ഓണ്‍ലൈൻ ടാക്‌സി ആന്‍ഡ്രോയിഡിലും ഐഫോണിലും ബുക്ക് ചെയ്താല്‍ വ്യത്യസ്ത നിരക്കോ! അന്വേഷണവുമായി കേന്ദ്രം

ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍നിന്ന് ബുക്ക് ചെയ്യുന്ന ഒരേ യാത്രയ്ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുവെന്ന ആരോപണത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കുനേരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. സംഭവത്തില്‍ ഒല, ഊബര്‍, റാപ്പിഡോ തുടങ്ങിയ റൈഡ് ആപ്പുകളെ കുറിച്ച് സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (സിസിപിഎ) അന്വേഷണം നടത്തുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രഹ്‌ലാദ് ജോഷി പറഞ്ഞു.
പ്രാഥമിക നിരീക്ഷണത്തില്‍ ഇത് അന്യായമായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര മന്ത്രി ഉപഭോക്തൃ ചൂഷണത്തോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വ്യക്തമാക്കി. ആന്‍ഡ്രോയിഡുകാരില്‍നിന്നും ഐഫോണുകാരില്‍നിന്നും വ്യത്യസ്ത നിരക്ക് ഈടാക്കുന്നുവെന്ന വാര്‍ത്ത സംബന്ധിച്ച് എക്‌സിലൂടെയായിരുന്നു പ്രഹ്‌ലാദ് ജോഷിയുടെ പ്രതികരണം.
ഓണ്‍ലൈന്‍ ടാക്‌സിയില്‍ മാത്രമായിട്ട് അന്വേഷണം ഒതുങ്ങില്ല. ഫുഡ് ഡെലിവറി ആപ്പുകളിലും ടിക്കറ്റ് ബുക്കിങ് ആപ്പുകളിലും ഇത്തരത്തില്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നുണ്ടോയെന്നും പരിശോധിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒരേ ദൂരമുള്ള യാത്രയ്ക്ക് ആന്‍ഡ്രോയിഡ് ഫോണില്‍നിന്ന് ബുക്ക് ചെയ്യുമ്പോള്‍ കുറവും ഐഫോണില്‍നിന്ന് ബുക്ക് ചെയ്യുമ്പോള്‍ കൂടുതലും ചാര്‍ജ് ഈടാക്കുന്നുവെന്നാണ് ആരോപണം.
സാമൂഹിക മാധ്യമങ്ങളില്‍ നിരവധി ആളുകള്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ ഫോണിനെ അടിസ്ഥാനമാക്കി യാത്രാനിരക്ക് നിശ്ചയിക്കുന്ന നയം തങ്ങള്‍ക്കില്ലെന്നാണ് യൂബറിന്റെ പ്രതികരണം. ബുക്ക് ചെയ്ത സമയം, ദൂരം, ഒരു നിര്‍ദ്ദിഷ്ട പ്രദേശത്തെ ക്യാബുകളുടെ തത്സമയ ഡിമാന്‍ഡ് തുടങ്ങിയ ഘടകങ്ങള്‍ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാകാമെന്നും അവര്‍ പറയുന്നു.
Content Highlights: different rate booking an online cab on Android and iPhone; Center with investigation