കൂടുതല്‍ സുന്ദരിയാവാനൊരുങ്ങി കോവളം; 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് അനുമതി

വിനോദസഞ്ചാര മേഖലയില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാന കടല്‍ത്തീരങ്ങളിലൊന്നായ കോവളവും സമീപ തീരങ്ങളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പുവരുത്താനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് രണ്ട് ഘട്ടമായാണ് നവീകരണപദ്ധതി നടപ്പിലാക്കുക. ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, കോര്‍പ്പറേഷന്‍ ഭൂമിയിലേക്കുള്ള യാത്രാസൗകര്യം, ഐ.ബി. ബീച്ചിലേക്കുള്ള യാത്രാസൗകര്യവികസനം, ഐ.ബി. ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും അതിര്‍ത്തി നിര്‍ണയം, തെങ്ങിന്‍തോട്ടഭൂമി ഏറ്റെടുക്കല്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക.
ഐ.ബി. ബീച്ചിന്റെയും അടിമലത്തുറ ബീച്ചിന്റെയും കൂടുതല്‍ വികസനം, തെങ്ങിന്‍തോട്ടഭൂമി വികസനം എന്നിവയാണ് രണ്ടാംഘട്ടമായി നടപ്പാക്കുക.
ചുമതല വാപ്‌കോസിന്
കിഫ്ബി തയ്യാറാക്കി സമര്‍പ്പിച്ച പദ്ധതി അനുസരിച്ചാണ് നവീകണം. പദ്ധതി നടപ്പാക്കാനുള്ള പ്രത്യേകോദ്ദേശ്യ കമ്പനിയായി വാപ്‌കോസിനെ ചുമതപ്പെടുത്താനും തീരുമാനിച്ചു.
ചന്ദ്രക്കലയുടെ ആകൃതിയിലുള്ള മൂന്ന് ബീച്ചുകളുള്ള കോവളം ആഴം കുറഞ്ഞ വെള്ളവും വേലിയേറ്റ തിരമാലകളും കാരണം ആഭ്യന്തര, വിദേശ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. കോവിഡ് പ്രതിസന്ധിയും കടലേറ്റവും കാരണം പ്രതിസന്ധിയിലായ കോവളത്തിന്റെ സമഗ്ര വികസനപദ്ധതി തയ്യാറാക്കാനായി മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
കോവളത്തിന്റെ പ്രതാപം വീണ്ടെടുക്കും
കേരളത്തെ ടൂറിസം ഹബ്ബാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വികസനത്തിലൂടെ കോവളത്തിന്റെ പ്രതാപം വീണ്ടെടുക്കും.
പി.എ.മുഹമ്മദ് റിയാസ്- വിനോദസഞ്ചാര വകുപ്പ് മന്ത്രി
Content Highlights: Cabinet approves special project worth Rs 93 cr to renovate Kovalam beach