സുന്ദരമായിരിക്കുന്നു, കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍; എന്‍ ഊരിനെ പുകഴ്ത്തി ആനന്ദ് മഹീന്ദ്ര

ആനന്ദ് മഹീന്ദ്ര, എന്‍ ഊര്
ആനന്ദ് മഹീന്ദ്ര, എന്‍ ഊര്

കല്പറ്റ: കേരളത്തിന്റെ ഗോത്രപാരമ്പര്യത്തെ പരിചയപ്പെടുത്തുന്ന എന്‍ ഊര് ഗോത്രപൈതൃകഗ്രാമത്തെ പുകഴ്ത്തി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. സുന്ദരമായിരിക്കുന്നു, ഇതൊരുക്കിയ കേരള ടൂറിസം വകുപ്പിന് അഭിനന്ദനങ്ങള്‍.

പ്രാക്തനമായ ഈ ഗ്രാമീണവാസ്തുവിദ്യ അതിശയിപ്പിക്കുന്നു. ലാളിത്യമാര്‍ന്നതിന് നമ്മെ അതിശയിപ്പിക്കാനാകുമെന്ന് ഇതൊരിക്കല്‍കൂടി തെളിയിക്കുന്നു എന്ന കുറിപ്പോടെയാണ് എന്‍ ഊരിന്റെ ലഘു വീഡിയോചിത്രം ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ജൂലായ് 19ന് ട്വീറ്റ് ചെയ്ത വീഡിയോ ഇതിനകം അഞ്ചുലക്ഷംപേര്‍ കണ്ടുകഴിഞ്ഞു.

ഗോത്രജീവിതത്തിന്റെ തനതുകളെ പകര്‍ത്തി പഴയകാല പുല്‍ക്കുടിലുകളും ഗോത്രവിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലയും കരകൗശലവസ്തുക്കള്‍, വനവിഭവങ്ങള്‍, പരമ്പരാഗത കാര്‍ഷികോത്പന്നങ്ങള്‍, ഓപ്പണ്‍തിയേറ്റര്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയും ഇവിടെയുണ്ട്. സഞ്ചാരികളുടെ വലിയതിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

Content Highlights: anand mahindra tweet on en ooru wayanad tourism