ചെക്ക് ഡാമിന്റെ ഷട്ടര്‍ കേടായി; ഭൂതത്താന്‍കെട്ടില്‍ ബോട്ടിങ് നിലച്ചു

ഭൂതത്താന്‍കെട്ട്: പെരിയാറില്‍ ജലനിരപ്പ് താഴുകയും തടാകത്തില്‍ സംഭരിച്ച വെള്ളം കുടിവെള്ള ആവശ്യത്തിനായി തുറന്നുവിടുകയും ചെയ്തതോടെ ഭൂതത്താന്‍കെട്ടില്‍ ബോട്ട് സര്‍വീസ് നിലച്ചു. മഴ ശക്തിപ്രാപിക്കുമെന്ന കണക്കുകൂട്ടലിലാണ് ഭൂതത്താന്‍കെട്ട് ഡാം തുറന്നുവിട്ടതെന്ന് പെരിയാര്‍ വാലി അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഡാമിലെ ജലനിരപ്പ് 32 മീറ്ററാണ്.
കഴിഞ്ഞ ദിവസം ജലനിരപ്പ് ഇതിലും താഴെയായിരുന്നു. മഴക്കാലത്ത് ഡാമിന്റെ ഷട്ടര്‍ കൂടുതല്‍ തുറക്കുമ്പോള്‍ തടാകത്തിലും പരിസരത്തുമായി വെള്ളം സംഭരിച്ച് ബോട്ട് ഓടിക്കാനുമായി സ്ഥാപിച്ച ചെക്ക് ഡാമിന്റെ ഷട്ടര്‍ കേടായതാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം. കഴിഞ്ഞ രാത്രി വെള്ളം നിറച്ച ശേഷം ചെക്ക് ഡാം അടയ്ക്കുന്നതിനിടെ ഷട്ടര്‍ കുരുങ്ങി. ഷട്ടര്‍ ഉയര്‍ത്താനും താഴ്ത്താനും സാധിക്കാത്ത അവസ്ഥയിലായി.
ഇതോടെ ചെക്ക് ഡാമിലുണ്ടായിരുന്ന വെള്ളം പെരിയാറിലേക്ക് ഒഴുകി. തടാകം വറ്റിയതോടെ ടൂറിസ്റ്റുകള്‍ക്കുള്ള ബോട്ട് ഓടിക്കലും നിലച്ചു.
ഡാമിനു സമീപത്തെ തടയണ താഴ്ത്തിയാണ് തടാകവും ചേര്‍ന്നുള്ള വൃഷ്ടിപ്രദേശവും ജലസമൃദ്ധമാക്കിയിരുന്നത്. മഴക്കാലം കണക്കിലെടുത്ത്് ജൂണ്‍ ആദ്യവാരത്തിനു മുമ്പേ കനാലുകള്‍ അടച്ചിരുന്നു. പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് ഞായറാഴ്ച മെയിന്‍ കനാല്‍ തുറന്നത്. ചൊവ്വാഴ്ച രാവിലെ കനാല്‍ അടയ്ക്കുകയും ചെയ്തു. കനാലിലേക്ക് വെള്ളം തുറന്നതോടെ തടാകത്തിലെയും വൃഷ്ടിപ്രദേശത്തെയും വെള്ളം താഴ്ന്നിരുന്നു. പെരിയാറിലെക്കാള്‍ തടാകം ഭാഗത്ത് രണ്ടര മീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നുനിന്ന സമയത്താണ് കനാല്‍ തുറന്നത്. സംഭരിച്ച വെള്ളം ഒട്ടുമുക്കാലും കനാലിലൂടെ ഒഴുക്കിയതോടെ തടാകത്തില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തടയണ ഷട്ടര്‍ ഉയര്‍ത്തുന്നതിനിടെയാണ് കേടായത്. ജലം പെരിയാറിലേക്ക്്് ഒഴുകിപ്പോയതോടെ പെഡല്‍ ബോട്ടുകള്‍ ഉള്‍പ്പെടെ മറിഞ്ഞ് വീണു.
പുതുതായി സ്ഥാപിച്ച തടയണ കഴിഞ്ഞ വര്‍ഷമാണ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഒരു വര്‍ഷം പിന്നിടും മുമ്പേ ഷട്ടര്‍ കേടാവുകയും ചെയ്തു. ഷട്ടറിന്റെ അറ്റകുറ്റപ്പണി തീര്‍ത്ത് ബുധനാഴ്ചയോടെ തടാകത്തിലും മറ്റും വെള്ളം സംഭരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പെരിയാര്‍വാലി അധികൃതര്‍.
കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ ഇക്കുറി കനാലുകള്‍ വീണ്ടും തുറക്കേണ്ട അവസ്ഥയിലാവുമെന്നും പെരിയാര്‍വാലി അധികൃതര്‍ ചൂണ്ടിക്കാട്ടി.
Content Highlights: boating bhoothathankettu