അമിത ടൂറിസം, സമുദ്ര മലിനീകരണം; ക്രൂസ് ഷിപ്പുകളെ വിലക്കി ആംസ്റ്റര്‍ഡാം

ലോകത്തിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നായ ആംസ്റ്റര്‍ഡാം ക്രൂസ് ഷിപ്പുകള്‍ നിരോധിക്കുന്നു. സമുദ്രമലിനീകരണം കുറയ്ക്കാനും അമിത ടൂറിസം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് നെതര്‍ലാന്‍ഡ്സ് തലസ്ഥാനഗരിയുടെ ക്രൂസ് ഷിപ്പ് നിരോധനം. ഇതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികളുമായെത്തുന്ന കൂറ്റന്‍ ക്രൂസുകള്ക്ക് ആംസ്റ്റര്‍ഡാം തീരത്ത് നങ്കൂരമിടാന്‍ കഴിയില്ല.
ആസ്റ്റര്‍ഡാം തുറമുഖത്തെ സെന്‍ട്രല്‍ ക്രൂസ് ടെര്‍മിനല്‍ അടച്ചുപൂട്ടാനും തീരുമാനമായി. ഇത് സംബന്ധിച്ച വോട്ടെടുപ്പ് സിറ്റി കൗണ്‍സിലില്‍ പൂര്‍ത്തിയായി. നിരോധനവുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ വൈകാതെ പുറത്തുവിടും.
വലിയരീതിയില്‍ മലിനീകരണം സൃഷ്ടിക്കുന്ന ക്രൂസുകള്‍ ആസ്റ്റര്ഡാമിന്റെ പരിസ്ഥിതി കാഴ്ചപ്പാടുമായി യോജിക്കുന്നതല്ലെന്ന് മുനിസിപ്പാലിറ്റി വക്താവ് പ്രതികരിച്ചു. യൂറോപ്പില്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രൂസ് ഷിപ്പുകള്‍ നങ്കൂരമിടുന്ന തീരങ്ങളിലൊന്നാണ് ആംസ്റ്റര്‍ഡാം. ഒരുവര്‍ഷം ഏഴ് ലക്ഷത്തോളം സഞ്ചാരികളാണ് ഇവിടെ ക്രൂസുകളില്‍ വന്നിറങ്ങുന്നത്. ആംസ്റ്റര്‍ഡാമില്‍ വരുന്നവരില്‍ ഏറിയപങ്കും ആംസ്റ്റര്‍ഡാം സെന്‍ട്രലിലെ വീഥികളില്‍ കറങ്ങി, കനാലുകളിലൂടെ നഗരംചുറ്റി, സാംസെഷാന്‍സില്‍ പോയി വിന്‍ഡ്മില്ലുകളും കണ്ട് മടങ്ങുകയാണ് പതിവ്.
അമിത ടൂറിസം മുലമുള്ള പ്രശ്നങ്ങള്‍ നേരിടുന്ന നഗരം കൂടിയാണ് ആംസ്റ്റര്‍ഡാം. ഇതേ തുടര്‍ന്ന് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ആംസ്റ്റര്‍ഡാമിലെ പ്രശസ്തമായ റെഡ്ലൈറ്റ് ഡിസ്ട്രിക്ടില്‍ സര്‍ക്കാര്‍ പല നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ലഹരിക്കും ലൈംഗികതയ്ക്കും പ്രശസ്തമായ തെരുവുകള്‍ തേടി ഓരോ മാസവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആംസ്റ്റര്‍ഡാമിലെത്തുന്നത്.
Content Highlights: Amsterdam to ban cruise ships in efforts to regulate tourism and combat pollution