രാജ്യം ചുറ്റി തീര്‍ഥയാത്ര നടത്താം; കേരളത്തില്‍ നിന്നും ഭാരത് ഗൗരവ് ട്രെയിന്‍ ഈ മാസം പുറപ്പെടും

ഇന്ത്യയിലുടനീളം വിനോദസഞ്ചാരം നടത്താനുള്ള ഏറ്റവും എളുപ്പ മാര്‍ഗങ്ങളിലൊന്നാണ് ഭാരത് ഗൗരവ് ട്രെയിന്‍ പാക്കേജുകള്‍. ഇന്ത്യന്‍ റെയില്‍വേ ഒരുക്കുന്ന ഈ പാക്കേജുകളിലൂടെ ഏറെ എളുപ്പത്തില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ ആത്മീയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാം. കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രം മുതല്‍ വാരണാസിയും അയോധ്യയും കാശിയും ഋഷികേശും വരെ സന്ദര്‍ശിച്ചു വരാനുള്ള പാക്കേജുകള്‍ കൊച്ചുവേളിയില്‍ നിന്നും ഐആര്‍സിടിസി നടത്താറുണ്ട്.
ഇപ്പോഴിതാ ജൂലൈ മാസത്തിലെ യാത്രയുടെ പാക്കേജുകള്‍ ഐ.ആര്‍.സി.ടി.സി പ്രഖ്യാപിച്ചിരിക്കുകയാണ്. യാത്രാ നിരക്കില്‍ 33 ശതമാനം ഇളവോട് കൂടിയാണ് ഈ പാക്കേജ് പുറത്തുവന്നിരിക്കുന്നത്. ജൂലൈ 20-ന് കേരളത്തില്‍ നിന്നും തിരിച്ച് ഉജ്ജയിന്‍, ഹരിദ്വാര്‍, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ജൂലൈ 31-ന് തിരികെ എത്തുന്നതാണ് പുതിയ യാത്ര. അയോധ്യ, ഹരിദ്വാര്‍, ഋഷികേശ്, കാശി, ഓംകാരേശ്വര്‍, പ്രയാഗ്രാജ്, സാരാനാഥ്, ഉജ്ജയിന്‍ തുടങ്ങി ഇന്ത്യയിലെ പ്രധാന ആത്മീയ കേന്ദ്രങ്ങളെല്ലാം ഈ യാത്രയുടെ ഭാഗമാണ്.
ഹരിദ്വാറും, ഗംഗ നദിയും, ഋഷികേശിലെ ക്ഷേത്രങ്ങളും കാശിയിലെ പ്രശസ്തമായ ഗംഗ ആരതിയും ബുദ്ധമതസ്തരുടെയും ജൈനമതസ്തരുടെയും തീര്‍ത്ഥാടന കേന്ദ്രങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രവും അശോകസ്തംഭമുള്ള സാരാനാഥും സരയു നദിയും പ്രയാഗ്രാജിലെ ത്രിവേണി സംഗമവുമെല്ലാം സന്ദര്‍ശിക്കാനുമുള്ള അവസരവുമുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി ട്രെയിനിലെ എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷന്‍, പോടന്നൂര്‍ ജംഗ്ഷന്‍, ഈറോഡ് ജംഗ്ഷന്‍, സേലം എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ കയറാവുന്നതാണ്. സ്ലീപ്പര്‍ ക്ലാസ് 3 എസി ട്രെയിന്‍ യാത്രകളാണ് ലഭ്യമാവുക. കാഴ്ചകള്‍ കാണാനായി എ.സി. അല്ലെങ്കില്‍ നോണ്‍ എ.സി വാഹനങ്ങളില്‍ യാത്ര, രാത്രി താമസത്തിനായി എ.സി. ഹോട്ടലുകളില്‍ താമസം, മൂന്നു നേരം വെജിറ്റേറിയന്‍ ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ടിന്റെയും സുരക്ഷാ ജീവനക്കാരുടെയും സേവനം, യാത്രാ ഇന്‍ഷ്വറന്‍സ് എന്നിവയും പാക്കേജിന്റെ ഭാഗമാണ്.
നോണ്‍ എ.സി ക്ലാസ്സിലെ യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 24,350/ രൂപയും തേര്‍ഡ് എ.സി ക്ലാസ്സിലെ യാത്രയ്ക്ക് കംഫര്‍ട്ട് എന്ന വിഭാഗത്തില്‍ ഒരാള്‍ക്ക് 36,340/ രൂപയുമാണ് യാത്ര ചിലവ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങിനും ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഇന്ത്യയുടെ ശ്രേഷ്ഠമായ സാംസ്‌കാരിക പൈതൃകത്തേയും ചരിത്രപ്രധാനമായ സ്ഥലങ്ങളേയും ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ വേണ്ടി റെയില്‍വേ സ്വകാര്യ പങ്കാളിത്തത്തോടെ തയ്യാറാക്കിയ പദ്ധതിയാണ് ഭാരത് ഗൗരവ്.
Content Highlights: IRCTC launches new tour package from Kochuveli