കോവിഡ് കാലത്തും വിദേശ യാത്ര നടത്താം, ചെക്ക് റിപ്പബ്ലിക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു

Photo: twitter.com|Martin_Kral
Photo: twitter.com|Martin_Kral

പ്രാഗ്: കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ആഗോള ടൂറിസം മേഖലയൊന്നാകെ ശിഥിലമായിരിക്കുകയാണ്. മിക്ക രാജ്യങ്ങളും വിദേശ സഞ്ചാരികളെ വിലക്കി രാജ്യം സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ അത്തരം രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുകയാണ് ചെക്ക് റിപ്പബ്ലിക്ക്.

കോവിഡിനിടയിലും സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങുകയാണ് ചെക്ക് റിപ്പബ്ലിക്. മേയ് 24 മുതല്‍ ഏത് രാജ്യത്തുനിന്നുള്ള യാത്രികനും ചെക്ക് റിപ്പബ്ലിക്കിലേക്ക് വിനോദ സഞ്ചാരത്തിനായി ടിക്കറ്റെടുക്കാം. 

അതിനായി ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സഞ്ചാര കേന്ദ്രങ്ങളുമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. 2020 ഡിസംബര്‍ മുതല്‍ അടഞ്ഞുകിടന്നിരുന്ന രാജ്യം ഇതാദ്യമായാണ് കോവിഡിനിടയില്‍ വിനോദ സഞ്ചാരത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. 

നിലവില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും മരുന്നുമായി ബന്ധപ്പെട്ട് യാത്ര നടത്തുന്നവര്‍ക്കും മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മേയ് 24 മുതല്‍ വിനോദ സഞ്ചാരികള്‍ക്കും ചെക്ക് റിപ്പബ്ലിക്കിലേക്ക് പറന്നിറങ്ങാം. 

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ നിലവില്‍ യാത്ര ചെയ്യാനാകൂ. ആദ്യ ഘട്ടത്തില്‍ രാജ്യത്ത് കോവിഡ് വ്യാപകമായിരുന്നെങ്കിലും ഇന്ന് ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. നിലവില്‍ 100-ല്‍ താഴെ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Czech Tourism set to lift restrictions off hotels and other accommodation options

Content Highlights: