സംസ്ഥാനത്ത് ഹൈഡല്‍ ടൂറിസം വ്യാപകമാക്കും; ഡാമുകളില്‍ സൗകര്യം കൂട്ടാന്‍ 240 കോടി

പൊന്‍മുടി ഡാം
പൊന്‍മുടി ഡാം

പ്രകൃതിയുടെ വന്യഭംഗി നുകര്‍ന്ന് ജലാശയങ്ങളുടെ ഉള്ളറകളിലേക്കൊരു സാഹസികയാത്ര. ഏതുസഞ്ചാരിയുടെയും കണ്ണും മനസ്സും നിറയ്ക്കുന്ന ജലവിനോദസഞ്ചാരം (ഹൈഡല്‍ ടൂറിസം) യാഥാര്‍ഥ്യമാക്കാന്‍ ജലവിഭവവകുപ്പ് ഒരുങ്ങുന്നു. സഞ്ചാരികളുടെ മുഖ്യ ആകര്‍ഷണമായ മലമ്പുഴയടക്കമുള്ള സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലവിനോദസഞ്ചാര സൗകര്യമേര്‍പ്പെടുത്താന്‍ 240 കോടിരൂപ ചെലവഴിക്കും.

ഡാമുകളുടെ അടിസ്ഥാനസൗകര്യ വികസനത്തിനുപുറമേ, ബോട്ടിങ് യാര്‍ഡുകളുടെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മാണം, ആധുനിക ജലയാനങ്ങള്‍ സജ്ജീകരിക്കല്‍, സുരക്ഷിത സഞ്ചാരപാതയൊരുക്കല്‍, സാങ്കേതിക ജീവനക്കാരുടെ നിയമനം തുടങ്ങിയവ പൂര്‍ത്തിയാക്കും.

കേരള ജലസേചന പശ്ചാത്തലസൗകര്യ വികസന കോര്‍പറേഷന്‍ (കെ.ഐ.ഐ.ഡി.സി.) മേല്‍നോട്ടം വഹിക്കും. പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തവും വിനോദസഞ്ചാര വികസനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് ജലവിഭവവകുപ്പ് സെക്രട്ടറിയുടെ ഓഫീസധികൃതര്‍ പറഞ്ഞു.

തദ്ദേശീയരും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് ജലവിനോദസഞ്ചാര മേഖലയെ മാറ്റിയെടുക്കുന്നതിനാവശ്യമായ നിര്‍മിതികളുമൊരുക്കും. സാഹസിക ജലവിനോദ സഞ്ചാരസാധ്യതകള്‍ പരിമിതമായ തോതില്‍ ഉപയോഗപ്പെടുത്തുന്ന അണക്കെട്ടുകളും ജലാശയങ്ങളും സംസ്ഥാനത്തുണ്ട്. ഇവയുടെ വികസനസാധ്യതകളും ഉപയോഗപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.

പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍, പീച്ചി, വാഴാനി, ചിമ്മിണി, മാട്ടുപ്പെട്ടി, കുണ്ടള, നെയ്യാര്‍, ഭൂതത്താന്‍കെട്ട്, ശിരുവാണി, പോത്തുണ്ടി, തുമ്പൂര്‍മുഴി, തെന്മല, മംഗലം, കക്കി, മുല്ലപ്പെരിയാര്‍, ഇടുക്കി, മലമ്പുഴ, വാളയാര്‍, മംഗലം, കക്കയം, പെരുവണ്ണാമൂഴി, ബാണാസുരസാഗര്‍ എന്നീ അണക്കെട്ടുകളാണ് ജലവിനോദസഞ്ചാരത്തിന് സാധ്യതയേറെയുള്ളവയായി കണ്ടെത്തിയിട്ടുള്ളത്.

Content Highlights: hydel tourism in kerala