ടൂറിസം പരിധിവിട്ടു; ബാലിയില്‍ പുതിയ ഹോട്ടലുകളും റിസോര്‍ട്ടുകളും വേണ്ടെന്ന് സര്‍ക്കാര്‍

ബാലി ദ്വീപില്‍ പുതിയ ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി ഇന്‍ഡൊനീഷ്യ. ദ്വീപിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ദ്വീപിലെ ചില ഭാഗങ്ങളില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, നൈറ്റ് ക്ലബ്ബുകള്‍, വില്ലകള്‍ എന്നിവ പുതുതായി നിര്‍മ്മിക്കുന്നതിനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.
ബാലിയിലെ സ്വാഭാവിക പരിസ്ഥിതിയും സംസ്‌കാരവും നിലനിര്‍ത്താനും ഗുണമേന്മയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിരോധനമെന്നാണ് ഔദ്യോഗിക ഭാഷ്യം. ചുരുങ്ങിയത് പത്ത് വര്‍ഷത്തേക്ക് ഈ നിരോധനം തുടരാനാണ് നീക്കം. നിലിവില്‍ ഈ ബില്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
അമിതമായ സഞ്ചാരി പ്രവാഹം മൂലമുണ്ടായ പ്രതിസന്ധികള്‍ ബാലി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇന്‍ഡൊനീഷ്യയിലെത്തുന്ന ആകെ വിദേശികളില്‍ 65 ശതമാനവും ബാലിയിലേക്കാണ് വരുന്നത്. കോവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതിനു പിന്നാലെയാണ് ബാലിയിലേക്ക് ഇത്തരത്തിലുള്ള സഞ്ചാരി പ്രവാഹമുണ്ടായത്. ഇത് ബാലിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനും പരിസ്ഥിതി നാശത്തിനും കാരണമായി. സര്‍ക്കാര്‍ പലവിധത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും പ്രദേശവാസികളുടെ ജീവിതത്തെയും ടൂറിസം ബാധിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ശന നടപടികളിലേക്ക് കടന്നിരിക്കുന്നത്.
ബാലിയിലെ ഹോട്ടലുകളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ നിരവധി ബീച്ച് ക്ലബ്ബുകളും ഡിസ്‌കോ ബാറുകളും പുതുതായി ആരംഭിച്ചു. ഇതെല്ലാം സവിശേഷമായ ബാലിയുടെ ഭൂപ്രകൃതിയെ തകര്‍ക്കുമെന്ന ആശങ്കയും വ്യാപകമായിരുന്നു. ഒപ്പം ബാലിയിലെ സംരക്ഷിത പ്രദേശങ്ങളിലും വിശുദ്ധ സ്ഥലങ്ങളിലും വിനോദസഞ്ചാരികള്‍ അപമര്യാദയോടെ പെരുമാറുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. ഇതെല്ലാമാണ് ശക്തമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ബാലി- ഇന്‍ഡൊനീഷ്യയിലെ ഒറ്റത്തുരുത്ത്
ഇന്‍ഡൊനീഷ്യയിലെ ഒരു പ്രവിശ്യാ ദ്വീപാണ് ബാലി. കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി. ജനസംഖ്യ 42 ലക്ഷത്തിലേറെ. മുസ്ലിം ഭൂരിപക്ഷരാജ്യമായ ഇന്‍ഡൊനീഷ്യയില്‍ ഹിന്ദുക്കള്‍ മഹാഭൂരിപക്ഷമായ ഒറ്റത്തുരുത്തെന്ന കൗതുകമുണ്ട് ബാലിക്ക്. പൈതൃകത്തെ മുറുകെപ്പുണരുന്ന ശൈലി തന്നെയാണ് ബാലിയിലെ ഈ വ്യത്യസ്തതയ്ക്ക് പിന്നില്‍. ഇന്ത്യയില്‍നിന്ന് കടല്‍മാര്‍ഗം എത്തിയ സന്ന്യാസിമാരാണ് ബാലിയില്‍ ഹിന്ദുമതത്തിന്റെ പ്രചാരകരെന്ന് കരുതുന്നു. പിന്നീട് വന്ന തലമുറകള്‍ പൈതൃകവും വിശ്വാസവും വിടാതെ പിന്തുടര്‍ന്നു. ഒറ്റപ്പെട്ടു നില്‍ക്കുന്ന ഭൂപ്രകൃതിയായതിനാല്‍ ഇന്‍ഡൊനീഷ്യയിലെ പൊതുരീതിയില്‍ നിന്നും പാടെ വ്യത്യസ്തമായ ശൈലിയാണ് ഈ ഭൂമിക സ്വീകരിച്ചത്.
പരമ്പരാഗതമായി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ബാലിക്കാര്‍. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപാതിയോടെ അത് വിനോദസഞ്ചാരത്തിന് വഴിമാറി. ഇപ്പോള്‍ ബാലിയിലെ സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ല് വിനോദസഞ്ചാരമാണ്, വരുമാനത്തിന്റെ 80 ശതമാനത്തോളം ഈ മേഖലയില്‍നിന്ന് ലഭിക്കുന്നു. ഇന്‍ഡൊനീഷ്യന്‍ ജി.ഡി.പി.ക്കും ബാലിയുടെ ഈ കുതിച്ചുചാട്ടം വലിയ കൈത്താങ്ങാകുന്നു. പ്രത്യേകിച്ച് വിദേശനാണ്യവരുമാനത്തില്‍. ബാലി വിനോദസഞ്ചാരമേഖലയ്ക്ക് നല്‍കുന്ന പ്രാധാന്യത്തെ നമ്മള്‍ കേരളീയര്‍ കണ്ടു പഠിക്കേണ്ടതാണ്. ലഭ്യമായ എല്ലാ മേഖലകളും അവര്‍ സഞ്ചാരപ്രിയര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. ബാലിയുടെ വ്യത്യസ്ത സംസ്‌കാരവും ആചാരരീതികളും അടുത്തറിയാന്‍ അവസരമൊരുക്കുന്നു. എല്ലാ വിഭാഗത്തിലുമുള്ള വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളുമൊരുക്കുന്നു. എല്ലാതരക്കാര്‍ക്കും താങ്ങാവുന്ന നിരക്കുകളുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്.
Content Highlights: Bali proposes temporary ban on new hotels amid overtourism concerns