വിമാനത്തില്‍ ഇനി പവര്‍ ബാങ്ക് വേണ്ട; കര്‍ശന നിരോധനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്‌

പ്രതീകാത്മക ചിത്രം | Photo: AP
പ്രതീകാത്മക ചിത്രം | Photo: AP

2025 ഒക്ടോബർ ഒന്ന് മുതൽ വിമാനങ്ങളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് നിരോധിക്കാനൊരുങ്ങി മുൻനിര എയർലൈൻ കമ്പനിയായ എമിറേറ്റ്സ്. പവർ ബാങ്കുകൾ കൈയിൽ കരുതുന്നതിനു തടസമില്ലെങ്കിലുംവിമാനത്തിനുള്ളിൽ ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുമെന്ന്എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

എമിറേറ്റ്സ് വിമാനത്തിലെ എല്ലാ സീറ്റുകളിലും ഇൻ സീറ്റ് ചാർജിങ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ദീർഘദൂര യാത്ര ചെയ്യുന്നവർ ഇലക്ട്രോണിക് ഡിവൈസുകൾ പൂർണമായും ചാർജ് ചെയ്ത ശേഷം യാത്ര ആരംഭിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ, ടാബ്ലെറ്റുകൾ, ക്യാമറകൾ തുടങ്ങിയവയ്ക്കൊപ്പം പവർ ബാക്ക്അപ്പിനായി യാത്രക്കാർ പവർ ബാങ്കുകൾ വിമാനയാത്രയിൽ ഉപയോഗിക്കാറുണ്ടായിരുന്നു. ഇതിനാണ് വിലക്ക് ഏർപ്പെടുത്തുന്നത്.

വിമാന യാത്രക്കാർക്ക് അവരുടെ ചെക്ക് ഇൻ ചെയ്ത ബാഗിൽ പവർ ബാങ്ക് സൂക്ഷിക്കാൻ പാടില്ലെന്നും എമിറേറ്റ്‌സ് നിർദേശം നൽകുന്നു. എന്നാൽ, കയ്യിൽ കരുതുന്ന ക്യാബിൻ ബാഗിൽ 100 mh നു താഴെയുള്ള പവർ ബാങ്ക് കരുതാം. ഇത് വിമാനത്തിനകത്തെ ക്യാബിനിൽ വയ്ക്കരുത്. സീറ്റ് കവറിൽ സൂക്ഷിക്കുന്നതിനു തടസമില്ല. ലിഥിയം ബാറ്ററികളുടെ അപകടസാധ്യതകൾ പരിഗണിച്ചാണ് പവർ ബാങ്ക് ഉപയോഗം നിരോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ലിഥിയം അയേൺ ബാറ്ററിയും ലിഥിയം പോളിമെർ ബാറ്ററിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന പവർ ബാങ്കുകൾക്ക് കേടുപാട് സംഭവിക്കുകയോ ഓവർ ചാർജ് ആകുകയോ ചെയ്താൽ തീപിടിത്തത്തിന് കാരണമാകുമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാരുടെ സൗകര്യത്തിന് ഇൻ സീറ്റ് ചാർജിങ് സംവിധാനം നൽകുന്നതിനൊപ്പം അപകട സാധ്യത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെന്നും എയർലൈൻസ് അറിയിച്ചു.

അതേസമയം, പവർ ബാങ്കുകളുടെ ഉപയോഗം പൂർണമായും നിരോധിക്കുന്ന ആദ്യ എയർലൈൻ കമ്പനിയല്ല എമിറേറ്റ്സ്. സിങ്കപ്പൂർ എയർലൈൻസ്, കൊറിയൻ എയർ, ചൈന എയർലൈൻസ് തുടങ്ങിയ ഏതാനും കമ്പനികൾ ഈ വർഷത്തിന്റെ ആരംഭത്തിൽ തന്നെ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ നിർദേശം അനുസരിച്ചാണ് ഈ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നത്.

Content Highlights: Emirates to prohibit power bank usage and carriage on flights starting October 1, 2025, citing safety concerns with lithium batteries. In-seat charging available.