ഉദ്വേഗംനിറച്ച് എയർഷോ,ഓളങ്ങളിൽ കയാക്കിങ്; ജനകീയമായി ജലോത്സവം

ബേപ്പൂർ: കടലും പുഴയും തുറമുഖവും ഒന്നിച്ച സാഹസികതയുടെയും വിനോദത്തിന്റെയും ആവേശഭൂമികയായിമാറി ബേപ്പൂർ അന്താരാഷ്ട്ര ജലോത്സവം. വ്യോമസേനയുടെ ഉദ്വേഗംനിറച്ച എയർ ഷോയും പാരാമോട്ടറിങ്ങും കൈറ്റ് ഫെസ്റ്റിവലും ഡ്രോൺ ഷോയും ആകാശത്ത് വിസ്മയം തീർത്തപ്പോൾ ഡിങ്കി ബോട്ട് റേസും സെയിലിങ്ങും കയാക്കിങ്ങും ഫ്ലൈ ബോർഡ് ഡെമോയുമടങ്ങിയ കടലിലെ മത്സരാവേശം കരയിൽ കരഘോഷമായി. തുറമുഖത്ത് നങ്കൂരമിട്ട ഇന്ത്യൻ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലിലെ കാഴ്ചകൾ കാണാൻ നൂറുകണക്കിനാളുകളാണെത്തിയത്.
ആകാശങ്ങൾ സ്വന്തമാക്കി വർണപ്പട്ടങ്ങൾ
ഉയർന്നുയർന്ന് വിരിഞ്ഞുനിന്നതോടെ ബേപ്പൂർ മറീനയുടെ ആകാശം പലവർണപ്പട്ടങ്ങൾ കീഴടക്കി. 10 സംസ്ഥാനങ്ങളിൽനിന്നായി 50 കൈറ്റ് ഫ്ളൈയേർസ് പട്ടംപറത്തലിന്റെ ഭാഗമായി. മേഖലയിൽ താത്പര്യമുള്ളവർക്ക് ചാലിയം ബീച്ചിൽ പരിശീലനം നൽകുമെന്ന് പട്ടംപറത്തലിന് നേതൃത്വംനൽകുന്ന വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ പറഞ്ഞു.
ഓളങ്ങളിൽ കയാക്കിങ്
ഓളങ്ങളിൽ ബേപ്പൂർ ബ്രേക്ക്വാട്ടറിൽ നടന്ന സിറ്റ് ഓൺ ടോപ് കയാക്കിങ് മത്സരം സാഹസികതയുടേതായി. മെൻ സിംഗിൾ, വിമെൻ സിംഗിൾ എന്നിങ്ങനെ രണ്ടുവിഭാഗങ്ങളായി നടന്ന മത്സരത്തിൽ കേരളത്തിനകത്തും പുറത്തുംനിന്നുള്ള 72-ഓളം പേർ മത്സരിച്ചു. പ്രാദേശികമായുള്ളവർക്കുകൂടി അവസരം നൽകിക്കൊണ്ടായിരുന്നു മത്സരം. 300 മീറ്റർ ട്രാക്കിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആൺവിഭാഗത്തിൽ ആൽഫി ടോംബിയും പെൺവിഭാഗത്തിൽ കെ.ആർ. ശില്പയും ഒന്നാമതെത്തി.
ഉദ്വേഗംനിറച്ച് എയർഷോ
കാണികളിൽ ആവേശത്തിരയുയർത്തി വ്യോമസേനയുടെ എയർഷോ. വ്യോമസേനയുടെ കോയമ്പത്തൂർ സുലൂരിലെ 43 വിങ്ങിൽനിന്നുള്ള ദി ഗ്രേറ്റ് സാരങ്സ് എന്നുവിളിപ്പേരുള്ള നാല് ഹെലികോപ്റ്ററുകളാണ് ശനിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബേപ്പൂരിന്റെ ആകാശത്ത് സാഹസികപ്പറക്കൽ നടത്തിയത്. കളക്ടർ സ്നേഹിൽകുമാർ സിങ് കുടുംബസമേതം എയർഷോ കാണാനെത്തിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ സാഹസികത്തികവും പ്രൗഢിയും പ്രതിഫലിപ്പിക്കുന്നവയുമായിരുന്നു എയർഷോ. കഴിഞ്ഞദിവസങ്ങളിൽ നടന്ന പരിശീലന പ്രദർശനം കാണാനും അനേകംപേരെത്തിയിരുന്നു.
കൗതുകമായി പാരാമോട്ടറിങ്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവലിലെത്തിയവർക്ക് കൗതുകക്കാഴ്ചയായി പാരാമോട്ടറിങ്. ചാലിയം ബീച്ചിൽനിന്ന് പറന്നുയർന്ന ഗ്ലൈഡറുകൾ ബേപ്പൂർ മറീന ബീച്ചിലൂടെ ആകാശത്ത് അദ്ഭുതക്കാഴ്ചയായി. അഭ്യാസപ്രകടനങ്ങൾ നാലുമണിക്കൂർ നീണ്ടുനിന്നു. പാരഗ്ലൈഡിങ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് പാരാമോട്ടർ ഗ്ലൈഡർമാരാണ് ആകാശത്ത് സുന്ദരക്കാഴ്ചകൾ തീർത്തത്.
ആവേശംനിറച്ച് വലയെറിയൽ മത്സരം
ചെറുതോണികളിലെത്തി കാണികളിൽ ആവേശത്തിന്റെ വലയെറിഞ്ഞ് തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ. വൈകീട്ട് നടന്ന വാശിയേറിയ വലയെറിയൽ മത്സരത്തിൽ വലയിൽ 880 ഗ്രാം മത്സ്യവുമായെത്തിയ മുഹമ്മദ് കോയ, ടി. ഹംസ എന്നിവർ വിജയികളായി. ബ്രേക്ക് വാട്ടറിൽ നടന്ന മത്സരത്തിൽ പതിനാറുടീമാണ് പങ്കെടുത്തത്. രണ്ടുപേരടങ്ങുന്ന ടീം നിശ്ചിത ചുറ്റളവിൽനിന്ന് നിശ്ചിത സമയത്തിനുള്ളിൽ മത്സ്യവുമായി വരുന്നതാണ് മത്സരം.
വേഗക്കരുത്തിൽ ഡിങ്കി ബോട്ട് റെയ്‌സ്
ആദ്യദിനത്തിൽ ആവേശംനിറച്ച് ഡിങ്കി ബോട്ട് റെയ്‌സ്. മത്സരവേഗത്തിൽ മുന്നേറിയ ഡിങ്കി ബോട്ടുകൾ കരയിലും കടലിലും ഒരുപോലെ ആവേശമുയർത്തി. ബ്രേക്ക്വാട്ടറിൽ നടന്ന മത്സരത്തിൽ പ്രാദേശിക മത്സ്യത്തൊഴിലാളികളാണ് പങ്കെടുത്തത്. 22 പ്രാദേശിക ടീമുകൾ പങ്കെടുത്ത മത്സരം രണ്ടുപേരടങ്ങുന്ന ടീമായി ആറുറൗണ്ടിലായാണ് നടത്തിയത്. അവസാന റൗണ്ടിൽ 10 പേരടങ്ങുന്ന അഞ്ചുബോട്ട് ഫൈനലിൽ പ്രവേശിച്ചു. യുവജനങ്ങളും മുതിർന്നവരുമുൾപ്പെടെ മത്സരത്തിന്റെ ഭാഗമായിരുന്നു. സിദ്ദിഖ്, അബ്ദുൾ ഗഫൂർ എന്നിവരുടെ ടീം വിജയികളായി ഒന്നാമതെത്തി.
Content Highlights: Beypore International Water Festival