ലോകനഗരങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍, ഓണ്‍ അറൈവല്‍ വിസ; പുതിയ പാതകളില്‍ ഗോവന്‍ ടൂറിസം

വൈവിധ്യങ്ങളുടെ നാടാണ് ഗോവ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് സഞ്ചാരികളാണ് എല്ലാ വര്‍ഷവും ഗോവയിലേക്ക് എത്താറുള്ളത്. വര്‍ഷത്തില്‍ എല്ലാ ദിവസവും സീസണായ ഗോവയില്‍ സഞ്ചാരികളുടെ തിരക്കൊഴിഞ്ഞ സമയമില്ല. ആഭ്യന്തര സഞ്ചാരികള്‍ക്ക് എളുപ്പത്തില്‍ ഗോവയിലെത്താമെങ്കിലും വിദേശികള്‍തക്ക് അതത്ര എളുപ്പമല്ല. വിസയുള്‍പ്പടെ പല കടമ്പകളും കടന്നാലെ വിദേശികളായ സഞ്ചാരികള്‍ക്ക് ഗോവ കാണാനെത്താകുകയുള്ളു. എന്നാല്‍ ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കി കൂടുതല്‍ വിദേശികളെ ഗോവയിലെത്തിക്കാനുള്ള നടപടികളിലാണ് ഗോവന്‍ ഭരണകൂടം.
കൂടുതല്‍ വിദേശികളെ ഗോവയിലേക്ക് ആകര്‍ഷിക്കാനായി വിസ ഓണ്‍ അറൈവല്‍ പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ് സര്‍ക്കാര്‍. അതോടൊപ്പം വിദേശ രാജ്യങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് കണക്ടിവിറ്റി വര്‍ധിപ്പിക്കാനായി വിവിധ വിമാന കമ്പനികളുമായി സഹകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. മോസ്‌കോ ലണ്ടന്‍ തുടങ്ങിയ ലോകനഗരങ്ങളില്‍ നിന്ന് ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനും പദ്ധതിയുമുണ്ട്. പോളണ്ടില്‍ നിന്നുള്ള ഒരു ചാര്‍ട്ടര്‍ വിമാനം വരും ദിവസങ്ങളില്‍ ഗോവയില്‍ എത്തുന്നുണ്ട്. ഇത്തരത്തിലെത്തുന്ന വിദേശികള്‍ക്കാവും വിസ ഓണ്‍ അറൈവല്‍ ലഭിക്കുക.
ഗോവയിലെ നഗര ടൂറിസത്തിനപ്പുറത്തേക്ക് ഗ്രാമീണ കാഴ്ചകളിലേക്കും ധൂത് സാഗര്‍ ഉള്‍പ്പടെയുള്ള പ്രകൃതി വൈവിധ്യങ്ങളിലേക്കും വിദേശി സഞ്ചാരികളെ എത്തിക്കാനും പദ്ധതികള്‍ ഒരുങ്ങുന്നുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും ഗോവ ടൂറിസം മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്ന് വന്‍ തിരിച്ചുവരവാണ് ഗോവന്‍ ടൂറിസം നടത്തിയിരിക്കുന്നതെന്നും ടൂറിസം മന്ത്രാലയം വ്യക്തമാക്കി. 450,000 വിദേശികളാണ് 2023ല്‍ മാത്രം ഗോവയിലെത്തിയത്. എട്ട് ലക്ഷത്തിലേറെ ആഭ്യന്തര സഞ്ചാരികളും 2023ല്‍ ഗോവയിലെത്തി.
Content Highlights: goa proposes Visa on Arrival facility to boost international tourism