1000 ജീവനക്കാർക്ക് ലണ്ടൻ ട്രിപ്പ് സ്പോൺസർ ചെയ്ത് ചെന്നൈ കമ്പനി; പിന്നിൽ ഒരു കാരണവും

പുതിയ വാഹനങ്ങൾ സമ്മാനിച്ചും സൗജന്യ യാത്രകളൊരുക്കിയും ജീവനക്കാരെ ചേർത്തുനിർത്തുന്ന ചില കമ്പനികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. സ്വന്തം തൊഴിലാളികളോട് സൗഹൃദപരമായും സ്നേഹത്തോടേയും പെരുമാറുന്ന ഇത്തരം കമ്പനികൾ എന്നും മാതൃക തന്നെ. പക്ഷെ ഇത്തരം നേട്ടങ്ങൾ ആ സ്ഥാപനങ്ങളിലെ ചുരുക്കം ചില ജീവനക്കാരിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നു എന്നതും ഒരു യാഥാർഥ്യമാണ്. എന്നാൽ തങ്ങളുടെ 1000 ജീവനക്കാർക്കായി സൗജന്യ വിദേശയാത്ര ഒരുക്കിയിരിക്കുന്ന ഒരു കമ്പനിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ കാസഗ്രാൻഡ് ആണ് ജീവനക്കാർക്ക് ലണ്ടനിലേക്ക് അവധിക്കാല യാത്ര സ്പോൺസർ ചെയ്തിരിക്കുന്നത്. കമ്പനിയുടെ വാർഷിക ലാഭവിഹിത ബൊണാൻസയുടെ ഭാഗമായാണ് ഒരാഴ്ചത്തെ ഈ യാത്ര. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ച് അവർക്ക് ആഗോള യാത്രാനുഭവങ്ങൾ നൽകുകയാണ് കമ്പനി ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നിലധികം ബാച്ചുകളായാണ് ജീവനക്കാരെ യാത്രയ്ക്ക് കൊണ്ടുപോകുക. പ്രമുഖ എയർലൈനുകളുമായി സഹകരിച്ചാണ് ലണ്ടൻ യാത്ര സംഘടിപ്പിക്കുന്നത്.
പദവിയോ സീനിയോറിറ്റിയോ പരിഗണിക്കാതെ എല്ലാ ജീവനക്കാരും ഒരുമിച്ച് യാത്ര ചെയ്യുകയും ഒരുമിച്ച് താമസിക്കുകയും യാത്രയിലുടനീളം തുല്യ പരിഗണന ലഭിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്പനി ഉറപ്പാക്കുന്നുണ്ട്.
സെൻ്റ് പോൾസ് കത്തീഡ്രൽ, ലണ്ടൻ ബ്രിഡ്ജ്, ബിഗ് ബെൻ, ബക്കിങ്ഹാം കൊട്ടാരം, പിക്കാഡിലി സർക്കസ്, ട്രഫാൽഗർ സ്ക്വയർ, മാഡം തുസോഡ്സ്, തേംസ് നദിയിലെ ബോട്ട് യാത്ര എന്നിവ ലണ്ടൻ യാത്രയിൽ ഉൾപ്പെടുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ദുബായിലെയും വിവിധ ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരെ ഒരുമിപ്പിച്ചു കൊണ്ടുള്ള ഈ ലണ്ടൻ യാത്ര, നഗരത്തിന്റെ പൈതൃകത്തിന്റെയും സംസ്കാരത്തിന്റെയും അവിസ്മരണീയമായ അനുഭവം നൽകാൻ പ്രത്യേകം തയ്യാറാക്കിയതാണ്. കമ്പനിയുടെ ഈ ലാഭവിഹിത ബൊണാൻസയിലൂടെ ആറായിരത്തിൽ അധികം ടീം അംഗങ്ങൾ മുൻപ് സിങ്കപ്പുർ, തായ്‌ലൻഡ്, മലേഷ്യ, ദുബായ്, സ്പെയിൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
"കാസഗ്രാൻഡ് യഥാർഥത്തിൽ എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് അത് ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം യാത്രകൾ. ഞങ്ങളുടെ ടീമുകളാണ് ഈ സ്ഥാപനത്തിന്റെ ആത്മാവ്. അവരുടെ സന്തോഷവും ചിരിയും കാണുന്നതാണ് ഏറ്റവും വലിയ കാര്യം’- കാസഗ്രാൻഡ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അരുൺ എം.എൻ. പറഞ്ഞു.
സമ്പത്ത് പങ്കുവെക്കുന്നതിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ നിരവധി ആളുകൾ അവരുടെ ജീവിതത്തിൽ ആദ്യമായി വിദേശയാത്ര നടത്തുന്നു എന്നറിയുന്നതും മറ്റ് പലർക്കും ഇത് വീണ്ടും അനുഭവിക്കാൻ അവസരം ലഭിക്കുന്നതും വലിയ സന്തോഷം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Casagrand sends 1000 employees on a fully sponsored week-long holiday to London as an annual profit share bonanza, recognizing their contributions with global travel experiences.