ഏജന്റുമാരെ പൂട്ടാന്‍ റെയില്‍വേ; തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് ആധാര്‍ നിര്‍ബന്ധമാകുന്നു

തത്കാല്‍ ടിക്കറ്റ് ബുക്കിങ്ങിന് പുതിയ നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തത്കാല്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സാധിക്കൂവെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങില്‍ ഇടനിലക്കാരുടെ ഇടപെടലും അനുബന്ധ തട്ടിപ്പുകളും ഒഴിവാക്കുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിശദീകരണം.
റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നോ ഐആര്‍സിടിസി ആപ്ലിക്കേഷന്‍ മുഖേനയോ ഉള്ള തത്കാല്‍ ബുക്കിങ്ങിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജൂലായ് ഒന്നാം തിയതി മുതലാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെങ്കില്‍ 15-07-2025 മുതല്‍ തത്കാല്‍ ബുക്കിങ്ങില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിര്‍ബന്ധമാക്കും. ജൂണ്‍ പത്താം തിയതിയാണ് റെയില്‍വേ ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുറമെ, കൗണ്ടറില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാകുമെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ബുക്കിങ് സമയത്ത് നല്‍കുന്ന മൊബൈല്‍ നമ്പറിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിതമായി അയക്കുന്ന ഒടിപി ലഭിച്ചാല്‍ മാത്രമായിരിക്കും കംപ്യൂട്ടറൈസ്ഡ് പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനത്തില്‍ കൗണ്ടറില്‍ നിന്ന് തത്കാല്‍ ടിക്കറ്റ് ബുക്കുചെയ്യാന്‍ സാധിക്കുവെന്നും നിര്‍ദേശത്തിലുണ്ട്.
Content Highlights: Indian Railways mandates Aadhaar linking for Tatkal ticket bookings from July 1