ഗോവയിലെ പുതിയ റിസോർട്ട് വെളിപ്പെടുത്തി ശിൽപ ഷെട്ടി, കാണാം ‘ബാസ്റ്റ്യൻ റിവിയേര’

ഗോവയിൽ ‘ബാസ്റ്റ്യൻ റിവിയേര’ റിസോർട്ട് ആരംഭിച്ച് ശിൽപ ഷെട്ടിയുടെ സഹ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ്. മോർജിം ബീച്ചിന് സമീപം സ്ഥിതിചെയ്യുന്ന 1.5 ഏക്കർ വിസ്തൃതിയുള്ള പുതിയ പ്രോപ്പർട്ടിയാണിത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ബ്രാൻഡ്, ഒറ്റപ്പെട്ട റെസ്റ്റോറന്റുകളിൽനിന്ന് വിശാലമായ ലൈഫ്‌സ്റ്റൈൽ, ഹോസ്പിറ്റാലിറ്റി രംഗത്തേക്ക് മാറുന്നതിന്റെ സൂചനയാണ് ഈ പ്രോജക്ട് നൽകുന്നത്.റിസോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ ശിൽപ ഷെട്ടി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഈ പുതിയ തുടക്കത്തിലൂടെ, ഗോവയുടെ വളരുന്ന ലക്ഷ്വറി-വിനോദ വിപണിയിൽ ബാസ്റ്റ്യൻ ഹോസ്പിറ്റാലിറ്റി സ്ഥാനം ഉറപ്പിച്ചേക്കാം. ബാസ്റ്റ്യൻ റിവിയേര ഗോവയുമായുള്ള ദീർഘകാല വ്യക്തിബന്ധത്തിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്നാണ് സ്ഥാപകനും സിഇഒയുമായ രഞ്ജിത് ബ്രിൻഡ പറയുന്നത്. അടുത്ത ഘട്ടത്തിൽ വെൽനസ്, സ്പാ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ജലസ്രോതസ്സുകളുടെ സമീപമായി പ്രകൃതി ഭംഗിയോടെ വ്യാപിച്ചു കിടക്കുന്ന ഈ പ്രോപ്പർട്ടി, സാധാരണ തീരദേശ രൂപകൽപനയേക്കാൾ അന്താരാഷ്ട്ര ശൈലിക്ക് ഊന്നൽ നൽകുന്നു. ഈജിപ്ത്, മൈക്കോനോസ്, ദുബായ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രചോദനം ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിരമിഡ് രൂപത്തിലുള്ള ഒരു ഘടന വാസ്തുവിദ്യയുടെ പ്രധാന ഭാഗമായി നിലകൊള്ളുന്നു.
പ്രീമിയം സീഫുഡ്, പ്രാദേശിക ഗോവൻ സ്വാധീനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ഭക്ഷണങ്ങളൊരുക്കാനും ലക്ഷ്യമിടുന്നുണ്ട്. സാംസ്കാരിക പരിപാടികളും ഒരു പ്രധാന ഘടകമായിരിക്കും. ലോകോത്തര കലാകാരന്മാർ ഡിസംബർ മാസത്തിൽ ഇവിടെ പരിപാടികൾ അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് കമ്പനി ഒരു പത്രക്കുറിപ്പിൽ അറിയിച്ചു.
Content Highlights: Experience Goa like never before at Bastian Riviera. Discover global-inspired luxury, Egyptian & Mykonos touches, and stories unfolding by the river.