ഹെലികോപ്ടറിൽ കയറാം, കേരളാ ഭംഗി ആസ്വദിക്കാം; വരുന്നു ജില്ലകളിൽ 11ഹെലിപ്പാഡുകൾ

#ടി.ജി. ബേബിക്കുട്ടി
ഹെലിടൂറിസം ഉദ്ഘാടനം ചെയ്ത ശേഷം യാത്രക്കാർക്കൊപ്പം മന്ത്രി പി.എ. മുഹമ്മദ് റിയാസ്(ഫയൽ ചിത്രം- 2023 ഡിസംബർ 30) | Photo: PTI
ഹെലിടൂറിസം ഉദ്ഘാടനം ചെയ്ത ശേഷം യാത്രക്കാർക്കൊപ്പം മന്ത്രി പി.എ. മുഹമ്മദ് റിയാസ്(ഫയൽ ചിത്രം- 2023 ഡിസംബർ 30) | Photo: PTI

തിരുവനന്തപുരം: തീരക്കടലിൽ പതഞ്ഞുയരുന്ന തിരമാലയും കോടമഞ്ഞ് പുതച്ച മലനിരയും ഇനി ആകാശത്തിരുന്ന് ആവോളം ആസ്വദിക്കാം. സാഹസികവിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി കേരളത്തിന്റെ ആകാശത്ത് വിനോദസഞ്ചാര ഹെലികോപ്റ്ററുകൾ വട്ടമിടും. ഹെലികോപ്റ്ററുകൾക്ക് വന്നിറങ്ങാനും സഞ്ചാരികളെയുംകൊണ്ട് പറന്നുപൊങ്ങാനുമുള്ള 11 ഹെലിപ്പാഡുകളാണ് വിവിധ ജില്ലകളിലായി സജ്ജമാക്കുക. ചിലയിടങ്ങളിൽ നിലവിലുള്ളവ നവീകരിക്കും.

ഹെലിടൂറിസം നയത്തിന്റെ കരട് കഴിഞ്ഞദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയെങ്കിലും കൂടുതൽ വിലയിരുത്തലുകൾ ആവശ്യമെന്നുകണ്ട് അടുത്തയാഴ്ചത്തേക്ക് മാറ്റി. അംഗീകാരം ലഭിച്ചാൽ വിദഗ്‌ധനിർദേശങ്ങൾകൂടി പരിഗണിച്ച് പദ്ധതി ആരംഭിക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ ലക്ഷ്യം.

തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ ഹെലിപോർട്ടുകൾ സജ്ജമാക്കുമെന്നും നിർദിഷ്ട ഹെലിടൂറിസം നയം നിർദേശിക്കുന്നു. ഹെലികോപ്റ്ററുകൾക്ക് ഇന്ധനം നിറയ്ക്കാനും അത്യാവശ്യ അറ്റകുറ്റപ്പണിക്കും സൗകര്യമൊരുങ്ങും. സഞ്ചാരികളുടെ രേഖകൾ പരിശോധിച്ച് അവർക്ക് അവശ്യസേവനങ്ങൾ നൽകും.

അതേസമയം അണക്കെട്ടുകളും തടാകങ്ങളും കേന്ദ്രീകരിച്ചുള്ള ‘ജലവിമാനപദ്ധതി’യിൽ ചില ഘടകകക്ഷികൾക്കും പ്രാദേശികതലത്തിലും എതിർപ്പുയർന്നിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഹെലി ടൂറിസത്തിൽ കൂടുതൽ പഠനംവേണമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടത്. വനമേഖലയിലെ അണക്കെട്ടുകൾ കേന്ദ്രീകരിച്ചുള്ള ജലവിമാനപദ്ധതിയെ വനംവകുപ്പും എതിർക്കുന്നുണ്ട്.
 

Content Highlights: Helitourism project by tourism department