ചൂടേറിയ കാലാവസ്ഥ; ഓപ്പൺ റൂഫ് ഡബിൾ ഡക്കർ ബസ് നിരത്തിലെത്തില്ല, പദ്ധതി ഉപേക്ഷിച്ചെന്ന് എംടിസി

ചെന്നൈ: നഗരത്തിൽ മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷ(എം.ടി.സി.)ന്റെ ഓപ്പൺ റൂഫ് ഡബിൾ ഡക്കർ ബസ് സർവീസ് ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു. നഗരത്തിലെ ചൂടേറിയ കാലാവസ്ഥയിൽ പദ്ധതി യാഥാർഥ്യമാകില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.
ചൂട് കുറവുള്ള വിനോദ സഞ്ചാരമേഖലകളിൽ ഇത്തരം ബസ് സർവീസുകൾ ആരംഭിക്കാനുള്ള സാധ്യത സർക്കാരിന്റെ പരിഗണനയിലാണെന്നും എം.ടി.സി. അധികൃതർ അറിയിച്ചു. അതേസമയം, ചെന്നൈയിൽ 625 ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നുണ്ട്.
നഗരത്തിൽ 20 ഓപ്പൺ റൂഫ് ഡബിൾ ഡെക്കർ വൈദ്യുത ബസുകൾ കൊണ്ടുവരാനായിരുന്നു കഴിഞ്ഞമാസം തീരുമാനിച്ചിരുന്നത്. എന്നാൽ, മഴക്കാലത്തും കടുത്തവേനലിലും ബസുകൾ എങ്ങനെ സർവീസ് നടത്തുമെന്ന് ട്രാൻസ്പോർട്ട് കോർപ്പറേഷൻ അന്ന് വ്യക്തമാക്കിയിരുന്നില്ല. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിരാവിലെയും വൈകീട്ടും സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ അധികൃതർ പറഞ്ഞത്.
16 എ.സി. ബസുകളും നാല് നോൺ എ.സി. ബസുകളും ഓടിക്കാനായി സ്വകാര്യകമ്പനിയുമായി ധാരണയിലുമായിരുന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ഓപ്പൺ റൂഫ് ഡബിൾ ഡെക്കർ ബസുകൾ ഓടിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 21 വർഷത്തിനുശേഷം ഈ വർഷം ജനുവരി 12-നാണ് നഗരത്തിൽ വീണ്ടും സാധാരണ ഡബിൾ ഡെക്കർ ബസുകൾ സർവീസ് ആരംഭിച്ചത്.
20 എ.സി. ഡബിൾ ഡെക്കർ വൈദ്യുത ബസുകളാണ് സർവീസ് ആരംഭിച്ചിരുന്നത്. ചെന്നൈ മെട്രപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും തമിഴ്‌നാട് ടൂറിസം വികസന കോർപ്പറേഷനും ചേർന്നാണ് ഡബിൾഡെക്കർ സർവീസ് നടത്തുന്നത്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ലക്ഷ്യം. തുടക്കത്തിൽ അഡയാറിൽനിന്ന് മഹാബലിപുരത്തേക്കാണ് സർവീസ് നടത്തുന്നത്. 1970 മുതൽ 2001 വരെ സംസ്ഥാനത്ത് ഡബിൾ ഡെക്കർ ബസ് നഗരത്തിലെ റോഡുകളിൽ സർവീസ് നടത്തിയിരുന്നു.
Content Highlights: MTC officially cancels the open-roof double-decker bus project in Chennai., The decision was driven by the city's extreme weather conditions., Government considering alternative tourist regions for the service., Chennai continues to operate its fleet of 625 electric buses.