ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് 27-ന് തുടങ്ങും; ബേസില്‍ ജോസഫ് മുഖ്യാതിഥി

ബേപ്പൂര്‍/കോഴിക്കോട്: കരയിലും കടലിലും ആകാശത്തും വിസ്മയവും കൗതുകക്കാഴ്ചകളും വാരിവിതറാനൊരുങ്ങുന്ന ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാംപതിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ബേപ്പൂര്‍ പുലിമുട്ടിനോടുചേര്‍ന്ന വേദിയില്‍ 27-ന് വൈകീട്ടാണ് ഉദ്ഘാടനം. ചടങ്ങില്‍ ചലച്ചിത്രനടനും സംവിധായകനുമായ ബേസില്‍ ജോസഫ് മുഖ്യാതിഥിയാകും.
ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ നയിക്കുന്ന ലൈവ് മ്യൂസിക് ഷോയും ഉദ്ഘാടനദിനം അരങ്ങേറുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ്‍ നാലിനുമുന്നോടിയായി ബേപ്പൂര്‍ ഫെസ്റ്റ് സംഘാടകസമിതി ഓഫീസില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
എം.കെ. രാഘവന്‍ എം.പി., മേയര്‍ ബീനാ ഫിലിപ്പ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. വേദിയിലുയര്‍ത്താനുള്ള പതാക കോഴിക്കോട് ബീച്ചില്‍നിന്ന് സൈക്ലിങ്ങിലൂടെ ബേപ്പൂര്‍ ബീച്ചിലെത്തിക്കും.
27 മുതല്‍ 29 വരെ ബേപ്പൂര്‍, നല്ലൂര്‍, ചാലിയം ബീച്ച് എന്നീവേദികളില്‍ പ്രശസ്തകലാകാരര്‍ അണിനിരക്കുന്ന സംഗീതവിരുന്ന്, മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവയും അരങ്ങേറും. ഫറോക്കിലെ നല്ലൂരില്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
29-ന് സമാപനസമ്മേളനം ഫിഷറീസ് സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്യും. വിവിധ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ബേപ്പൂര്‍ ബീച്ച്, ചാലിയം ബീച്ച്, നല്ലൂര്‍ മിനി സ്റ്റേഡിയം എന്നീവേദികളില്‍ മൂന്നുദിവസങ്ങളിലായി സാംസ്‌കാരികപരിപാടികള്‍ അരങ്ങേറും.
ഭക്ഷ്യമേള ഡിസംബര്‍ 25 മുതല്‍ 31 വരെ നടക്കും. ഭക്ഷ്യമേളയുടെ ഉദ്ഘാടനം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും.
ഡ്രോണ്‍ ലൈറ്റ് ഷോ 28-നും 29-നും
വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ഡിസംബര്‍ 28-നും 29-നും ബേപ്പൂര്‍ പുലിമുട്ടിനോടുചേര്‍ന്ന മറീനയുടെ ആകാശത്ത് രാത്രി ഏഴരയോടെ ഡ്രോണ്‍ ലൈറ്റ് ഷോ നടക്കും. ഇതിനുപുറമെ, ചാലിയാര്‍പ്പുഴ കേന്ദ്രീകരിച്ച് സര്‍ഫിങ്, സെയിലിങ്, കനോയിങ്, ഇന്റര്‍നാഷണല്‍ കൈറ്റ് ഫെസ്റ്റ്, പാരാമോട്ടോറിങ്, ഫ്‌ളൈ ബോര്‍ഡ്, കയാക്കിങ്, സ്റ്റാന്റ് അപ്പ് പാഡിങ് റേസ് ഡിങ്കി ബോട്ട് റേസ്, വലവീശല്‍, ഫ്‌ളൈ ബോര്‍ഡ് ഡെമോണ്‍സ്‌ട്രേഷന്‍, ട്രഷര്‍ ഹണ്ട്, കണ്‍ട്രി ബോട്ട് റേസ്, ചൂണ്ടയിടല്‍, നേവി-കോസ്റ്റ്ഗാര്‍ഡ് ഷിപ്പ് വിസിറ്റ്, നേവി ബാന്‍ഡ്, നേവി സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഡെമോണ്‍സ്ട്രേഷന്‍ തുടങ്ങി ഒട്ടേറെ ജല-സാഹസിക പരിപാടികള്‍ സംഘടിപ്പിക്കും.
Content Highlights: Beypore international water festival in Kozhikode