ലോകത്തെ ഏറ്റവും ചെലവേറിയ ടൂറിസ്റ്റ് വിസ ഈ രാജ്യത്തിന്റേത്; പിന്നിൽ ഒരു കാരണവും

അമേരിക്ക, ഓസ്‌ട്രേലിയ, അല്ലെങ്കിൽ യുകെ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് വിസ നേടുന്നത് ചെലവേറിയതാണെന്ന് നിങ്ങൾ കരുതിയിരുന്നെങ്കിൽ, ഈ വെളിപ്പെടുത്തൽ നിങ്ങളെ ഞെട്ടിക്കും. കാരണം ലോകത്തിലെ ഏറ്റവും ചെലവേറിയ ടൂറിസ്റ്റ് വിസകളുടെ പട്ടികയിൽ ഈ രാജ്യങ്ങളൊന്നും ഒന്നാം സ്ഥാനത്തില്ല. ഏറ്റവും ഉയർന്ന ടൂറിസ്റ്റ് വിസ ചെലവുവരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കിഴക്കൻ ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന ഭൂട്ടാനാണ്.
ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യവും ഇന്ത്യയുടെ തൊട്ടടുത്ത അയൽരാജ്യവും വിസ്തീർണത്തിൽ ചെറുതാണെങ്കിലും ഹിമാലയൻ സൗന്ദര്യത്തിലും സാംസ്കാരിക പൈതൃകത്തിലും ഉയർന്ന സ്ഥാനത്താണ്. സുസ്ഥിര വികസന ഫീസ് (SDF) അടിസ്ഥാനമാക്കിയുള്ളതുകൊണ്ടാണ് ഭൂട്ടാന്റെ വിസ മാതൃക വേറിട്ടുനിൽക്കുന്നത് .
ഈ ഫീസ് ഭൂട്ടാനെ പ്രതിദിന അടിസ്ഥാനത്തിൽ സന്ദർശിക്കാൻ ഏറ്റവും ചെലവേറിയ രാജ്യമാക്കി മാറ്റിയിരിക്കുന്നു. ഓരോ സന്ദർശകനും രാജ്യത്തിന്റെ സന്തോഷത്തിനും പരിസ്ഥിതിക്കും നേരിട്ട് സംഭാവന നൽകുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
എന്താണ് സുസ്ഥിര വികസന ഫീസ്
ലോകത്തിലെ ഏറ്റവും ചെലവേറിയ ടൂറിസ്റ്റ് പ്രവേശനം ഭൂട്ടാനിലേക്കാണ്. ഓരോ വിദേശ വിനോദസഞ്ചാരിയും ടൂറിസ്റ്റ് വിസ നേടുകയും ഒരു രാത്രിക്ക് 100 ഡോളർ എന്ന നിരക്കിൽ സുസ്ഥിര വികസന ഫീസ് അടയ്ക്കുകയും വേണം.
ഏകദേശം 40 ഡോളർ വരുന്ന വിസ പ്രോസസ്സിങ് ചാർജിന് പുറമെയാണ് ഈ ഫീസ് ഈടാക്കുന്നത്. നാല് രാത്രി നീളുന്ന ഒരു യാത്രയ്ക്ക്, നിലവിലുള്ള പ്രൊമോഷണൽ ഇളവുകൾ അനുസരിച്ച് സന്ദർശകർ ഏകദേശം 440 മുതൽ 840 ഡോളർ വരെ അടയ്ക്കേണ്ടിവരും.
ഭൂട്ടാനിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇമിഗ്രേഷന്റെയും ടൂറിസം കൗൺസിൽ ഓഫ് ഭൂട്ടാന്റെയും (TCB) കണക്കനുസരിച്ച്, സൗജന്യ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വന സംരക്ഷണം (രാജ്യത്തിന്റെ 70 ശതമാനത്തിലധികം വനമാണ്), പുരാതന ആശ്രമങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് SDF നേരിട്ട് പണം നൽകുന്നു.
ഈ ഫീസ് ഒരു സാധാരണ നികുതിയല്ലെന്നും ഭൂട്ടാന്റെ കാർബൺ-നെഗറ്റീവ് പദവി നിലനിർത്താൻ രൂപകൽപന ചെയ്തതാണെന്നും ഔദ്യോഗിക രേഖകൾ പറയുന്നു. ഇതിന് വിപരീതമായി, മിക്ക രാജ്യങ്ങളും ഒരു നിശ്ചിത നിരക്കിലുള്ള ടൂറിസ്റ്റ് വിസ ഫീസാണ് ഈടാക്കുന്നത്. യു.എസ്. B1/B2 വിസയ്ക്ക് ഏകദേശം 185 ഡോളർ ചിലവാകും. ഒരു ഷെംഗൻ വിസയ്ക്ക് ശരാശരി 85 ഡോളറാണ്.
ഈ അതുല്യമായ മാതൃക, പ്രതിദിന പ്രവേശന ചെലവ് കണക്കാക്കുമ്പോൾ, ഭൂട്ടാനെ ലോകത്തിലെ ഏറ്റവും ചെലവേറിയ വിസ ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. അതേസമയം, ഭൂട്ടാനിലേക്ക് കടക്കാൻ ഇന്ത്യൻ യാത്രക്കാർക്ക് വിസ ആവശ്യമില്ല. ഒരു എൻട്രി പെർമിറ്റ് മാത്രം മതി. എന്നാൽ മറ്റ് വിദേശ വിനോദസഞ്ചാരികൾക്ക് വിസ നിർബന്ധമാണ് (ബംഗ്ലാദേശ്, മാലദ്വീപ് പൗരന്മാർക്ക് ഒഴികെ, അവർക്ക് പാസ്‌പോർട്ട് അല്ലെങ്കിൽ വോട്ടർ ഐഡി ഉപയോഗിച്ച് പ്രവേശിക്കാം.
എന്തുകൊണ്ട് ഇത്ര ചെലവേറിയത്
കണക്കുകൾ പ്രകാരം, ഓരോ വർഷവും ഏകദേശം 3,15,000 സന്ദർശകരാണ് ഭൂട്ടാനിലെത്തുന്നത്. ഇത് ഹിമാലയൻ അയൽരാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. കുറഞ്ഞ എണ്ണം സന്ദർശകരിൽനിന്ന് ഉയർന്ന ടൂറിസം വരുമാനം ലഭിക്കുന്നത് ഭൂട്ടാനീസ് സംസ്കാരവും, പാരമ്പര്യങ്ങളും, പരിസ്ഥിതിയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നുവെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനകളിൽ പറയുന്നു.'
ഓരോ യാത്രക്കാരനും ഒരു പോസിറ്റീവ് കാഴ്ചപ്പാട് അവശേഷിപ്പിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഭൂട്ടാന്റെ മാർഗമാണ് സുസ്ഥിര വികസന ഫീസ്. ഈയവസരത്തിൽ, ഭൂട്ടാനിൽ തീർച്ചയായും സന്ദർശിക്കേണ്ട അഞ്ച് പ്രധാന ആകർഷണങ്ങൾ നോക്കാം:
പാറോ തക്ത്സാങ് (ടൈഗേഴ്സ് നെസ്റ്റ് മൊണാസ്ട്രി)
3,000 മീറ്റർ ഉയരമുള്ള ഒരു പാറയുടെ മുകളിൽ സ്ഥിതിചെയ്യുന്ന പാറോ തക്ത്സാങ് അഥവാ ടൈഗേഴ്സ് നെസ്റ്റ് ഭൂട്ടാനിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിൽ ഒന്നാണ്. ഐതിഹ്യമനുസരിച്ച്, ഗുരു പത്മസംഭവൻ എട്ടാം നൂറ്റാണ്ടിൽ ഒരു പെൺകടുവയുടെ പുറത്ത് ഇവിടെയെത്തി ധ്യാനിച്ചിരുന്നു. അതിമനോഹരമായ കാഴ്ചകളാണ് ഇവിടെയുള്ളത്.
പുനാഖ സോങ്
ഫോ ഛു, മോ ഛു എന്നീ രണ്ട് നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു വാസ്തുവിദ്യാ വിസ്മയമാണിത്. ഒരുകാലത്ത് ഇത് സർക്കാരിന്റെ ആസ്ഥാനമായിരുന്നു. ഇന്നും പ്രധാനപ്പെട്ട രാജകീയവും മതപരവുമായ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കുന്നു. കോട്ടയുടെ വെള്ള പൂശിയ ചുവരുകളും അലങ്കരിച്ച തടി ജനലുകളും ഭൂട്ടാനീസ് കലയുടെ ഉത്തമ ഉദാഹരണങ്ങളാണ്.
തിമ്പു
ഭൂട്ടാന്റെ തലസ്ഥാനമാണ് തിമ്പു. ഈ മനോഹരമായ നഗരം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സവിശേഷമായ ഒരു സംയോജനം നൽകുന്നു. ഇവിടെ തീർച്ചയായും സന്ദർശിക്കേണ്ട ചില ആകർഷണങ്ങളിൽ നാഷണൽ മെമ്മോറിയൽ ചോർട്ടൻ, ബുദ്ധ ദോർദേന്മ പ്രതിമ (ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെങ്കല ബുദ്ധ പ്രതിമകളിലൊന്ന്) എന്നിവ ഉൾപ്പെടുന്നു. ഇവിടെ വരുമ്പോൾ, വർണാഭമായ വാരാന്ത്യ വിപണികളിൽ ഷോപ്പിങ് നടത്താൻ മറക്കരുത്.
ദോച്ചുലാ പാസ്
3,100 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദോച്ചുലാ പാസ് ഹിമാലയത്തിന്റെ വിശാലമായ കാഴ്ചകൾ നൽകുന്നു. ഇവിടെയുള്ള 108 ചോർട്ടനുകൾ (സ്തൂപങ്ങൾ) സേവനത്തിനിടെ മരിച്ച ഭൂട്ടാനീസ് സൈനികരുടെ സ്മരണയ്ക്കായി നിർമിച്ചതാണ്. പാറിക്കളിക്കുന്ന പ്രാർഥനാ പതാകകൾക്കിടയിലുള്ള സ്ഥാനം ഇതിനെ അവിസ്മരണീയമായ ഇടത്താവളമാക്കുന്നു.
ഫോബ്ജിക വാലി
വംശനാശഭീഷണി നേരിടുന്ന കറുത്ത കഴുത്തുള്ള കൊക്കുകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ ഫോബ്ജിക വാലി പ്രശസ്തമാണ്. മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ഐക്യത്തോടുള്ള ഭൂട്ടാന്റെ ഭക്തി ഈ സ്ഥലം പ്രകടമാക്കുന്നു. പരമ്പരാഗത ഫാം ഹൗസുകളും ആശ്രമങ്ങളും നിറഞ്ഞ താഴ്‌വരയിലെ തണ്ണീർത്തടങ്ങൾ, ഇക്കോ-ടൂറിസ്റ്റുകൾക്കും പക്ഷിസ്നേഹികൾക്കും ഒരുപോലെ ശാന്തമായ ഒരിടം നൽകുന്നു.
Content Highlights: Discover why Bhutan has the world`s most expensive tourist visa. Learn about the Sustainable Development Fee (SDF) and its impact on tourism.