒരുക്കിയിരിക്കുന്നത്. ഭക്ഷണ പ്രേമികളായവര്‍ക്ക് വിവിധ രാജ്യങ്ങളിലെ വിവിധ ഭക്ഷണവിഭവങ്ങളും കപ്പലില്‍ ലഭ്യമാണ്.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ക്ക് 1542 ഡോളറാണ് യാത്രയ്ക്കായി  ഈടാക്കുന്നത്. ഏകദേശം 1,28,251 ഇന്ത്യന്‍ രൂപ. നിരവധിയാളുകള്‍ കപ്പല്‍ യാത്രയ്ക്കായി ആളുകള്‍ മുമ്പോട്ട് വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Content Highlights: Is Anand Mahindra planning to launch a luxury cruise ship