ജപ്പാനിലെയോ ചൈനയിലെയോ അതിവേഗ ട്രെയിനിലൂടെ സഞ്ചരിക്കുന്നതുപോലെ-വന്ദേഭാരതിനെ പ്രശംസിച്ച് ജര്‍മന്‍ ടൂറിസ്റ്റ്

വന്ദേ ഭാരത് ട്രെയ്‌നില്‍ യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് ജര്‍മന്‍ വിനോദസഞ്ചാരി. ഇത് കാണുമ്പോള്‍ ജപ്പാനിലെയോ ചൈനയിലെയോ അതിവേഗ ട്രെയിനാണ് ഓര്‍മ വരുന്നതെന്നും യാത്ര വളരേയധികം സുഖകരമായിരുന്നുവെന്നുവെന്നും ജര്‍മനിയില്‍ നിന്നുള്ള അലക്‌സാണ്ടര്‍ വെല്‍ഡര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. 'ഇന്ത്യയിലെ ഏറ്റവും ആധുനികമായ ട്രെയിനില്‍ ഒരു യാത്ര' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അഞ്ചര മണിക്കൂര്‍ നീണ്ട എക്‌സിക്യൂട്ടീവ് യാത്രയാണ് അലക്‌സാണ്ടറും സുഹൃത്തുക്കളും തിരഞ്ഞെടുത്തത്. ഭക്ഷണം ഉള്‍പ്പെടെ ഒരാള്‍ക്ക് 2100 രൂപ മാത്രമാണ് ചെലവായതെന്നും അദ്ദേഹം പറയുന്നു. 'ഇന്ന് ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും ആധുനിക ട്രെയിനായി കണക്കാക്കപ്പെടുന്ന വന്ദേ ഭാരതിന്റെ എക്‌സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യുകയാണ്. ഈ ട്രെയിനിലെ അനുഭവം എങ്ങനെയാണെന്ന് ഞാന്‍ നിങ്ങളെ കാണിച്ചുതരാം' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്.
യാത്രക്കാര്‍ക്ക് മനോഹരമായ ചുറ്റുപാടുകള്‍ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന ജനലിന് നേരെ തിരിക്കാവുന്ന വന്ദേ ഭാരതിലെ കറങ്ങുന്ന സീറ്റുകളില്‍ ജര്‍മ്മന്‍കാരന്‍ മതിപ്പ് പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. 'ഇത് കാണുമ്പോള്‍ ഞാന്‍ ജപ്പാനിലെയോ ചൈനയിലെയോ ഒരു അതിവേഗ ട്രെയിനിലാണെന്ന് തോന്നുന്നു. കൂടാതെ, ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റ് എത്ര വിശാലമാണെന്ന് നോക്കൂ. ഈ ലഗേജ് വളരെ വലുതാണെങ്കിലും അത് ഓവര്‍ഹെഡ് കംപാര്‍ട്ട്‌മെന്റില്‍ സുഖമായി ഒതുങ്ങുന്നു'- അദ്ദേഹം പറഞ്ഞു. കോച്ചില്‍ ഇന്ത്യന്‍, വെസ്റ്റേണ്‍ ശൈലിയിലുള്ള ടോയ്ലറ്റുകള്‍ ഉണ്ടായിരുന്നുവെന്നും അലക്‌സാണ്ടര്‍ കൂട്ടിച്ചേര്‍ത്തു.
ട്രെയിനില്‍ കയറിയ ശേഷം അലക്‌സാണ്ടറിന് സൗജന്യമായി ഒരു കുപ്പി വെള്ളം ലഭിച്ചു. തൊട്ടുപിന്നാലെ സൂപ്പും, ഒടുവില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ലഭിച്ചു. 'ഞങ്ങള്‍ക്ക് ചപ്പാത്തി, രണ്ട് തരം കറികള്‍, ചോറ്, പച്ചക്കറികള്‍ എന്നിവയുണ്ട്. അവിടെ ഐസ്‌ക്രീമും ഉണ്ട്'- അദ്ദേഹം പറഞ്ഞു.
പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ ആറര ലക്ഷത്തോളം പേരാണ് ഈ വീഡിയോ കണ്ടത്. 25000 പേര്‍ ലൈക്കും ചെയ്തു. ഒട്ടേറെപ്പേര് അലക്‌സാണ്ടറിനോട് നന്ദി പറഞ്ഞ് കമന്റ് ചെയ്തിട്ടുണ്ട്. 'ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നമ്മുടെ അതിഥികള്‍ ലഭ്യമായ സൗകര്യങ്ങള്‍ പരമാവധി ആസ്വദിക്കുന്നത് കാണുമ്പോള്‍ സന്തോഷം. അതിഥി ദേവോ ഭവഃ!'- ഒരു ഉപയോക്താവ് കുറിച്ചു. 'വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഇത് ഏറ്റവും ആഡംബരമുള്ള ട്രെയിനല്ല. നിങ്ങള്‍ മഹാരാജാസ് എക്‌സ്പ്രസ്, പാലസ് ഓണ്‍ വീല്‍സ്, ഗോള്‍ഡന്‍ ചാരിയറ്റ്, ഡെക്കാന്‍ ഒഡീസി എന്നിവ പരീക്ഷിക്കണം.' എന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ കമന്റ്.
Content Highlights: german tourist praises vande bharat train