വന്‍മതില്‍ കാണണോ? ഈ 9 രാജ്യക്കാര്‍ക്കു കൂടി വിസയില്ലാതെ ഇനി ചൈനയിലെത്താം

ദക്ഷിണ കൊറിയയും നോര്‍വെയും ഫിന്‍ലന്‍ഡും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ള പൗരര്‍ക്കു കൂടി വിസയില്ലാതെ രാജ്യത്തേക്ക് പ്രവേശനം പ്രഖ്യാപിച്ച് ചൈന. ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
നവംബര്‍ എട്ടു മുതല്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ ഉള്‍പ്പെടെ സ്ലൊവാക്യ, ഡെന്‍മാര്‍ക്ക്, ഐസ്ലാന്‍ഡ്, അന്‍ഡോറ, മൊണാക്കോ, ലിച്ചെന്‍സ്റ്റീന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പൗരന്മാര്‍ക്ക് വിസയില്ലാതെ 15 ദിവസം വരെ ചൈനയില്‍ കഴിയാം. ടൂറിസ്റ്റുകള്‍ക്കും ബിസിനസ് ആവശ്യത്തിനും കുടുംബാംഗങ്ങളെ കാണാനെത്തുന്നവര്‍ക്കുമെല്ലാം ഈ സൗകര്യം ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ 2025 ഡിസംബര്‍ 31 വരെയാണ് ഈ വിസരഹിത പ്രവേശനത്തിന്റെ കാലാവധി.
പുതുതായി ലഭ്യമായ കണക്കുകളനുസരിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ ചൈനയിലേക്കുള്ള വിദേശയാത്രികരുടെ എണ്ണം 81 ലക്ഷത്തിലെത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 48.8 ശതമാനം വര്‍ധനവാണ് യാത്രികരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ 48 ലക്ഷം പേര്‍ വിസ ഒഴിവാക്കല്‍ നയം വഴി ചൈനയിലെത്തിയവരാണ്.
Content Highlights: China has announced visa-free entry for citizens of 9 more countries including South Korea, Norway