1600 കി.മീ യാത്ര, രാവിലെ പോയി രാത്രി തിരികെയെത്തി; ചൈനയിലെ അതിവേഗ ട്രെയിനിനെ പുകഴ്ത്തി ഇന്ത്യക്കാരൻ

photo: Akash Bansal/X
photo: Akash Bansal/X

ചൈനയിലെ യാത്രാസൗകര്യത്തിൽ താൻ എത്രത്തോളം അത്ഭുതപ്പെട്ടുവെന്ന, ഡൽഹി ആസ്ഥാനമായുള്ള ഒരു സംരംഭകന്റെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. താൻ ഒറ്റദിവസംകൊണ്ട് 1600 കിലോമീറ്റർ സഞ്ചരിച്ചെന്നും രാത്രിയോടെ തിരികെ റൂമിലെത്തിയെന്നും സ്കൈവിക്കിന്റെ സഹസ്ഥാപകനായ ആകാശ് ബൻസൽ ആണ് വെളിപ്പെടുത്തിയത്. ചൈനയിലെ അതിവേഗ ട്രെയിനിൽ 4.5 മണിക്കൂർകൊണ്ട് പൂർത്തിയാക്കിയ 800 കിലോമീറ്റർ യാത്രയ്ക്ക് 4000 രൂപ ഉൾപ്പെടെ, മുഴുവൻ യാത്രയ്ക്കും ആകെ 8000 രൂപ മാത്രമാണ് ചെലവായതെന്നും ആകാശ് പറയുന്നു. വേഗത മാത്രമല്ല, തടസ്സങ്ങളില്ലാത്ത യാത്രാനുഭവമാണ് അദ്ദേഹത്തെ ഏറ്റവും കൂടുതൽ ആകർഷിച്ചത്.

'അങ്ങനെ, ഞാൻ മൂന്ന് മണിക്കൂർ മീറ്റിങ്ങിനായി ഒറ്റദിവസം 1600 കിലോമീറ്റർ യാത്ര ചെയ്തു. യാത്രയുടെ അവസാനം ഞാൻ അവശനായില്ല. ഇത് ചൈനയിലെ ജീവിതം എത്രത്തോളം സൗകര്യപ്രദമാണെന്ന് കാണിക്കുന്നു. രാവിലെ ഞാൻ ട്രെയിനിൽ കയറി ഒരു വശത്തേക്ക് 800 കിലോമീറ്റർ യാത്ര ചെയ്തു. ഒരു മീറ്റിങ്ങിൽ പങ്കെടുത്തു. രാത്രി തിരികെ എന്റെ കിടക്കയിൽ ഉറങ്ങാൻ എത്തി', ബൻസൽ കുറിച്ചു.

തുടർന്നുള്ള പോസ്റ്റിൽ, ചൈനീസ് റെയിൽവേ സ്റ്റേഷനുകളുടെ വലുപ്പത്തെയും കാര്യക്ഷമതയെയും പ്രശംസിക്കുകയും ബോർഡിങ് പ്രക്രിയ എത്രത്തോളം സുഖമമായിരുന്നെന്ന് പങ്കുവെക്കുകയും ചെയ്തു. 'സ്റ്റേഷനുകൾ വളരെ വലുതാണ്. പുറപ്പെടുന്നതിന് 10 മിനിറ്റ് മുൻപ് മാത്രം പ്ലാറ്റ്‌ഫോമിൽ പ്രവേശിച്ചാൽ മതി.  തിരിച്ചറിയൽ കാർഡോ പാസ്‌പോർട്ടോ സ്കാനറിൽ സ്കാൻ ചെയ്താൽ മതി, വാതിൽ തുറക്കും. നിങ്ങൾ നേരത്തെ എത്തുന്നു എന്ന് കരുതുക. കൗണ്ടറിൽ പോയാൽ അവർ നിങ്ങളുടെ ടിക്കറ്റ് നേരത്തെയുള്ള ട്രെയിനിലേക്ക് മാറ്റും. എത്ര ഗംഭീരം!', അദ്ദേഹം എഴുതി.

'സ്റ്റേഷനുകളിൽ ആയിരക്കണക്കിന് ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഇതിൽ ഏകദേശം 30 ശതമാനം മസാജ് ചെയറുകളാണ്. ഏകദേശം 100 രൂപ നൽകി മസാജ് ചെയ്തുകൊണ്ട് കാത്തിരിക്കാം. എല്ലാം വളരെ ചിട്ടയായ രീതിയിലാണ്'. അദ്ദേഹം തുടർന്നു.

കൂടാതെ, താൻ ഒരു സ്റ്റേഷനിൽ അരമണിക്കൂർ നേരത്തെ എത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ അടുത്തേക്ക് വന്ന് ടിക്കറ്റ് പരിശോധിക്കുകയും 10 മിനിറ്റിനുള്ളിൽ പുറപ്പെടുന്ന ട്രെയിനിലേക്ക് മാറ്റാൻ കൗണ്ടറിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും ബൻസൽ വിശദീകരിച്ചു. 'ഓർക്കുക, ഞാൻ ഒന്നും പറഞ്ഞില്ല, ആ വ്യക്തി സ്വന്തമായി ഇതെല്ലാം ചെയ്തു. അദ്ദേഹത്തിന് എന്നെ അവഗണിക്കാനും കഴിയുമായിരുന്നു', ബൻസൽ പറഞ്ഞു.

സംരംഭകന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഒട്ടേറെ പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ അദ്ദേഹത്തിന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചപ്പോൾ, മറ്റു ചിലർ തമാശയായി ചോദിച്ചത് എന്തുകൊണ്ട് ഓൺലൈനിൽ മീറ്റിങ്ങ് നടത്തിയില്ല എന്നാണ്.

'​ഗൂ​ഗിൾ മീറ്റോ സൂം ആപ്പോ ഉപയോ​ഗിക്കാമായിരുന്നില്ലേ?' ഒരു ഉപയോക്താവ് തമാശയായി എഴുതി. അതൊരു ഹാർഡ്‌വെയറുമായി ബന്ധപ്പെട്ട മീറ്റിങ് ആയിരുന്നെന്നും ഓൺലൈനായി ഇത് സാധ്യമല്ലായിരുന്നെന്നും ബൻസൽ മറുപടി നൽകി.

'ഇത് ശരിക്കും അതിശയകരമാണ്! ചൈനയുടെ അതിവേഗ റെയിൽ സംവിധാനത്തിന്റെ കാര്യക്ഷമതയും സൗകര്യവും യാത്രയെ തടസ്സമില്ലാത്ത അനുഭവമാക്കി മാറ്റുന്നു. ആധുനിക അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമമായ സംവിധാനങ്ങളും ഉപയോഗിച്ച് എന്തു നേടാമെന്ന് ഇത് തെളിയിക്കുന്നു. ദീർഘദൂര യാത്രകൾ പോലും ചെറുതായി തോന്നിപ്പിക്കുന്നു, മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. ഇത് സൗകര്യം മാത്രമല്ല, വലിയ അടിസ്ഥാന സൗകര്യങ്ങൾ വഴിയുള്ള ഉത്പാദനക്ഷമതയാണ്. വേഗത വിശ്വാസ്യതയുമായി കൂടിച്ചേരുമ്പോൾ, സാമ്പത്തിക ഉത്പാദനം വർധിക്കുന്നു. ഇവിടെ ഇന്ത്യക്ക് ഒരുപാട് പഠിക്കാനുണ്ട്', മൂന്നാമതൊരാൾ കമന്റ് ചെയ്തു.

'ചൈനയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ലാഭത്തിലാകാൻ ഇനിയും ഒരുപാട് ദൂരമുണ്ട്. ഇത്ര വലിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത് ഇപ്പോഴും ഒരു ആഡംബരമാണ്. ഇത് ഇന്ത്യയിൽ ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പകരം കൂടുതൽ എയർപോർട്ട് കണക്ടിവിറ്റി ഉണ്ടാകുന്നതാണ് നല്ലത്', ഒരു ഉപയോക്താവ് എഴുതി.

Content Highlights: Indian Man Praises China After Travelling 1600 km By High Speed Train