ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇനി 'സ്മാർട്ടാകും'; പുതിയ പി.ആർ.എസ് സംവിധാനം ഓഗസ്റ്റ് മുതൽ

#Travel desk
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP
പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം പൂർണമായും ആധുനികവൽക്കരിക്കുന്നു. നിലവിലുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിന് (പി.ആർ.എസ്) പകരം അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള പുതിയ പ്ലാറ്റ്‌ഫോം ഈ വർഷം ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വരും. 

ടിക്കറ്റ് ബുക്കിങ് കൂടുതൽ വേഗത്തിലാക്കാനും വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത എ.ഐ സാങ്കേതികവിദ്യയിലൂടെ കൃത്യമായി മനസ്സിലാക്കാനും പുതിയ പ്ലാറ്റ്‌ഫോമിൽ സാധിക്കും. 

റെയിൽ ഭവനിൽ നടന്ന ഉന്നതതല യോഗത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയുടെ പുരോഗതി വിലയിരുത്തി.  റെയിൽവേ സഹമന്ത്രിമാരായ വി. സോമണ്ണ, രവ്‌നീത് സിങ് ബിട്ടു എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

40 വർഷം പഴക്കമുള്ള സിസ്റ്റം മാറുന്നു

1986-ൽ അവതരിപ്പിച്ച നിലവിലെ പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ മാത്രമാണ് ഇതുവരെ വരുത്തിയിരുന്നത്. എന്നാൽ ഡിജിറ്റൽ യുഗത്തിലെ ഉയർന്ന ബുക്കിങ് തിരക്ക് കൈകാര്യം ചെയ്യാൻ പഴയ സിസ്റ്റത്തിന് പരിമിതികളുണ്ടായിരുന്നു. 2002-ലാണ് റെയിൽവേ ഇന്റർനെറ്റ് അധിഷ്ഠിത ടിക്കറ്റിങ് ആരംഭിക്കുന്നത്. നിലവിൽ രാജ്യത്തെ 88 ശതമാനം ടിക്കറ്റ് ബുക്കിങ്ങും നടക്കുന്നത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയാണ്.

കുതിച്ചുയർന്ന് റെയിൽ വൺ ആപ്പ്

റെയിൽവേയുടെ ഡിജിറ്റൽ നവീകരണത്തിന്റെ ഭാഗമായി 2025 ജൂലൈയിൽ പുറത്തിറക്കിയ റെയിൽ വൺ ആപ്പ് ചുരുങ്ങിയ കാലം കൊണ്ട് വൻ വിജയമായി മാറി. ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം 3.5 കോടി പിന്നിട്ടു.

ടിക്കറ്റ് ബുക്കിങ്, ക്യാൻസലേഷൻ, ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ്, പ്ലാറ്റ്‌ഫോം-കോച്ച് വിവരങ്ങൾ, പരാതി പരിഹാരം തുടങ്ങിയ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നതാണ് റെയിൽ വൺ ആപ്പ്. പ്രതിദിനം ശരാശരി 9.29 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ ഈ ആപ്പ് വഴി ബുക്ക് ചെയ്യുന്നത്. ഇതിൽ 7.2 ലക്ഷം അൺറിസർവ്ഡ് ടിക്കറ്റുകളും 2.09 ലക്ഷം റിസർവ്ഡ് ടിക്കറ്റുകളും ഉൾപ്പെടുന്നു.

വെയ്റ്റ്‌ലിസ്റ്റ് കൺഫർമേഷൻ ഇനി കൃത്യമായി അറിയാം

പുതിയ സിസ്റ്റത്തിലെ ഏറ്റവും ആകർഷകമായ സവിശേഷത എ.ഐ ഉപയോഗിച്ചുള്ള വെയ്റ്റ്‌ലിസ്റ്റ് പ്രവചനമാണ്. യാത്രക്കാരുടെ വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ കൺഫേം ആകാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് ഈ സംവിധാനം കൃത്യമായി പ്രവചിക്കും. മുൻപ് 53 ശതമാനമായിരുന്ന കൃത്യത ഇപ്പോൾ 94 ശതമാനമായി ഉയർന്നിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു. 

Content Highlights: Indian Railways is set to fully modernize its 40-year-old Passenger Reservation System (PRS) with an advanced AI-powered platform starting this August, offering faster bookings and 94% accurate waitlist confirmation predictions.