ഇന്ന് ലോക ടൂറിസം ദിനം; ഇന്ത്യക്കാരുടെ മാറുന്ന യാത്രാ രീതികളും മുൻഗണനകളും, സർവേയിൽ സുപ്രധാന കണ്ടെത്തലുകൾ

സമൂഹങ്ങളേയും സംസ്കാരങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും രൂപപ്പെടുത്തുന്നതിൽ യാത്രകൾ വഹിക്കുന്ന സുപ്രധാന പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും സെപ്റ്റംബർ 27-ന് ലോക ടൂറിസം ദിനമായി ആഘോഷിക്കുന്നു.
ആഗോള ബന്ധങ്ങൾ സൃഷ്ടിക്കാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും സമാധാനം വളർത്താനും ടൂറിസത്തിന് കഴിയും. ഈ വർഷത്തെ പ്രമേയമായ 'ടൂറിസവും സുസ്ഥിര പരിവർത്തനവും' പരിസ്ഥിതി സൗഹൃദ യാത്രകളുടെ വർധിച്ചുവരുന്ന പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്നതാണ്.
സുസ്ഥിര ടൂറിസം എന്നത് ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ചാണ്. ഭൂമിക്കും പ്രാദേശിക സമൂഹങ്ങൾക്കും ഉണ്ടാകുന്ന ദോഷം കുറയ്ക്കുകയും വരും തലമുറകൾക്ക് ഗുണകരവും ദീർഘകാലം നിലനിൽക്കുന്നതുമായ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്.
അതിനർത്ഥം, കാർബൺ ബഹിർഗമനം കുറയ്ക്കുക, വിഭവങ്ങൾ സംരക്ഷിക്കുക, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുക, സംസ്കാരങ്ങളെ ബഹുമാനിക്കുക, നിങ്ങൾ സന്ദർശിക്കുന്ന സ്ഥലങ്ങളുടെ ക്ഷേമത്തിനായി സംഭാവന നൽകുക തുടങ്ങിയവയാണ്.
അപ്പോൾ ഇന്ത്യൻ യാത്രക്കാർ ഈ കാര്യങ്ങളിൽ എവിടെ നിൽക്കുന്നു എന്നത് ഒരു പ്രധാന ചോദ്യമാണ്. Booking.com-ന്റെ ഒരു പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്, 73 ശതമാനം ഇന്ത്യൻ യാത്രക്കാരും യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ സുസ്ഥിരതയ്ക്ക് മുൻഗണന നൽകുന്നു എന്നാണ്. ആഗോള ശരാശരിയായ 42 ശതമാനത്തേക്കാൾ വളരെ ഉയർന്ന നിരക്കാണിത്.
മാലിന്യം കുറയ്ക്കൽ, ഉത്തരവാദിത്ത ടൂറിസം, തനതായ സാംസ്കാരിക അനുഭവങ്ങൾ എന്നിവ തീരുമാനങ്ങളെ നയിക്കുന്ന പരിസ്ഥിതി സൗഹൃദ യാത്രകളോടുള്ള മാറ്റത്തെയാണ് ഈ വർധിച്ചുവരുന്ന താൽപ്പര്യം പ്രതിഫലിപ്പിക്കുന്നത്.
Booking.com-ന്റെ നിർദേശപ്രകാരം, 34 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 32,000 പേരിൽനിന്ന് സ്വതന്ത്രമായി നടത്തിയ സർവേയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ട്. 2025 ജനുവരിയിലാണ് ഓൺലൈൻ സർവേ നടന്നത്.
ഇന്ത്യൻ യാത്രക്കാർ സുസ്ഥിര ടൂറിസം സ്വീകരിക്കുന്നത് ഇങ്ങനെ:
ശ്രദ്ധാപൂർവമായ താമസം
താമസസൗകര്യം തിരഞ്ഞെടുക്കുമ്പോൾ, 34 ശതമാനം ഇന്ത്യൻ യാത്രക്കാരും ഇപ്പോൾ വിലയ്ക്കും സ്ഥലത്തിനും ഒപ്പം ഒരു സ്ഥാപനത്തിന്റെ സുസ്ഥിരതാ യോഗ്യതകളും പരിഗണിക്കുന്നു. ഇത് ചിന്താപൂർവവും പരിസ്ഥിതി സൗഹൃദപരവുമായ യാത്രാ തീരുമാനങ്ങളിലേക്കുള്ള വ്യക്തമായ ഒരു മാറ്റത്തെ സൂചിപ്പിക്കുന്നു.
മാലിന്യവും പ്ലാസ്റ്റിക് ഉപയോഗവും കുറയ്ക്കുന്നു
കഴിഞ്ഞ വർഷം ഇന്ത്യൻ യാത്രക്കാരിൽ പകുതിയോളം പേർ (48 ശതമാനം) പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പികൾ കൊണ്ടുനടന്നു. അതേസമയം, 42 ശതമാനം പേർ യാത്രയ്ക്കിടെ മാലിന്യം പുനരുപയോഗം ചെയ്യുകയും 39 ശതമാനം പേർ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കുകയും ചെയ്തു.
പ്രകൃതിയെ മനസ്സിൽ വെച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യുന്നു
പല യാത്രക്കാരും വന്യജീവികളിലും പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലും തങ്ങൾക്കുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ശ്രദ്ധാലുക്കളാണ്. 42 ശതമാനം പേർ തിരക്കേറിയ സീസണുകൾക്ക് പുറത്ത് യാത്ര ചെയ്യാൻ തിരഞ്ഞെടുത്തു. 37 ശതമാനം പേർ മൃഗങ്ങൾക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങൾ മനഃപൂർവം ഒഴിവാക്കുകയും 28 ശതമാനം പേർ തിരക്ക് കുറഞ്ഞ സ്ഥലങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു.
പ്രാദേശിക സമൂഹങ്ങളെയും സംസ്കാരത്തെയും പിന്തുണയ്ക്കുന്നു
ഇന്ത്യൻ യാത്രക്കാർ പ്രാദേശിക സംസ്കാരത്തെയും വ്യവസായങ്ങളെയും അർഥവത്തായ രീതിയിൽ സ്വീകരിക്കുന്നു. 42 ശതമാനം പേർ ചെറുതും സ്വതന്ത്രവുമായ സ്റ്റോറുകളിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുന്നു. 40 ശതമാനം പേർ തങ്ങൾ പോകുന്ന സ്ഥലത്തെ സംസ്കാരത്തെക്കുറിച്ച് പഠിക്കാൻ സമയം കണ്ടെത്തി.
കൂടാതെ, 33 ശതമാനം പേർ തനതായ സാംസ്കാരിക അനുഭവങ്ങളിൽ പങ്കെടുത്തു. 31 ശതമാനം പേർ പ്രാദേശികമായി ലഭിക്കുന്നതോ ജൈവപരമോ ആയ ചേരുവകൾ ഉപയോഗിക്കുന്ന റെസ്റ്റോറന്റുകളിൽനിന്ന് ഭക്ഷണം കഴിച്ചു. ഇത് പ്രാദേശിക സമൂഹത്തിന്റെ ഉപജീവനമാർഗങ്ങളെ നേരിട്ട് സഹായിക്കുകയും പാരമ്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ യാത്രക്കാർ സുസ്ഥിര ടൂറിസം തുടർന്നും പരിശീലിക്കുന്നു
ഈ വർഷം, 42 ശതമാനം ഇന്ത്യൻ യാത്രക്കാർ വന്യജീവികളെ അവയുടെ സ്വാഭാവിക ചുറ്റുപാടിൽ നിരീക്ഷിക്കുകയോ പാരിസ്ഥിതിക വിദ്യാഭ്യാസ അവസരങ്ങൾ കണ്ടെത്തുകയോ പോലുള്ള സുസ്ഥിര പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പദ്ധതിയിടുന്നു.
ആഗോളതലത്തിൽ ഇത് വെറും 19 ശതമാനമാണ്. ചെറുതാണെങ്കിലും സുപ്രധാനമായ ഈ സുസ്ഥിര യാത്രാ തിരഞ്ഞെടുപ്പുകൾ കൂടുതൽ ഉത്തരവാദിത്തമുള്ളതും പരിവർത്തനാത്മകവുമായ ഒരു ടൂറിസം രംഗത്തേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്.
Content Highlights: Discover how Indian travelers are prioritizing eco-friendly tourism, from conscious stays and waste reduction to supporting local communities. Learn about their commitment to sustainable travel.